മാസ്സ് തിരിച്ചുവരവ്. ആഫ്രിക്കയെ ഭിത്തിയിലൊട്ടിച്ച് ഇന്ത്യ. 55 റൺസിന് ഓൾഔട്ട്‌.

GC6LWgUXoAAOGpd scaled

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിൽ അവിശ്വസനീയ ബോളിംഗ് പ്രകടനം കാഴ്ചവച്ച് ഇന്ത്യ. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ കേവലം 55 റൺസിന് പുറത്താക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. മുഹമ്മദ് സിറാജിന്റെ തകർപ്പൻ ബോളിംഗ് പ്രകടനമായിരുന്നു മത്സരത്തിൽ ഇന്ത്യയ്ക്ക് ആധിപത്യം നൽകിയത്.

മത്സരത്തിൽ 6 വിക്കറ്റുകൾ സ്വന്തമാക്കാൻ സിറാജിന് സാധിച്ചു. ഇതോടെ ദക്ഷിണാഫ്രിക്ക പൂർണമായും തകരുന്നതാണ് കാണാൻ സാധിച്ചത്. ബാറ്റിംഗിന് പ്രതികൂലമായ മൈതാനത്ത് ദക്ഷിണാഫ്രിക്കയുടെ എല്ലാ ബാറ്റർമാരും പരാജയമായി മാറി. ഇന്ത്യ സാഹചര്യങ്ങൾ പൂർണമായും മുതലാക്കുകയായിരുന്നു.

ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കം മുതൽ പിഴച്ചു. ഓപ്പണർ മാക്രത്തിന്റെ വിക്കറ്റാണ് ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കത്തിൽ നഷ്ടമായത്. തൊട്ടുപിന്നാലെ നായകൻ എൽഗറും സിറാജിന്റെ പന്തിൽ കൂടാരം കയറി. ഇതോടെ ദക്ഷിണാഫ്രിക്ക അപകടം മണത്തു. തൊട്ടു പിന്നാലെ അപകടകാരിയായ ഡി സോഴ്സിയെയും പുറത്താക്കാൻ സിറാജിന് സാധിച്ചു. പിന്നാലെ ബൂമ്രയും വിക്കറ്റ് കോളം ചലിപ്പിച്ചപ്പോൾ ഇന്ത്യ മുൻപിലേക്ക് വരികയായിരുന്നു. തങ്ങൾക്ക് ലഭിച്ച അവസരം ഏറ്റവും മികച്ച രീതിയിൽ വിനിയോഗിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. ബോളർമാർ തുടർച്ചയായി ലൈനും ലെങ്ത്തും പാലിച്ചപ്പോൾ ദക്ഷിണാഫ്രിക്ക റൺസ് കണ്ടെത്താനും ബുദ്ധിമുട്ടി.

See also  ബാംഗ്ലൂരിനെതിരായ 5 വിക്കറ്റ് നേട്ടത്തിന്റെ രഹസ്യം വെളിപ്പെടുത്തി ബുമ്ര. യുവതാരങ്ങൾക്കും ഉപദേശം.

ദക്ഷിണാഫ്രിക്കയുടെ മധ്യനിര ബാറ്റർമാരാണ് അല്പമെങ്കിലും പിടിച്ചുനിൽക്കാൻ ശ്രമിച്ചത്. എന്നാൽ അവരെയും കൃത്യമായ സമയത്ത് പുറത്താക്കി സിറാജ് വിപ്ലവം തീർക്കുകയായിരുന്നു. തുടർച്ചയായി ഓവറുകൾ എറിഞ്ഞ് ദക്ഷിണാഫ്രിക്കയെ പൂർണമായും സമ്മർദ്ദത്തിലാക്കാൻ സിറാജിന് സാധിച്ചു.

ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിരയിൽ കേവലം 2 പേർ മാത്രമാണ് രണ്ടക്കം കണ്ടത്. സിറാജിന് പുറമേ ബൂമ്ര, മുകേഷ് കുമാർ എന്നിവരും ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുത്തു. ഇതോടെ ദക്ഷിണാഫ്രിക്ക കേവലം 55 റൺസിന് ഇന്നിംഗ്സിൽ പുറത്താവുകയായിരുന്നു.

മത്സരത്തിൽ സിറാജിന്റെ ഒരു ഉഗ്രൻ പ്രകടനം തന്നെയാണ് കാണാൻ സാധിച്ചത്. 9 ഓവറുകൾ പന്തറിഞ്ഞ സിറാജ് 15 റൺസ് മാത്രം വിട്ട് നൽകിയാണ് 6 വിക്കറ്റുകൾ സ്വന്തമാക്കിയത്. ബുമ്രയും മുകേഷ് കുമാറും മത്സരത്തിൽ 2 വിക്കറ്റുകൾ സ്വന്തമാക്കി. ഇന്ത്യയെ സംബന്ധിച്ച് വളരെ വലിയ ആശ്വാസമാണ് മത്സരത്തിലെ ബോളിങ് പ്രകടനം നൽകുന്നത്.

ആദ്യ മത്സരത്തിൽ ബോളിങ്ങിലായിരുന്നു ഇന്ത്യ പൂർണമായും പരാജയപ്പെട്ടത്. രണ്ടാം മത്സരത്തിൽ ഇതിനുള്ള കണക്കു തീർത്തിരിക്കുകയാണ് ഇന്ത്യ. മാത്രമല്ല 2024ൽ മികച്ച ഒരു തുടക്കമാണ് ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്നത്. മത്സരത്തിൽ ബാറ്റിംഗിൽ മികവ് പുലർത്തിയാൽ ഇന്ത്യയ്ക്ക് വിജയം സ്വന്തമാക്കാൻ സാധിക്കും.

Scroll to Top