നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും മികച്ച ബാറ്റിംഗ് പ്രകടനങ്ങൾ കാഴ്ചവെക്കുന്ന ക്രിക്കറ്റർമാരിൽ ഒരാളാണ് ഗുജറാത്ത് താരം ശുഭമാൻ ഗിൽ. ഹർദിക് പാണ്ഡ്യ നായകനായ ഗുജറാത്തിനായി ഇത്തവണയും വെടിക്കെട്ട് പ്രകടനങ്ങൾ തന്നെയാണ് ഗിൽ പുറത്തെടുക്കുന്നത്. ഗുജറാത്തിന്റെ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ കഴിഞ്ഞ മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ച്വറി ഗിൽ നേടിയിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യക്കായി മൂന്നു ഫോർമാറ്റിലും സെഞ്ചുറി നേടിയിട്ടുള്ള ഗില്ലിന്റെ ആദ്യ ഐപിഎൽ സെഞ്ച്വറിയാണ് മത്സരത്തിൽ പിറന്നത്. ഇതിനുശേഷം തന്റെ ക്രിക്കറ്റിലെ റോൾ മോഡൽ ആരാണ് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഗിൽ ഇപ്പോൾ.
ഇന്ത്യൻ ബാറ്റർ വിരാട് കോഹ്ലിയാണ് തന്റെ ജീവിതത്തിൽ ഏറ്റവുമധികം സ്വാധീനിച്ചിട്ടുള്ള വ്യക്തി എന്ന് ഗിൽ പറയുന്നു. ക്രിക്കറ്റിലേക്ക് പ്രവേശിച്ചത് മുതൽ വിരാട് കോഹ്ലിയാണ് തന്റെ റോൾ മോഡൽ എന്നും ഗിൽ പറയുകയുണ്ടായി. “12-13 വയസ് മുതൽ ഞാൻ വിരാട്ടിനെ പിന്തുടരുന്ന ആളാണ്. ക്രിക്കറ്റ് എന്താണ് എന്ന് മനസ്സിലാക്കിയത് മുതൽ ഞാൻ വിരാട് കോഹ്ലിയെ റോൾ മോഡലായി കാണുന്നു. അതിനാൽതന്നെ ഒരുപാട് കാര്യങ്ങൾ അദ്ദേഹത്തിൽ നിന്ന് പഠിച്ചെടുക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മൈതാനത്തെ ബാറ്റിംഗും കളിയോടുള്ള ഭ്രമവുമൊക്കെ എനിക്ക് ഒരുപാട് പ്രചോദനം നൽകിയിട്ടുണ്ട്.”- ഗിൽ പറഞ്ഞു.
അന്താരാഷ്ട്ര ക്രിക്കറ്റിൽ കഴിഞ്ഞ മത്സരങ്ങളിൽ മികച്ച പ്രകടനം തന്നെയാണ് ഗിൽ കാഴ്ചവെച്ചിട്ടുള്ളത്. ഗിൽ 50 ഓവർ ലോകകപ്പിനുള്ള ഇന്ത്യയുടെ ഏകദിന ടീമിൽ സ്ഥാനം കണ്ടെത്തും എന്നത് ഉറപ്പാണ്. അന്താരാഷ്ട്ര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങളുടെ അവസാനമാണ് ഗിൽ ഇപ്പോൾ 2023 ഇന്ത്യൻ പ്രീമിയർ ലീഗിലും നിറഞ്ഞാടുന്നത്. ഇതുവരെ 13 മത്സരങ്ങളാണ് ഐപിഎല്ലിൽ ഗിൽ കളിച്ചിട്ടുള്ളത്. 48 റൺസ് ശരാശരിയിൽ 576 റൺസ് ഈ സീസണിൽ ഗിൽ സ്വന്തമാക്കിയിട്ടുണ്ട്.
ഗില്ലിന്റെ മികച്ച ഇന്നിംഗ്സുകളുടെ ബലത്തിൽ പോയിന്റസ് ടെബിളിൽ ഒന്നാം സ്ഥാനത്ത് തന്നെയാണ് ഗുജറാത്ത് നിൽക്കുന്നത്. നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പ്ലേയോഫിൽ സ്ഥാനം ഉറപ്പിച്ച ഏക ടീം ഗുജറാത്ത് ടൈറ്റൻസ് മാത്രമാണ്. ഇതുവരെ 13 മത്സരങ്ങൾ 2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിച്ച ഗുജറാത്ത് ടൈറ്റൻസ് 9 വിജയങ്ങളുമായി 18 പോയിന്റ്സ് കയ്യടക്കിയിട്ടുണ്ട്. പ്ലേയോഫിൽ മറ്റു ടീമുകളെ പ്രതീക്ഷിച്ച് കാത്തു നിൽക്കുകയാണ് ഗുജറാത്ത് ഇപ്പോൾ. അതിനാൽ തന്നെ വരും മത്സരങ്ങളിലും തകർപ്പൻ പ്രകടനങ്ങൾ ഗിൽ കാഴ്ചവയ്ക്കും എന്നാണ് പ്രതീക്ഷ.