ഇന്ത്യൻ ടീമിനായി വലിയ ത്യാഗം ചെയ്ത് ശ്രേയസ് അയ്യർ. 2023ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ കളിക്കുന്നതിനായി തന്റെ ബാക്ക് സർജറി മാറ്റിവെച്ചിരിക്കുകയാണ് ശ്രേയസ് അയ്യർ ഇപ്പോൾ. ഇങ്ങനെ സർജറി മാറ്റിവയ്ക്കുന്ന സാഹചര്യത്തിൽ അയ്യർക്ക് നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ നിന്നും ഫിറ്റ്നസ് ക്ലിയറൻസ് നേടി ഇന്ത്യൻ ടീമിനായി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഫൈനലിൽ കളിക്കാനാവും. നിലവിൽ ബാംഗ്ലൂരിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ അയ്യർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജൂൺ 7 മുതൽ 11 വരെ ലണ്ടനിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിന് മുൻപ് തന്റെ ഫിറ്റ്നസ് പൂർണമായും തിരികെ നേടാനാണ് ശ്രേയസ് അയ്യരുടെ ശ്രമം.
ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ അഹമ്മദാബാദ് ടെസ്റ്റിനിടെയായിരുന്നു ശ്രേയസ് അയ്യർക്ക് വീണ്ടും പരിക്ക് വില്ലനായി വന്നത്. വലിയൊരു പരിക്കിൽ നിന്ന് തിരികെ ടീമിലെത്തിയ ശ്രേയസിനെ വീണ്ടും ബാക്ക് ഇഞ്ചുറി പിടികൂടുകയായിരുന്നു. ശേഷം അഹമ്മദാബാദ് ടെസ്റ്റിനിടെ തന്നെ ശ്രേയസ് ഇന്ത്യൻ ടീമിന് പുറത്തേക്ക് പോയിരുന്നു. മാത്രമല്ല ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലും കളിക്കാൻ ശ്രേയസ് അയ്യർക്ക് സാധിച്ചില്ല. നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്തയുടെ നായകനായ ശ്രേയസ് 2023ലെ സീസണിൽ ടീമിൽ നിന്നും മാറി നിൽക്കുമെന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ യുവതാരം നിതീഷ് റാണയെ കൊൽക്കത്ത തങ്ങളുടെ സീസണിലെ ഇടക്കാല ക്യാപ്റ്റനായി നിശ്ചയിച്ചിട്ടുണ്ട്.
കഴിഞ്ഞയാഴ്ചയായിരുന്നു നാഷണൽ ക്രിക്കറ്റ് അക്കാദമി സർജറി മാറ്റിവച്ചാൽ ശ്രേയസ് അയ്യർക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ കളിക്കാനാവും എന്ന ഉപദേശം നൽകിയത്. സർജറി ചെയ്താൽ ആറുമാസത്തോളം അയ്യർക്ക് വിശ്രമം എടുക്കേണ്ടി വന്നേക്കും. ഈ സാഹചര്യത്തിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ നിന്നും മാത്രമല്ല, 2023ലെ ഏകദിന ലോകകപ്പിൽ നിന്നും മാറി നിൽക്കേണ്ടി വന്നിരുന്നേനെ. എന്നാൽ സർജറി മാറ്റിവെച്ച സാഹചര്യത്തിൽ ഇങ്ങനെയൊരു പ്രശ്നം ഉദിക്കുന്നില്ല.
“ശ്രേയസ് അയ്യർ എൻസിഎ യിലെ സ്പെഷ്യലിസ്റ്റുകളെയും ഒഫീഷ്യൽസിനെയും കണ്ടിട്ടുണ്ട്. കാര്യങ്ങൾ കൂടുതൽ മനസ്സിലാക്കിയശേഷമാവും അയ്യർ തീരുമാനമെടുക്കുക.”- ശ്രേയസ് അയ്യരുമായി ബന്ധപ്പെട്ട ഒരു വൃത്തം അറിയിച്ചു. എന്തായാലും ഇന്ത്യയെ സംബന്ധിച്ച് വളരെ ആശ്വാസം തന്നെയാണ് ശ്രേയസ് അയ്യരുടെ ഈ തീരുമാനം. എന്നിരുന്നാലും ഇതുമൂലം വലിയൊരു കാലയളവ് ശ്രേയസ് അയ്യർക്ക് നഷ്ടമാകും എന്നതും വസ്തുതയാണ്.