നിലവിൽ ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളാണ് ശ്രേയസ് അയ്യർ. മാത്രമല്ല ഇന്ത്യൻ പ്രീമിയർ ലീഗിലും തന്റേതായ സ്ഥാനം ഉറപ്പിക്കാൻ അയ്യർക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ ഐപിഎൽ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിന്റെ നായകനായിരുന്ന അയ്യർ ടീമിന് കിരീടം നേടിക്കൊടുക്കുകയുണ്ടായി.
ഇത്തവണ റെക്കോർഡ് തുകയ്ക്കാണ് പഞ്ചാബ് കിംഗ്സ് അയ്യരെ തങ്ങളുടെ ടീമിലേക്ക് എത്തിച്ചത്. നിലവിൽ പഞ്ചാബിന്റെ നായകനായാണ് അയ്യർ കളിക്കുന്നത്. എന്നാൽ ഇത്തരമൊരു ഉയർച്ചയ്ക്ക് മുൻപ്, താൻ നേരിട്ട ചില വെല്ലുവിളികളെ പറ്റി അയ്യർ സംസാരിക്കുകയുണ്ടായി. 2008ലെ ആദ്യ ഐപിഎൽ സീസണിൽ ഒരു ബോൾ ബോയ് ആയി താൻ മൈതാനത്ത് ഉണ്ടായിരുന്നു എന്ന് അയ്യർ ഒരു അഭിമുഖത്തിൽ പറഞ്ഞു.
2008ലെ ആദ്യ ഐപിഎൽ സീസണിലെ മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ നടന്ന മത്സരത്തിലാണ് താൻ ബോൾ ബോയായി മൈതാനത്ത് സേവനമനുഷ്ഠിച്ചത് എന്ന് അയ്യർ പറയുകയുണ്ടായി. വളരെ വൈകാരികപരമായാണ് അയ്യർ ഇക്കാര്യം തുറന്നു പറഞ്ഞത്.
“ഞാൻ വളർന്നത് സ്ട്രീറ്റ് ക്രിക്കറ്റ് കളിച്ചായിരുന്നു. അങ്ങനെ മുംബൈയുടെ അണ്ടർ 14 ടീമിൽ ഇടംപിടിക്കാൻ എനിക്ക് സാധിച്ചു. ആ ടീമിൽ കളിക്കുന്ന സമയത്താണ് ഞങ്ങളെ എല്ലാവരെയും ബോൾ ബോയ്സ് ആയി തെരഞ്ഞെടുത്തത്. മുംബൈയും ബാംഗ്ലൂരും തമ്മിൽ നടക്കുന്ന പോരാട്ടത്തിലായിരുന്നു ആദ്യമായി ബോൾ ബോയ് ആയി ഞാൻ എത്തിയത്. അതാണ് എന്റെ ആദ്യ ഐപിഎൽ അനുഭവം.”- അയ്യർ പറഞ്ഞു.
“അന്ന് ഞാൻ ഒരു നാണം കുണുങ്ങിയും അന്തർമുഖനുമായിരുന്നു. പക്ഷേ ഒരു ബോൾ ബോയ് ആയി മൈതാനത്ത് എത്താൻ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ എനിക്ക് വലിയ സന്തോഷവും ഉണ്ടായിരുന്നു. ആ സമയത്ത് എന്റെ കൂടെ ഉണ്ടായിരുന്ന എല്ലാവരും വലിയ താരങ്ങളെ പരിചയപ്പെടാൻ ശ്രമിക്കുമ്പോൾ ഞാൻ മാറി നിൽക്കുകയായിരുന്നു. അക്കാലത്ത് ഞാൻ ഏറ്റവും ഇഷ്ടപ്പെട്ട താരം ന്യൂസിലാൻഡ് ബാറ്റർ റോസ് ടൈലറാണ്. അദ്ദേഹത്തെ അടുത്തു കിട്ടിയപ്പോൾ പരിചയപ്പെടാനുള്ള അവസരം എനിക്ക് ലഭിച്ചു. ഞാൻ താങ്കളുടെ വലിയ ആരാധകനാണ് എന്ന് റോസ് ടൈലറിനോട് ഞാൻ അന്ന് പറഞ്ഞു. അദ്ദേഹം ചിരിച്ചുകൊണ്ട് നന്ദി പറയുകയാണ് ഉണ്ടായത്. എന്റെ കൂടെ ഉണ്ടായിരുന്നവരെല്ലാം താരങ്ങളോട് ബാറ്റും ഗ്ലൗസുമൊക്കെ ചോദിക്കുന്നുണ്ടായിരുന്നു. എനിക്കും അതൊക്കെ വേണമെന്നുണ്ടെങ്കിലും ചോദിക്കാൻ മടിയായിരുന്നു.”- അയ്യർ കൂട്ടിച്ചേർത്തു.
“അന്ന് ബോൾ ബോയായി ഒരു മത്സരത്തിൽ നിൽക്കുന്ന സമയത്ത് ലോങ് ഓണിൽ ഫീൽഡ് ചെയ്തിരുന്ന ഇർഫാൻ പത്താൻ ഞങ്ങൾക്കൊപ്പം ബൗണ്ടറി ലൈനിലേക്ക് എത്തി. മത്സരം നന്നായി ആസ്വദിക്കുന്നുണ്ടോ എന്ന് ഇർഫാൻ ഞങ്ങളോട് ചോദിക്കുകയുണ്ടായി. അക്കാര്യമൊന്നും എനിക്ക് ഇപ്പോഴും മറക്കാൻ സാധിക്കില്ല.”- അഭിമുഖത്തിൽ ശ്രേയസ് പറഞ്ഞു വയ്ക്കുകയുണ്ടായി. 2008ൽ ബോൾ ബോയ് ആയി ആരംഭിച്ച ശ്രേയസ് അയ്യർ 2015ൽ ആദ്യമായി ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ചു.അന്ന് ഡൽഹി ക്യാപിറ്റൽസിന്റെ താരമായിരുന്നു ശ്രേയസ് അയ്യർ. ശേഷം അയ്യരുടെ ക്രിക്കറ്റ് ജീവിതത്തിൽ വലിയ വളർച്ചയാണ് ഉണ്ടായിട്ടുള്ളത്.