സഞ്ജു ഏകദിന ലോകകപ്പിൽ കളിക്കണോ? സ്റ്റാർ സ്പോർട്സ് സർവ്വേയിൽ പ്രകമ്പനം.

ഇന്ത്യയുടെ ഏകദിന ലോകകപ്പിനുള്ള 15 അംഗ സ്‌ക്വാഡ് പ്രഖ്യാപിച്ചത് മുതൽ ഒരുപാട് വിമർശനങ്ങൾ ഉയരുന്നുണ്ട്. സഞ്ജു സാംസനെ ഇന്ത്യ സ്ക്വാഡിൽ ഉൾപ്പെടുത്താത്തതിനെതിരെയാണ് വലിയ രീതിയിലുള്ള വിമർശനങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. ഏകദിന ക്രിക്കറ്റിൽ 55ന് മുകളിൽ ശരാശരിയുള്ള ബാറ്ററാണ് സഞ്ജു സാംസൺ.

എന്നാൽ ഇന്ത്യ സഞ്ജുവിനെ തഴയുകയും, കേവലം 25 റൺസിന് താഴെ മാത്രം ശരാശരിയുള്ള സൂര്യകുമാർ യാദവിനെ പരിഗണിക്കുകയുമാണ് ചെയ്തത്. ഇതിന് ശേഷം ഇന്ത്യ ലോകകപ്പിൽ സഞ്ജുവിനെ ഉൾപ്പെടുത്തേണ്ടത് ആവശ്യമാണ് എന്ന് ചൂണ്ടിക്കാട്ടി മുൻ ക്രിക്കറ്റ് താരങ്ങളടക്കം രംഗത്ത് വരികയുണ്ടായി. ഇതിനിടെ സഞ്ജു സാംസണിനെ ഇന്ത്യ ഏകദിന ലോകകപ്പിനുള്ള സ്ക്വാഡിൽ പരിഗണിക്കണമോ എന്ന് സ്റ്റാർ സ്പോർട്സ് നടത്തിയ സർവ്വേയാണ് ഇപ്പോൾ ചർച്ചാവിഷയം ആയിരിക്കുന്നത്.

സ്റ്റാർ സ്പോർട്സ് നടത്തിയ ഈ പോളിൽ സഞ്ജുവിന് അനുകൂലമായാണ് വലിയൊരു വിഭാഗം ആളുകളും പ്രതികരിച്ചിരിക്കുന്നത്. പോൾ ചെയ്യപ്പെട്ട വോട്ടുകളിൽ 76% സഞ്ജുവിന് അനുകൂലമാണ്. 76% ആളുകളും പറയുന്നത് സഞ്ജു ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ കളിക്കണം എന്നാണ്. 24 ശതമാനം ആളുകൾ മാത്രമാണ് സഞ്ജു ഇന്ത്യൻ ടീമിൽ സ്ഥാനമാർഹിക്കുന്നില്ല എന്ന് കരുതുന്നത്. ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു താരമാണ് സഞ്ജു സാംസണെന്നും, ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തേണ്ടത് ഇന്ത്യയുടെ ആവശ്യമാണെന്നുമാണ് ആരാധകർ ഈ പോളിനോട് പ്രതികരിച്ചിരിക്കുന്നത്.

എന്നാൽ ഇന്ത്യ സഞ്ജുവിനെ ലോകകപ്പ് സ്ക്വാഡിനുള്ള കളിക്കാരനായി ഉൾപ്പെടുത്താൻ പോലും സാധ്യതയില്ല എന്നതാണ് വസ്തുത. സഞ്ജുവിനെ ഇനി ഇന്ത്യ തങ്ങളുടെ സ്ക്വാഡിലേക്ക് പരിഗണിക്കണമെങ്കിൽ കെഎൽ രാഹുലിനോ ഇഷാൻ കിഷനോ പരിക്ക് പറ്റേണ്ടതുണ്ട്. അങ്ങനെ അസ്വാഭാവികമായി എന്തെങ്കിലും സംഭവിച്ചാൽ മാത്രമേ സഞ്ജുവിന് ടീമിൽ ഇടംപിടിക്കാൻ സാധിക്കൂ. കാരണം അത്ര മികച്ച ഫോമിലാണ് രാഹുലും ഇഷാനും ഇപ്പോൾ കളിക്കുന്നത്. എന്നിരുന്നാലും ഏകദിന സ്ക്വാഡിൽ റിസർവ് കളിക്കാരനായി സഞ്ജു എത്താനുള്ള സാധ്യതകളുണ്ട്. എന്നാൽ ടീമിൽ കളിക്കാൻ അവസരം കിട്ടുമോ എന്നതാണ് വലിയ ചോദ്യം.

നിലവിൽ ഇന്ത്യയുടെ നാലാം നമ്പർ ബാറ്ററായ ശ്രേയസ് അയ്യർക്ക് പരിക്കേറ്റിട്ടുണ്ട്. അയ്യർക്ക് പുറംഭാഗത്താണ് പരിക്കേറ്റിരിക്കുന്നത്. അതിനാൽ തന്നെ കുറച്ചുനാൾ അയ്യർക്ക് വിശ്രമം വേണ്ടി വന്നേക്കും. ഇക്കാരണത്താൽ തന്നെ ഏഷ്യാകപ്പിലെ ഇന്ത്യയുടെ പാക്കിസ്ഥാനെതിരായ മത്സരത്തിൽ നിന്ന് അയ്യർ മാറിനിൽക്കുകയാണ്.

നിലവിൽ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പരിശോധിച്ച ശേഷമേ അയ്യരുടെ പരിക്കിനെ സംബന്ധിച്ചുള്ള പൂർണവിവരം പുറത്തുവിടുകയുള്ളൂ. ഇത്തരത്തിൽ അയ്യർ ലോകകപ്പ് സ്ക്വാഡിൽ നിന്ന് പുറത്താവുകയാണെങ്കിൽ സഞ്ജു സാംസൺ ആ സ്ഥാനത്തേക്ക് പ്രവേശിക്കാൻ അവസരമുണ്ട്. എന്തായാലും വരും ദിവസങ്ങളിൽ മാത്രമേ ഇതേ സംബന്ധിച്ചുള്ള കാര്യങ്ങൾ വ്യക്തമാവൂ.