ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് മത്സരത്തിൽ ഒരു അത്ഭുത ക്യാച്ച് സ്വന്തമാക്കി യുവതാരം ശുഭമാൻ ഗിൽ. മത്സരത്തിൽ ഇംഗ്ലണ്ട് താരം ഡക്കറ്റിനെ പുറത്താക്കാനാണ് ഒരു അപാര ക്യാച്ച് ഗിൽ സ്വന്തമാക്കിയത്. പിന്നിലേക്ക് ഓടി ഡൈവ് ചെയ്ത് ഗിൽ ഈ ക്യാച്ച് സ്വന്തമാക്കിയതോടെ ഡക്കറ്റ് കൂടാരം കയറുകയുണ്ടായി.
മത്സരത്തിൽ ഇതോടെ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് ലഭിക്കുകയും ചെയ്തു. ഗില്ലിന്റെ ഈ അപാര ക്യാച്ചിൽ ഞെtti നിൽക്കുന്ന രോഹിത് ശർമയെ അടക്കം കാണാൻ കഴിഞ്ഞു. ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമായ സമയത്താണ് ഡക്കറ്റിന്റെ വിക്കറ്റ് ലഭിച്ചിരിക്കുന്നത്.
മത്സരത്തിൽ ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്സിലെ പതിനെട്ടാം ഓവറിലാണ് സംഭവം അരങ്ങേറിയത്. പതിനെട്ടാം ഓവറിലെ അവസാന പന്തിൽ ഒരു ഗൂഗ്ലി എറിയാനാണ് കുൽദീപ് ശ്രമിച്ചത്. കുൽദീപിനെ അടിച്ചകറ്റാൻ ഡക്കറ്റും മുന്നിലേക്ക് വന്നു. എന്നാൽ ബാറ്റിന്റെ എഡ്ജിൽ കൊണ്ട പന്ത് ഒരുപാട് ഉയരുകയുണ്ടായി.
ഈ സമയത്താണ് കവറിന്റെ വലതുവശത്തു നിന്ന് ശുഭമാൻ ഗിൽ പിന്നിലേക്ക് ഓടിയത്. നല്ലൊരു ദൂരം പിന്നിലേക്ക് ഓടിയ ഗിൽ ഒരു വെടിക്കെട്ട് ഡൈവിലൂടെ പന്ത് കൈപിടിയിൽ ഒതുക്കുകയാണ് ചെയ്തത്. ഇതോടെ ഡക്കറ്റ് കൂടാരം കയറുകയുണ്ടായി.
ഇംഗ്ലണ്ടിന്റെ 64 റൺസിന്റെ ആദ്യ വിക്കറ്റ് കൂട്ടുകെട്ടാണ് ഗില്ലിന്റെ ഈ തകർപ്പൻ ക്യാച്ചിലൂടെ അവസാനിച്ചത്. മത്സരത്തിൽ 58 പന്തുകൾ നേരിട്ട ഡക്കറ്റ് 27 റൺസാണ് നേടിയത്. 4 ബൗണ്ടറികൾ ഡക്കറ്റിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. മത്സരത്തിലേക്ക് കടന്നു വന്നാൽ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യ ദിനം ബാറ്റിംഗിന് അനുകൂലമായ പിച്ചിൽ വളരെ സൂക്ഷ്മതയോടെയാണ് ഇംഗ്ലണ്ട് ആരംഭിച്ചത്. പല സമയത്തും ഇന്ത്യൻ ബോളർമാർക്കെതിരെ ആക്രമണം അഴിച്ചുവിടാൻ ഇംഗ്ലണ്ട് ശ്രമിക്കുകയുണ്ടായി. എന്നാൽ ഇതിനിടെ ഇന്ത്യൻ സ്പിന്നർമാരുടെ തിരിച്ചുവരവും മത്സരത്തിൽ കണ്ടു.
മത്സരത്തിൽ പ്രധാനമായും രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയിരിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ അരങ്ങേറ്റം കുറിച്ച് ആകാശ് ദിപിനെ ഇന്ത്യ പുറത്തിരുത്തുകയുണ്ടായി. പകരം സീനിയർ ബോളർ ബൂമ്രയാണ് അഞ്ചാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ ടീമിൽ കളിക്കുന്നത്. മാത്രമല്ല പട്ടിദാറിനെ ഒഴിവാക്കി ദേവദത് പഠിക്കലിന് അരങ്ങേറ്റ മത്സരം നൽകാനും ഇന്ത്യ തയ്യാറായിട്ടുണ്ട്. നിലവിൽ ധർമശാലയിലെ പിച്ച് ബാറ്റിംഗിന് അനുകൂലമാണ്. എന്നിരുന്നാലും ഇംഗ്ലണ്ടിനെ ആദ്യ ദിവസം തന്നെ പുറത്താക്കുക എന്ന ലക്ഷ്യമാണ് ഇന്ത്യയ്ക്ക് മുൻപിലുള്ളത്.