ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒരു ത്രില്ലിംഗ് മത്സരം തന്നെയായിരുന്നു ഗുജറാത്ത് ടൈറ്റൻസും പഞ്ചാബ് കിങ്സും ഏറ്റുമുട്ടിയപ്പോൾ നടന്നത്. മത്സരത്തിൽ പഞ്ചാബ് ഉയർത്തിയ വിജയലക്ഷ്യം ഒരു പന്ത് ശേഷിക്കെ ഗുജറാത്ത് മറികടക്കുകയായിരുന്നു. ശുഭ്മാൻ ഗില്ലിന്റെ തകർപ്പൻ അർദ്ധ സെഞ്ച്വറിയാണ് മത്സരത്തിൽ ഗുജറാത്തിന്റെ നട്ടെല്ലായി മാറിയത്. എന്നാൽ ഇന്നിംഗ്സിൽ ശുഭ്മാൻ ഗില്ലിന്റെ സ്ട്രൈക്ക് റേറ്റ് വളരെ കുറവായിരുന്നു. ഇതിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തുവന്നിരിക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സേവാഗ്.
ഗില്‍ വ്യക്തിഗത നേട്ടങ്ങൾ ഒഴിച്ചു നിർത്തി തന്റെ ടീമിനായി കൂടുതൽ കളിക്കാൻ തയ്യാറാവണമെന്നാണ് സേവാഗ് പറയുന്നത്. മത്സരത്തിൽ 40 പന്തുകളിലായിരുന്നു തന്റെ അർധ സെഞ്ച്വറി പൂർത്തിയാക്കിയത്. ശേഷം അടുത്ത 9 പന്തുകളിൽ 27 റൺസ് നേടാൻ ഗില്ലിന് സാധിച്ചു. എന്നിരുന്നാലും തുടക്കത്തിൽ തന്നെ മികച്ച സ്ട്രൈക്ക് റേറ്റ് ഗിൽ കീപ്പ് ചെയ്യേണ്ടതായിരുന്നു എന്നാണ് സേവാഗ് പറയുന്നത്. അങ്ങനെയാണെങ്കിൽ മത്സരം അവസാന ഓവറിലേക്ക് എത്തില്ലായിരുന്നുവെന്നും ഗുജറാത്തിന്റെ വിജയം കുറച്ചുകൂടി ആധികാരികമായി മാറിയേനെ എന്നും സേവാഗ് പറഞ്ഞു.
“എന്തായാലും ഞങ്ങൾ ജയിക്കും, അപ്പോൾ ഞാൻ അർധസെഞ്ച്വറിക്കായി കളിക്കാം എന്ന സമീപനം ശരിയല്ല. ഇത് ക്രിക്കറ്റാണ്. ഇത്തരത്തിൽ നിങ്ങളുടെ സ്വന്തം പ്രകടനത്തിൽ കൂടുതൽ ശ്രദ്ധിക്കുമ്പോൾ ക്രിക്കറ്റിൽ നിന്ന് നിങ്ങൾക്ക് പ്രശ്നങ്ങൾ ഉണ്ടാകും. മത്സരത്തിൽ 50 റൺസ് നേടിയ ആർജ്ജവം ഇന്നിംഗ്സിന്റെ തുടക്കം മുതൽ കാണിച്ചിരുന്നെങ്കിൽ ഇത്രമാത്രം സമ്മർദ്ദ സാഹചര്യങ്ങൾ ഉണ്ടാകുമായിരുന്നില്ല. തന്റെ വ്യക്തി നേട്ടങ്ങളെക്കാൾ ടീമിന് പ്രാധാന്യം നൽകണം. “- വിരേന്ദർ സേവാഗ് പറയുന്നു.
2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച തുടക്കം തന്നെയാണ് ഗില്ലിന് ലഭിച്ചിട്ടുള്ളത്. ടൂർണമെന്റിൽ ഇതിനോടകം തന്നെ രണ്ട് അർത്ഥസെഞ്ച്വറികൾ ഗിൽ നേടുകയുണ്ടായി. 2022 ഐപിഎല്ലിലും ഇത്തരത്തിൽ മികച്ച പ്രകടനങ്ങൾ ഗിൽ നടത്തിയിരുന്നു. ഈ സീസണിലും ഗുജറാത്തിന്റെ നട്ടെല്ലായി ഗിൽ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും പല മത്സരങ്ങളിലും ഗില്ലിന്റെ മെല്ലെപ്പോക്ക് ഗുജറാത്തിന് തിരിച്ചടിയാകാറുണ്ട്.