കോഹ്ലി – ജാക്‌സ് ആക്രമണം 🔥 വമ്പൻ വിജയം നേടി ബാംഗ്ലൂർ.. ജാക്സിന് സെഞ്ച്വറി, കോഹ്ലിയ്ക്ക് ഫിഫ്റ്റി..

ഗുജറാത്ത് ടൈറ്റൻസിനെതിരായ ഐപിഎൽ മത്സരത്തിൽ ഉഗ്രൻ വിജയം സ്വന്തമാക്കി ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്. മത്സരത്തിൽ ഗുജറാത്ത് ഉയർത്തിയ 201 എന്ന വിജയലക്ഷ്യം 9 വിക്കറ്റുകൾ ശേഷിക്കെയാണ് ബാംഗ്ലൂർ മറികടന്നത്. 24 പന്തുകൾ ശേഷിക്കവെയായിരുന്നു ബാംഗ്ലൂരിന്റെ ഈ തട്ടുപൊളിപ്പൻ വിജയം.

41 പന്തുകളിൽ സെഞ്ച്വറി സ്വന്തമാക്കിയ വിൽ ജാക്സിന്റെ വമ്പൻ ബാറ്റിംഗ് പ്രകടനമാണ് മത്സരത്തിൽ ബാംഗ്ലൂരിന് രക്ഷയായത്. ഒപ്പം വിരാട് കോഹ്ലി 44 പന്തുകളിൽ 70 റൺസുമായി ബാംഗ്ലൂരിനായി മികച്ച പ്രകടനം പുറത്തെടുത്തു. ബാംഗ്ലൂരിന്റെ ഐപിഎല്ലിലെ മൂന്നാം വിജയമാണ് മത്സരത്തിൽ പിറന്നത്.

അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ബാംഗ്ലൂർ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഗുജറാത്ത് നായകൻ ഗില്ലിന്റെയും(16) വിക്കറ്റ് കീപ്പർ സാഹയുടെയും(5) വിക്കറ്റുകൾ തുടക്കത്തിൽ തന്നെ സ്വന്തമാക്കാൻ ഗുജറാത്തിന്റെ ബോളർമാർക്ക് സാധിച്ചു. എന്നാൽ പിന്നീട് സായി സുദർശനും ഷാരൂഖ് ഖാനും ക്രീസിൽ ഉറയ്ക്കുന്നതാണ് കണ്ടത്.

മൂന്നാം വിക്കറ്റിൽ ഒരു വമ്പൻ കൂട്ടുകെട്ട് ഗുജറാത്തിനായി കെട്ടിപ്പടുക്കാൻ ഇരുവർക്കും സാധിച്ചു. തങ്ങൾക്ക് ലഭിച്ച അവസരങ്ങളിലൊക്കെയും ബൗണ്ടറികൾ കണ്ടെത്തിയാണ് ഇരുവരും മുന്നോട്ടു പോയത്. ഷാരൂഖ് 30 പന്തുകളിൽ 3 ബൗണ്ടറികളും 5 സിക്സറുകളും അടക്കം 58 റൺസാണ് മത്സരത്തിൽ നേടിയത്.

സായി സുദർശൻ 49 പന്തുകളിൽ 8 ബൗണ്ടറികളും 4 സിക്സറുകളും ഉൾപ്പെടെ 84 റൺസ് നേടി പുറത്താവാതെ നിന്നു. ഒപ്പം അവസാന ഓവറുകളിൽ 26 റൺസ് നേടിയ മില്ലർ കൂടി അടിച്ചുതകർത്തത്തോടെ ഗുജറാത്ത് 200 എന്ന വമ്പൻ സ്കോറിൽ എത്തുകയായിരുന്നു. മറുപടി ബാറ്റിംഗ് ആരംഭിച്ച ബാംഗ്ലൂരിന് ഒരു മിന്നൽ തുടക്കം നൽകാൻ നായകൻ ഡുപ്ലസിസിന് സാധിച്ചു.

12 പന്തുകൾ നേരിട്ട നായകൻ 24 റൺസ് ആണ് മത്സരത്തിൽ നേടിയത്. എന്നാൽ ഡുപ്ലസിസ് പുറത്തായ ശേഷമായിരുന്നു യഥാർത്ഥ വെടിക്കെട്ട് ആരംഭിച്ചത്. വിരാട് കോഹ്ലിയും വില്‍ ജാക്സും ചേർന്ന് ഗുജറാത്ത് ബോളർമാരെ നിരന്തരം പഞ്ഞിക്കിടുന്നതാണ് പിന്നീട് മത്സരത്തിൽ കാണാൻ സാധിച്ചത്.

ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 166 റൺസിന്റെ കൂട്ടുകെട്ടാണ് ബാംഗ്ലൂരിനായി കെട്ടിപ്പടുത്തത്. കോഹ്ലി 44 പന്തുകളിൽ 6 ബൗണ്ടറികളും 3 സിക്സറുകളും അടക്കം 70 റൺസ് നേടി പുറത്താവാതെ നിന്നു. മറുവശത്ത് വില്‍ ജാക്സ് പല സമയത്തും അത്ഭുതപ്രകടനം തന്നെ പുറത്തെടുത്തു. ജാക്സ് 94 റൺസിൽ നിൽക്കുമ്പോൾ ബാംഗ്ലൂരിന് വിജയിക്കാൻ ഒരു റൺ മാത്രമായിരുന്നു വേണ്ടിയിരുന്നത്.

ഈ സമയത്ത് സിക്സർ നേടി തന്റെ സെഞ്ച്വറി പൂർത്തീകരിക്കാനും ജാക്സിന് സാധിച്ചു. 41 പന്തുകളില്‍ നിന്നാണ് ജാക്സ് തന്റെ സെഞ്ച്വറി പൂർത്തീകരിച്ചത്. 5 ബൗണ്ടറികളും 10 സിക്സറുകളും ജാക്സിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. എന്തായാലും ബാംഗ്ലൂരിനെ സംബന്ധിച്ച് ഒരു വമ്പൻ വിജയം തന്നെയാണ് മത്സരത്തിൽ ഉണ്ടായിരിക്കുന്നത്.