ടി-20 ക്രിക്കറ്റിൽ ഇന്ത്യക്ക് വേണ്ടി മലയാളി വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജു സാംസൺ കൂടുതൽ മത്സരങ്ങൾ കളിക്കണമെന്ന് ഷോയിബ് അക്തർ. 2015ൽ ഇന്ത്യക്കുവേണ്ടി ടി-20 ക്രിക്കറ്റിൽ സിംബാബ്വേക്കെതിരെയായിരുന്നു സഞ്ജുവിൻ്റെ അരങ്ങേറ്റം. പത്തു മത്സരങ്ങളിൽനിന്ന് 11.7 ശരാശരിയിൽ 117 റൺസ് ആണ് താരം ഇന്ത്യയ്ക്കുവേണ്ടി നേടിയിട്ടുള്ളത്. രാജസ്ഥാൻ റോയൽസിൻ്റെ ക്യാപ്റ്റനായ താരം ഐപിഎല്ലിൽ 123 മത്സരങ്ങളിൽ നിന്നും 135.09 ശരാശരിയിൽ 3153 റൺസ് നേടിയിട്ടുണ്ട്.
ശ്രീലങ്കയ്ക്കെതിരായ ആദ്യ മത്സരത്തിൽ സഞ്ജു ബാറ്റ് ചെയ്യാൻ ഇറങ്ങിയിരുന്നില്ല.
അവസാന രണ്ടു മത്സരങ്ങളിൽ താരം കളിച്ചു.39,18 എന്നിവയായിരുന്നു താരം നേടിയ റൺസ്. പരമ്പരയിൽ 25 ബോളിൽ 39 റൺസെടുത്ത് താരത്തിൻ്റെ വെടിക്കെട്ട് ബാറ്റിംഗ് ഉണ്ടായിരുന്നു. പതിമൂന്നാം ഓവറിൽ ശ്രീലങ്കൻ പേസർ ലാഹിരു കുമാറയെ മൂന്നു സിക്സറുകൾ അടിച്ചാണ് സഞ്ജു ശിക്ഷിച്ചത്.
സഞ്ജു മികച്ച ബാറ്റ്സ്മാൻ ആണെന്നും, സഞ്ജുവിന് മികച്ച കഴിവുണ്ടെന്നും, സഞ്ജു ഇന്ത്യക്ക് വേണ്ടി കൂടുതൽ മത്സരം കളിക്കണം എന്നും, നിർഭാഗ്യവശാൽ ഇന്ത്യൻ ടീമിൽ സ്ഥിരം സ്ഥാനം ലഭിക്കാൻ സഞ്ജുവിന് ആകുന്നില്ല എന്നും അക്തർ അഭിപ്രായപ്പെട്ടു.
രാജസ്ഥാൻ റോയൽസിന് വേണ്ടി ഏറ്റവുമധികം റൺസ് നേടിയവരിൽ രണ്ടാംസ്ഥാനത്താണ് സഞ്ജു. 95 മത്സരങ്ങളിൽ നിന്നും 2583 റൺസ് ആണ് താരം നേടിയിട്ടുള്ളത്.പട്ടികയിൽ ഒന്നാം സ്ഥാനത്ത് അജിങ്ക്യ രഹാനെ ആണ്.3098 റൺസ് ആണ് അദ്ദേഹം നേടിയിട്ടുള്ളത്.