ബുമ്രയും ഷാമിയും ഇല്ലാതെവന്നപ്പോൾ, അവൻ സൂപ്പറായി മാറി. ഇന്ത്യൻ യുവ പേസറെ പ്രശംസിച്ച് സഹീർ.

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ മുൻനിര പേസർമാർ ഇല്ലാതെയാണ് ഇന്ത്യ അണിനിരന്നത്. നായകൻ രോഹിത് ശർമ ഇതേ സംബന്ധിച്ച് പരമ്പരക്ക് മുൻപുതന്നെ സംസാരിച്ചിരുന്നു. പക്ഷേ അതിന്റെ യാതൊരുവിധ കുറവുകളും ഇല്ലാതെയാണ് ഇന്ത്യൻ പേസർമാർ മത്സരത്തിൽ പ്രകടനം നടത്തിയത്. ഇതിൽ പ്രധാനമായും എടുത്തു പറയേണ്ടത് മുഹമ്മദ് സിറാജിന്റെ ബോളിംഗ് പ്രകടനമാണ്.

ബുമ്ര, ഷാമി എന്നീ മുൻനിര ബോളർമാരുടെ അഭാവത്തിലും പേസ് ആക്രമണത്തിന് നേതൃത്വം നൽകാൻ മുഹമ്മദ് സിറാജിന് സാധിച്ചിരുന്നു. പരമ്പരയിൽ ഏറ്റവുമധികം വിക്കറ്റുകൾ സ്വന്തമാക്കിയ ബോളർമാരുടെ പട്ടികയിൽ മൂന്നാം സ്ഥാനക്കാരനാണ് മുഹമ്മദ് സിറാജ്. സിറാജിന്റെ ഈ അത്യുഗ്രൻ പ്രകടനത്തെ വാഴ്ത്തിക്കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ പേസർ സഹീർ ഖാൻ.

ടെസ്റ്റ് പരമ്പരയിൽ 4 ഇന്നിങ്സുകളിൽ നിന്നായി 49 ഓവറുകളാണ് സിറാജ് ബോൾ ചെയ്തത്. ഇതിൽ നിന്ന് 2.51 എക്കണോമി റൈറ്റിൽ വിൻഡീസിന്റെ 7 വിക്കറ്റുകൾ സിറാജ് സ്വന്തമാക്കുകയും ചെയ്തു. രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിലാണ് സിറാജ് ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത്.

364633

ഇന്നിംഗ്സിൽ 5 വിക്കറ്റുകളാണ് സിറാജ് നേടിയത്. കപിൽ ദേവിന് ശേഷം പോർട്ട് ഓഫ് സ്പെയിനിൽ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന രണ്ടാം ഇന്ത്യന്‍ ബോളറായി സിറാജ് മാറുകയുണ്ടായി. ഇതിനൊക്കെയും ശേഷമാണ് സിറാജിനെ പ്രശംസിച്ചുകൊണ്ട് സഹീർ സംസാരിച്ചിരിക്കുന്നത്.

“സിറാജ് കുറച്ചധികം കാലമായി ഇന്ത്യൻ ടീമിനൊപ്പമുണ്ട്. എന്നാൽ പലപ്പോഴും ഒരു മൂന്നാം സീമറായിയാണ് സിറാജ് കളിച്ചിരുന്നത്. ബൂമ്രയും ഷാമിയുമായിരുന്നു ഇന്ത്യയുടെ പേസ് ആക്രമണത്തിന്, മുൻപ് നേതൃത്വം വഹിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഇവർക്കിടയിൽ സിറാജ് പ്രതിരോധാത്മകമായ റോളിലാണ് കളിച്ചിരുന്നത്.

പക്ഷേ നിലവിൽ ബൂമ്രയും ഷാമിയും ടീമിലില്ലാത്ത സാഹചര്യത്തിൽ സിറാജ് പേസ് ബോളിംഗ് നേതൃത്വസ്ഥാനത്തേക്ക് ഉയർന്നു വന്നിട്ടുണ്ട്. ഇന്ത്യൻ പേസ് നിരയെ നയിക്കാൻ തനിക്ക് ലഭിച്ച അവസരം സിറാജ് ഇരുകൈകളും നീട്ടി സ്വീകരിച്ചിട്ടുണ്ട്. ഇത്തരത്തിൽ സിറാജ് ഒരു വളരെ മികച്ച ബോളറായി മാറിക്കൊണ്ടിരിക്കുകയാണ്.”- സഹീർ പറയുന്നു.

“എതിരാളികളുടെ വിക്കറ്റുകൾ സ്വന്തമാക്കുന്ന കാര്യത്തിൽ സിറാജിന് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല. സ്റ്റമ്പിൽ കൃത്യമായി ലക്ഷ്യം വയ്ക്കുമ്പോൾ അയാൾ ഓൺ സൈഡിൽ കൂടുതൽ ഫീൽഡർമാരെ നിർത്തുന്നു. രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിവസം ബോൾ വലംകയ്യൻ ബാറ്റർമാരിൽ നിന്ന് അകന്നു പോകുന്ന സാഹചര്യമുണ്ടായി. ആ സമയത്ത് സിറാജ് കൃത്യമായി തന്റെ പ്ലാൻ മാറ്റുകയും ചെയ്തു.

നാലാം ദിവസവും പിച്ചിന്റെ സാഹചര്യങ്ങൾ അനുസരിച്ച് സിറാജ് പന്തറിഞ്ഞു. അതുകൊണ്ടാണ് അദ്ദേഹത്തിന് ഇത്ര മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചത്.”- സഹീർ ഖാൻ കൂട്ടിച്ചേർത്തു.

Previous articleഇന്ത്യന്‍ വിജയം മഴ കവര്‍ന്നു. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ പോയിന്‍റ് നഷ്ടം.
Next articleഈ രണ്ടു കാര്യങ്ങൾ ശ്രദ്ധിച്ചാൽ, സഞ്ജുവിന് ലോകകപ്പ് ടീമിൽ കളിക്കാം . കർശന നിർദ്ദേശങ്ങളുമായി വസീം ജാഫർ.