ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റ് നാളെ ഡൽഹിയിൽ ആരംഭിക്കുകയാണ്. ആദ്യ മത്സരത്തിൽ വമ്പൻ വിജയം സ്വന്തമാക്കിയ ഇന്ത്യക്ക് രണ്ടാം മത്സരവും നിർണായകമാണ്. സ്റ്റാർ ബാറ്റർ ശ്രേയസ് അയ്യരുടെ ടീമിലേക്കുള്ള മടങ്ങിവരവാണ് ഇന്ത്യൻ നിരയിലെ പ്രധാന കാര്യം. കഴിഞ്ഞ കുറച്ചധികം നാളുകളായി പരിക്കുമൂലം ടീമിൽ നിന്നും മാറിനിന്ന അയ്യർ തന്റെ ഫിറ്റ്നസ് തെളിയിച്ചിട്ടുണ്ട്. മാത്രമല്ല ശ്രേയസ് അയ്യർ രണ്ടാം ടെസ്റ്റിൽ കളിക്കുമെന്ന സൂചന ഇന്ത്യയുടെ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ് നൽകുകയുണ്ടായി.
ശ്രേയസ് അയ്യര്‍ ടീമിലേക്ക് തിരികെയെത്തിയതിൽ അതിയായ സന്തോഷമുണ്ട് എന്നാണ് ദ്രാവിഡ് പറഞ്ഞത്. ” ശ്രേയസ് പൂർണ്ണമായും ഫിറ്റ്നസോടെ തിരികെയെത്തിയതിൽ സന്തോഷമുണ്ട്. ഇന്നയാൾ പരിശീലനത്തിന് ഇറങ്ങിയിരുന്നു. കുറച്ചധികം സമയം അതിനായി ചിലവഴിച്ചു. നാളെയും ഞങ്ങൾ ശ്രേയസിന്റെ പ്രകടനം നിരീക്ഷിക്കും. എന്നിട്ടാവും ബാക്കി കാര്യങ്ങൾ തീരുമാനിക്കുന്നത്. എന്നാൽ അയാൾ ഫിറ്റും മത്സരത്തിനു തയ്യാറുമാണെങ്കിൽ, അഞ്ചുദിവസത്തെ ടെസ്റ്റ് മത്സരത്തിന്റെ ഭാരം താങ്ങാൻ തയ്യാറാണെങ്കിൽ, കഴിഞ്ഞ പ്രകടനങ്ങൾ കൂടി കണക്കിലെടുത്ത് അയാളെ ടീമിൽ കളിപ്പിക്കും. “- രാഹുൽ പറയുകയുണ്ടായി.
“ശ്രേയസ് സ്പിന്നിനെതിരെ വളരെ മികച്ച രീതിയിൽ തന്നെ കളിക്കുന്ന ക്രിക്കറ്ററാണ്. മാത്രമല്ല അയാൾക്ക് മികച്ച ഒരു ബാറ്റിംഗ് ടെക്നിക്കുമുണ്ട്. ഒരുപാട് സമ്മർദ്ദമേറിയ സാഹചര്യങ്ങളിൽ ശ്രേയസ് മികവാർന്ന രീതിയിൽ കളിച്ചിട്ടുണ്ട്. കാൺപൂരിലെ തന്റെ ആദ്യ ടെസ്റ്റ് മത്സരം മുതൽ കഴിഞ്ഞ വർഷം കളിച്ച അവസാന മത്സരം വരെ അവൻ സമ്മർദ്ദ സാഹചര്യങ്ങൾ നന്നായി കൈകാര്യം ചെയ്തിരുന്നു.”- ദ്രാവിഡ് കൂട്ടിച്ചേർക്കുന്നു.
കഴിഞ്ഞ മാസം നടന്ന ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരക്ക് ശേഷമാണ് ബാക്ക് ഇഞ്ചുറി മൂലം ശ്രേയസ് അയ്യർക്ക് ഇന്ത്യ വിശ്രമം നൽകിയത്. ശേഷം ന്യൂസിലാൻഡിനെതിരായ പരമ്പരയിൽ അയ്യർ കളിച്ചിരുന്നില്ല. അയ്യരുടെ ഈ തിരിച്ചുവരവ് ഇന്ത്യയുടെ ബാറ്റിംഗ് ശക്തി വർധിപ്പിക്കും.