2023 ഏകദിന ലോകകപ്പിലെ ഏറ്റവും വലിയ ക്ലാഷാണ് ഞായറാഴ്ച നടക്കാനിരിക്കുന്നത്. നിർണായക മത്സരത്തിൽ ഇന്ത്യ ന്യൂസിലാൻഡിനെതിരെയാണ് ഞായറാഴ്ച മൈതാനത്തിറങ്ങുന്നത്. ഐസിസി ടൂർണമെന്റുകളിൽ എന്നും ഇന്ത്യൻ ടീമിന്റെ പേടിസ്വപ്നമാണ് ന്യൂസിലാൻഡ്. ഇന്ത്യക്കെതിരെ ഐസിസി ടൂർണമെന്റ്കളിൽ വമ്പൻ റെക്കോർഡാണ് ന്യൂസിലാൻഡിനുള്ളത്. ഇത്തവണത്തെ ലോകകപ്പിലും ഇരുടീമുകളും മികച്ച പ്രകടനങ്ങളാണ് പുറത്തെടുത്തിട്ടുള്ളത്.
തങ്ങൾ കളിച്ച ആദ്യ 4 മത്സരങ്ങളിൽ നാലെണ്ണത്തിലും വിജയം നേടാൻ ഇന്ത്യയ്ക്കും ന്യൂസിലാൻഡിനും സാധിച്ചിട്ടുണ്ട്. അതിനാൽ തുടർച്ചയായി അഞ്ചാം വിജയം ലക്ഷ്യമിട്ടാണ് ഇരു ടീമുകളും ഇറങ്ങുന്നത്. ഈ സാഹചര്യത്തിൽ ന്യൂസിലാൻഡിനെ പരാജയപ്പെടുത്താൻ ഇന്ത്യയ്ക്ക് സാധിക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ.
ഇന്ത്യയുടെ തന്നെ താരമായി ശുഭ്മാൻ ഗില്ലിന്റെ ചോദ്യത്തിനായിരുന്നു രോഹിത് ശർമ മറുപടി നൽകിയത്. ബിസിസിഐ തന്നെയാണ് ഇരുവരും തമ്മിലുള്ള അഭിമുഖത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. വളരെ വേഗതയിൽ തന്നെ ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിട്ടുണ്ട്. 2003ലെ ഏകദിന ലോകകപ്പിന് ശേഷം ന്യൂസിലാൻഡിനെതിരെ ഐസിസിയുടെ ഒരു ടൂർണമെന്റിൽ പോലും വിജയിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നില്ല. 2019 ലെ അത്യന്തം ആവേശകരമായ ലോകകപ്പിൽ ന്യൂസിലാൻഡിനെതിരെ ആയിരുന്നു ഇന്ത്യ പരാജയപ്പെട്ട് പുറത്തായത്. അതിനാൽ ഇത്തവണയും ഇന്ത്യയും ന്യൂസിലാന്റും കൊമ്പ് കോർക്കുമ്പോൾ ആവേശം ധാരാളമാണ്.
ചോദ്യങ്ങൾക്കുള്ള രോഹിത് ശർമയുടെ മറുപടി ഇങ്ങനെയായിരുന്നു. “2003ലെ ഏകദിന ലോകകപ്പിന് ശേഷം ഐസിസി ഇവന്റുകളിൽ നമ്മൾ ന്യൂസിലാൻഡിനെ തോൽപ്പിച്ചിട്ടില്ല എന്നത് വളരെ ശരിയാണ്. എന്നാൽ ഈ ലോകകപ്പിൽ മികച്ച ക്രിക്കറ്റ് തന്നെയാണ് നമ്മൾ കളിച്ചിട്ടുള്ളത്. അതിനാൽ ഒരു ടീമായി തന്നെ നമുക്ക് മികവു കാട്ടാൻ സാധിക്കും എന്നാണ് ഞാൻ കരുതുന്നത്.”- രോഹിത് ശർമ പറഞ്ഞു. ഇത്തവണ ഇന്ത്യ ന്യൂസിലാൻഡിനെതിരെ വിജയിക്കുമെന്ന് ഉറപ്പുണ്ടോ എന്നായിരുന്നു ഗില്ലിന്റെ അടുത്ത ചോദ്യം. ഇതിന് രോഹിത് ശർമ നൽകിയ മറുപടിയും വളരെ വ്യത്യസ്തമായിരുന്നു.
“അത്തരത്തിലുള്ള ക്രിക്കറ്റല്ല നമ്മൾ ഇപ്പോൾ കളിക്കുന്നത്. 99% വും വിജയിക്കും എന്ന കാര്യം ഉറപ്പു പറയാൻ സാധിക്കില്ല. മൈതാനത്തെത്തി ഒരു ടീമിനെ നമ്മൾ ഇതുവരെ എങ്ങനെ നേരിട്ടോ അങ്ങനെ തന്നെയാണ് ഇനിയും നേരിടാൻ ശ്രമിക്കുന്നത്. അതിനപ്പുറം ഒരുപാട് മുൻപിലേക്ക് ചിന്തിക്കാൻ നമുക്ക് സാധിക്കില്ല. മുൻപ് ന്യൂസിലാൻഡിനെതിരെ മൈതാനത്ത് ഇറങ്ങിയപ്പോഴൊക്കെയും പ്രതീക്ഷിച്ച രീതിയിൽ നമുക്ക് ഫലം ഉണ്ടാക്കാൻ സാധിച്ചിട്ടില്ല എന്നത് വാസ്തവമാണ്. പക്ഷേ ഇപ്പോൾ അതു നോക്കേണ്ട കാര്യമില്ല.”- രോഹിത് ശർമ വ്യക്തമാക്കുന്നു.