ആൻഡേഴ്‌സണ് റിവേഴ്‌സ് സ്വീപ് ബൗണ്ടറിയിലൂടെ മറുപടി : റിഷാബ് പന്തിനെ വാനോളം പുകഴ്ത്തി ക്രിക്കറ്റ് ലോകം -വീഡിയോ കാണാം

ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ടാം ദിനം ഇന്ത്യൻ ആധിപത്യം.   ആദ്യ 2 സെഷനുകളിലും ഇംഗ്ലണ്ട് ബൗളിങ്ങിന് മുൻപിൽ കുരുങ്ങിയ ഇന്ത്യൻ ബാറ്റിംഗ് നിരക്ക് കരുത്തേകിയത്  വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷാബ്  പന്തിന്‍റെ  തകർപ്പൻ  സെഞ്ചുറി പ്രകടനമാണ് . 82 പന്തില്‍ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയ പന്ത് അടുത്ത അര്‍ധസെഞ്ചുറിക്ക് എടുത്തത് 32 പന്തുകള്‍ മാത്രമായിരുന്നു. 114 പന്തില്‍ തന്‍റെ കരിയറിലെ മൂന്നാമത്തെയും നാട്ടിലെ ആദ്യത്തെയും ടെസ്റ്റ് സെഞ്ചുറി കുറിച്ച പന്ത് ഇന്ത്യയെ മികച്ച ലീഡിലേക്കുള്ള വഴി കാണിച്ചു .

മുൻപ് ഒന്നിലേറെ തവണ ടെസ്റ്റ് കരിയറിൽ 90  പുറത്തായിട്ടുള്ള താരം ഇത്തവണ ഇംഗ്ലണ്ട് നായകൻ ജോ റൂട്ടിനെ  സിക്സ് പറത്തിയാണ് സെഞ്ച്വറി പൂർത്തിയാക്കിയത് .എന്നാൽ രണ്ടാം ദിനം ഏറെ  ശ്രദ്ധിക്കപെട്ടത് താരത്തിന്റെ മറ്റൊരു ഷോട്ടാണ് .89ല്‍ നില്‍ക്കെ ജെയിംസ് ആന്‍ഡേഴ്സണെ റിവേഴ്സ് സ്വീപ്പ് ചെയ്യാന്‍  റിഷാബ് പന്ത് കാണിച്ച ചങ്കൂറ്റമാണ് ഇപ്പോൾ  ക്രിക്കറ്റ് ആരാധകര്‍ക്കിടയിലെ പ്രധാന ചര്‍ച്ച.

എൺപതാം ഓവറിന് ശേഷം പുതിയ പന്ത് എടുത്ത ഇംഗ്ലണ്ട് നിരക്കായി ബൗൾ ചെയ്യുവാൻ എത്തിയത്  ജിമ്മി ആൻഡേഴ്‌സനാണ് .ടെസ്റ്റ് ക്രിക്കറ്റില്‍ 600ലേറെ വിക്കറ്റുകള്‍  സ്വന്തമാക്കിയിട്ടുള്ള ആന്‍ഡേഴ്സണെ ന്യൂബോളില്‍ റിവേഴ്സ് സ്വീപ്പ് ചെയ്ത് സ്ലിപ്പിന് മുകളിലൂടെ ബൗണ്ടറി അടിച്ചാണ് പന്ത് വരവേറ്റത്. ഒടുവില്‍ സെഞ്ചുറിക്ക് ശേഷം റിഷാബ്  പന്തിനെ വീഴ്ത്തി ആന്‍ഡേഴ്സണ്‍  തന്റെ പ്രതികാരം  തീര്‍ത്തെങ്കിലും പന്തിന്‍റെ റിവേഴ്സ് സ്വീപ്പ് ആരാധകര്‍ക്ക് അത്ര വേഗമൊന്നും മറക്കാനാവില്ല.

വീഡിയോ കാണാം