രണ്ടാം ടെസ്റ്റ് മത്സരത്തിലെ വിവാദപരമായ സംഭവങ്ങൾക്ക് ശേഷം വീണ്ടും ആരാധക ശ്രദ്ധ പിടിച്ചുപറ്റി മുഹമ്മദ് സിറാജ്. ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിൽ സിറാജിന്റെ ചില പ്രവർത്തികളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബോളിംഗ് തെരഞ്ഞെടുത്തിരുന്നു. ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയ മികച്ച പ്രകടനമാണ് ഇതുവരെ കാഴ്ച വെച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇന്ത്യയ്ക്ക് വേണ്ടരീതിയിൽ വിക്കറ്റുകൾ സ്വന്തമാക്കാൻ സാധിച്ചിരുന്നില്ല. ഈ സമയത്ത് സിറാജിന്റെ ഒരു “ബെയ്ൽ തന്ത്ര”മാണ് സംസാര വിഷയമായിരിക്കുന്നത്.
ഓസ്ട്രേലിയൻ ബാറ്റർ ലബുഷൈൻ ക്രീസിലുണ്ടായിരുന്ന സമയത്ത് മുഹമ്മദ് സിറാജ് താരത്തിന്റെ അടുത്തു വരികയുണ്ടായി. ഓസ്ട്രേലിയൻ ഇന്നിങ്സിലെ 33ആം ഓവറിലാണ് സംഭവം. ലബുഷൈനെ താണ്ടി സിറാജ് സ്റ്റാമ്പിന് അടുത്തേക്ക് എത്തി. ശേഷം 2 സ്റ്റമ്പ് ബെയ്ലുകളും മാറ്റി മാറ്റി വയ്ക്കുകയാണ് ഉണ്ടായത്. എന്നാൽ ഇത് ശുഭമല്ല എന്ന് മനസ്സിലാക്കിയ ലബുഷൈൻ സിറാജ് മടങ്ങിയ ഉടൻതന്നെ ബെയ്ൽ വീണ്ടും മാറ്റിവെച്ചു. ഇത് ഗ്യാലറിയിൽ ഉണ്ടായിരുന്ന ആരാധകരുടെയും ശ്രദ്ധ പിടിച്ചുപറ്റി. എന്നാൽ ഇതിന് ശേഷം അടുത്ത ഓവറിൽ ലബുഷൈന് തന്റെ വിക്കറ്റ് നഷ്ടപ്പെടുകയാണ് ഉണ്ടായത്. ഇതോടെയാണ് സിറാജിന്റെ തന്ത്രം വലിയ ശ്രദ്ധയാകർഷിച്ചത്.
How good is this exchange between Siraj and Labuschange? #AUSvIND pic.twitter.com/GSv1XSrMHn
— cricket.com.au (@cricketcomau) December 15, 2024
നിതീഷ് റെഡ്ഡി ആയിരുന്നു മത്സരത്തിലെ അടുത്ത ഓവർ എറിഞ്ഞത്. ലബുഷൈൻ എല്ലാ തരത്തിലും സിറാജിലേക്ക് മാത്രമായിരുന്നു ശ്രദ്ധിച്ചത്. എന്നാൽ നിതീഷ് റെഡ്ഡി എറിഞ്ഞ പന്തിൽ ലബുഷൈന്റെ നിയന്ത്രണം വിടുകയായിരുന്ന. താരം ഒരു ചിലവേറിയ കവർ ഡ്രൈവിന് ശ്രമിക്കുകയും ബാറ്റിന്റെ എഡ്ജിൽ കൊണ്ട പന്ത് രണ്ടാം സ്ലിപ്പിൽ നിന്ന കോഹ്ലിയുടെ കൈകളിലേക്ക് എത്തുകയും ചെയ്തു. ഇങ്ങനെ ലബുഷൈന് തന്റെ വിക്കറ്റ് നഷ്ടമായി. സിറാജിന്റെ ബെയ്ൽ തന്ത്രം പ്രാവർത്തികമായി എന്നാണ് സാമൂഹ്യ മാധ്യമങ്ങളിൽ ആരാധകർ കുറിച്ചിരിക്കുന്നത്.
ബ്രിസ്ബെയ്ൻ ടെസ്റ്റിന്റെ ആദ്യ ദിവസം മഴ രസം കൊല്ലിയായി എത്തിയിരുന്നു. ശേഷം രണ്ടാം ദിവസത്തെ ആദ്യ സെഷനിൽ തരക്കേടില്ലാത്ത പ്രകടനമാണ് ഇന്ത്യ കാഴ്ചവെച്ചത്. ഓസ്ട്രേലിയയുടെ ഓപ്പണർമാരായ മക്സീനിയെയും ഉസ്മാൻ ഖവാജയെയും പുറത്താക്കി ബുമ്ര തന്നെയാണ് ഇന്ത്യക്കായി ആദ്യ വിക്കറ്റുകൾ സമ്മാനിച്ചത്. ശേഷമാണ് നിതീഷ് റെഡ്ഡി ലബുഷൈനെ പുറത്താക്കി കാര്യങ്ങൾ ഇന്ത്യയ്ക്ക് കൂടുതൽ അനുകൂലമാക്കി മാറ്റിയത്. എന്നിരുന്നാലും ഇനിയും മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചാൽ മാത്രമേ ഇന്ത്യയ്ക്ക് മത്സരത്തിൽ തിരിച്ചുവരവ് നടത്താൻ സാധിക്കൂ.