2023 ഇന്ത്യൻ പ്രീമിയർ ലീഗിലുടനീളം മികവാർന്ന പ്രകടനം പുറത്തെടുത്ത ക്രിക്കറ്ററാണ് ശുഭമാൻ ഗിൽ. സീസണിലെ ഓറഞ്ച് ക്യാപ്പടക്കമുള്ള ഒരുപാട് പുരസ്കാരങ്ങൾ ഗില്ലിന് ലഭിക്കുകയും ചെയ്തു. ഇതിനൊപ്പം വിരാട് കോഹ്ലിയുടെ ഒരു തകർപ്പൻ റെക്കോർഡ് ഗിൽ 2023 ഐപിഎൽ ഫൈനലിൽ മറികടക്കുകയുണ്ടായി. ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ നടന്ന ഫൈനലിൽ 20 പന്തുകളിൽ 39 റൺസാണ് ഗിൽ നേടിയത്. ഇന്നിങ്സിൽ 7 ബൗണ്ടറികളായിരുന്നു ഉൾപ്പെട്ടത്. ഈ ബൗണ്ടറി നേട്ടത്തിലൂടെയാണ് ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ വലിയ റെക്കോർഡാണ് ഗിൽ പേരിൽ ചേർത്തിരിക്കുന്നത്.
ടൂർണമെന്റിന്റെ ചരിത്രത്തിൽ സ്പിന്നർമാർക്കെതിരെ ഒരു സീസണിൽ ഏറ്റവുമധികം റൺസ് നേടിയ താരമായി ഗിൽ മാറിയിട്ടുണ്ട്. ഇന്ത്യയുടെ സൂപ്പർ ബാറ്ററും റോയൽ ചലഞ്ചേഴ്സ് താരവുമായി വിരാട് കോഹ്ലിയുടെ റെക്കോർഡ് മറികടന്നാണ് ഗില്‍ ഈ സുവർണ്ണനേട്ടം സ്വന്തമാക്കിയത്. 2016ലെ ഐപിഎൽ സീസണിൽ സ്പിൻ ബോളർമാർക്കെതിരെ 364 റൺസ് ആയിരുന്നു വിരാട് കോഹ്ലി നേടിയത്. ഈ റെക്കോർഡാണ് ഗിൽ ഇപ്പോൾ മറികടന്നിരിക്കുന്നത്.
ഈ സീസണിൽ സ്പിന്നർമാർക്കെതിരെ ഗിൽ നേടിയിട്ടുള്ളത് 378 റൺസാണ്. ഒരു സീസണിൽ സ്പിന്നർമാർക്കെതിരെ ഇത്രയധികം റൺസും നേടിയിട്ടുള്ള മറ്റൊരു ബാറ്ററില്ല. ഈ ലിസ്റ്റിൽ 3 മുതൽ 5 സ്ഥാനങ്ങളിൽ വരെ വരുന്നത് ഡേവിഡ് വാർണറാണ്. ഓസ്ട്രേലിയൻ താരം വാർണർ 2019ൽ സ്പിന്നർമാർക്കെതിരെ 344 റൺസും, 2017ൽ സ്പിന്നർമാർക്കെതിരെ 332 റൺസും, 2016ൽ സ്പിന്നർമാർക്കെതിരെ 318 റൺസും നേടുകയുണ്ടായി. ഈ ലിസ്റ്റിൽ ഒന്നാമനായിയെത്താൻ സാധിച്ചെങ്കിലും വിരാട് കോഹ്ലിയുടെ ഒരു വലിയ റെക്കോർഡ് മറികടക്കാൻ ഗില്ലിന് സാധിച്ചില്ല. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഒരു സീസണിൽ ഏറ്റവുമധികം റൺസ് നേടുന്ന താരം എന്ന റെക്കോർഡ് ഗില്ലിന് എത്തിപ്പിടിക്കാനായില്ല.
2016ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ 973 റൺസായിരുന്നു കോഹ്ലി നേടികൂട്ടിയത്. ഇത് മറികടക്കാൻ പരമാവധി ഗിൽ ഈ സീസണിൽ പ്രയത്നിച്ചിട്ടുണ്ട്. ഈ സീസൺ അവസാനിക്കുമ്പോൾ 890 റൺസാണ് ഗിൽ നേടിയത്. മാത്രമല്ല ഓറഞ്ച് ക്യാപ്പും ഗിൽ സ്വന്തമാക്കുകയുണ്ടായി. എന്നിരുന്നാലും ഫൈനലിൽ തന്റെ ടീമിനെ മികച്ച ഒരു പ്രകടനത്തിലൂടെ വിജയത്തിലെത്തിക്കുന്നതിൽ ഗിൽ പരാജയപ്പെടുകയാണ് ഉണ്ടായത്. 2016ൽ വിരാട് കോഹ്ലിയും തന്റെ ടീമിന് കിരീടം നേടിക്കൊടുക്കുന്നതിൽ പരാജയപ്പെട്ടിരുന്നു. അതിനാൽ തന്നെ ഇരുവരുടെയും പ്രകടനങ്ങൾ തമ്മിൽ ഒരുപാട് ബന്ധമുണ്ട്.