ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിവസം തീയായി മുഹമ്മദ് സിറാജ്. മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്കയുടെ 5 വിക്കറ്റ്കളാണ് മുഹമ്മദ് സിറാജ് സ്വന്തമാക്കിയിരിക്കുന്നത്. ആദ്യ ബോൾ മുതൽ കൃത്യമായ ലൈനിലും ലെങ്തിലും എറിയാൻ മുഹമ്മദ് സിറാജിന് സാധിച്ചിരുന്നു.
ഒപ്പം ബൂമ്രയും ഒരു വശത്ത് പിടിമുറുക്കിയതോടെ ദക്ഷിണാഫ്രിക്കയുടെ ഓരോ വിക്കറ്റുകളായി മത്സരത്തിൽ നഷ്ടപ്പെടുകയായിരുന്നു. സിറാജിന്റെ ഈ മികച്ച പ്രകടനത്തോടെ മത്സരത്തിൽ ദക്ഷിണാഫ്രിക്ക പൂർണ്ണമായും തകർന്നു വീണിട്ടുണ്ട്. എന്തായാലും 2024ൽ വളരെ മികച്ച തുടക്കമാണ് സിറാജിന് ലഭിച്ചിരിക്കുന്നത്.
മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് കാര്യങ്ങൾ പൂർണമായും പ്രയാസകരമായി മാറുകയായിരുന്നു. ഓപ്പണർ മാക്രത്തെയാണ് തുടക്കത്തിൽ സിറാജ് സ്വന്തമാക്കിയത്. മാക്രത്തെ കൃത്യമായി സ്ലിപ്പിൽ നിന്ന ജയസ്വാളിന്റെ കൈകളിൽ എത്തിക്കാൻ സിറാജിന് സാധിച്ചു.
കേവലം 2 റൺസ് മാത്രമായിരുന്നു മാക്രം മത്സരത്തിൽ നേടിയത്. പിന്നാലെ അപകടകാരിയായ എൽഗറെയും സിറാജ് കൂടാരം കയറ്റി. മത്സരത്തിലെ ദക്ഷിണാഫ്രിക്കയുടെ നായകനായ എൽഗറിനെ സിറാജ് ബോൾഡ് ആക്കുകയാണ് ഉണ്ടായത്. ആദ്യ ടെസ്റ്റിലെ ഹീറോയായ എല്‍ഗര്‍ വെറും 4 റൺസ് മാത്രമാണ് രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ നേടിയത്.
പിന്നാലെ അപകടകാരിയായ ഡി സോഴ്സിയെയും മടക്കാൻ സിറാജിന് സാധിച്ചു. ഇതോടെ ദക്ഷിണാഫ്രിക്ക മത്സരത്തിൽ ഏറെക്കുറെ തകരുകയായിരുന്നു. ശേഷം ഡേവിഡ് ബെഡിങ്കം ദക്ഷിണാഫ്രിക്കക്കായി ക്രീസിൽ പൊരുതാൻ ശ്രമിച്ചു. എന്നാൽ വീണ്ടും സിറാജ് ദക്ഷിണാഫ്രിക്കയുടെ വില്ലനായി മാറി.
ബെഡിങ്കമിനെ ജയസ്വാളിന്റെ കൈകളിൽ എത്തിച്ചാണ് സിറാജ് മടക്കിയത്. തൊട്ടു പിന്നാലെ മാർക്കോ യാൻസനെ കൂടി പുറത്താക്കിയതോടെ സിറാജ് മത്സരത്തിൽ 5 വിക്കറ്റ് സ്വന്തമാക്കി. ഇത് ആദ്യമായല്ല സിറാജ് ഒരു മത്സരത്തിന്റെ ആദ്യ സെഷനിൽ തന്നെ ഇത്ര മികച്ച പ്രകടനം പുറത്തെടുക്കുന്നത്.
8 ഓവറുകളിൽ കേവലം 9 റൺസ് മാത്രം വിട്ടു നൽകിയിരുന്നു സിറാജ് തന്റെ 5 വിക്കറ്റ് നേട്ടം പൂർത്തീകരിച്ചത്. ഇന്ത്യക്ക് വലിയ രീതിയിലുള്ള മേൽക്കോയ്മയാണ് മത്സരത്തിൽ സിറാജിന്റെ പ്രകടനത്തിലൂടെ ലഭിച്ചിട്ടുള്ളത്. ആദ്യ ടെസ്റ്റിൽ ഇന്ത്യ പൂർണമായും പരാജയപ്പെട്ടത് ബോളിങ്ങിൽ ആയിരുന്നു. ഒരുപാട് വിമർശനങ്ങൾ കേട്ടശേഷമാണ് ഇന്ത്യൻ ബോളർമാർ രണ്ടാം ടെസ്റ്റിലേക്ക് എത്തിയത്. എന്നാൽ രണ്ടാമത്തെ ടെസ്റ്റിൽ മികച്ച പ്രകടനം തന്നെയാണ് ഇന്ത്യയുടെ ബോളർമാർ കാഴ്ചവയ്ക്കുന്നത്.