ഇന്ത്യയെ തോല്പിക്കുന്നത് സെലക്ടർമാരുടെ മണ്ടത്തരം. ആ 2 താരങ്ങളെ ടീമിൽ ഉൾപെടുത്തണമായിരുന്നു. ബാസിത് അലി.

ഇന്ത്യയെ സംബന്ധിച്ച് ഞെട്ടിക്കുന്ന പരാജയമാണ് ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ നേരിട്ടത്. പരമ്പരയിലെ ഫേവറേറ്റുകളായി എത്തിയ ഇന്ത്യ 2-0 എന്ന നിലയിൽ കനത്ത പരാജയം ഏറ്റുവാങ്ങുകയായിരുന്നു. ബാറ്റർമാരുടെ വളരെ മോശം പ്രകടനമാണ് പരമ്പരയിൽ ഇന്ത്യയുടെ പരാജയത്തിന് പ്രധാന കാരണമായി മാറിയത്.ഇതോടൊപ്പം സെലക്ഷൻ കമ്മിറ്റിയുടെ മണ്ടൻ തീരുമാനങ്ങളും ഇന്ത്യയുടെ പരാജയത്തിന് കാരണമായി എന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് മുൻ പാക്കിസ്ഥാൻ താരം ബാസിത് അലി. ജയസ്വാൾ, സൂര്യകുമാർ യാദവ് എന്നീ സൂപ്പർ താരങ്ങളെ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെടുത്താതിരുന്നത് സെലക്ഷൻ കമ്മിറ്റി കാട്ടിയ വലിയ മണ്ടത്തരമാണ് എന്ന് ബാസിത് അലി പറയുന്നു.

സൂര്യകുമാർ യാദവും ജയസ്വാളും ഉണ്ടായിരുന്നെങ്കിൽ ഇന്ത്യയുടെ ബാറ്റിംഗ് യൂണിറ്റ് കൂടുതൽ ശക്തിയാർജ്ജിച്ചേനെ എന്നാണ് ബാസിത് കരുതുന്നത്. “ജയസ്വാൾ ഗില്ലിനെക്കാളും മികച്ച ബാറ്ററാണ് എന്ന് ഈ പരമ്പര കാണിച്ചുതരികയാണ് ഉണ്ടായത്. ഇന്ത്യൻ ദേശീയ സെലക്ടർമാരുടെ വലിയൊരു മണ്ടത്തരവും ഈ പരമ്പരയിൽ കാണാൻ സാധിച്ചു. അവർ ജയസ്വാളിനെയും സൂര്യകുമാർ യാദവിനെയും സ്ക്വാഡിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഇത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.”- ബാസിത് അലി പറഞ്ഞു. പരമ്പരയിലെ ഇന്ത്യൻ ബാറ്റർമാരുടെ ദുരന്ത പ്രകടനം കണക്കിലെടുത്താണ് ബാസിത് അലി തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.

ഇന്ത്യൻ ബാറ്റർമാരെ സംബന്ധിച്ച് വളരെ മോശം പരമ്പര തന്നെയായിരുന്നു ശ്രീലങ്കയ്ക്കെതിരെ നടന്നത്. ആദ്യ മത്സരത്തിൽ കേവലം 230 റൺസിന് ഇന്ത്യ ഓൾഔട്ടായി. രണ്ടാം മത്സരത്തിൽ 208 റൺസ് മാത്രമാണ് ഇന്ത്യൻ ബാറ്റർമാർക്ക് നേടാൻ സാധിച്ചത്. മൂന്നാം മത്സരത്തിൽ കേവലം 138 റൺസിന് ഇന്ത്യ ഇന്നിങ്സ് അവസാനിപ്പിക്കുകയുണ്ടായി. രോഹിത് ശർമ ഒഴികെയുള്ള മുൻനിര ബാറ്റർമാർ എല്ലാവരും മത്സരത്തിൽ പരാജയപ്പെടുകയായിരുന്നു. രോഹിത് 3 ഇന്നിംഗ്സുകളിൽ നിന്ന് 157 റൺസ് ഇന്ത്യയ്ക്കായി നേടുകയുണ്ടായി.

അതേസമയം വലിയ പ്രതീക്ഷയായിരുന്ന വിരാട് കോഹ്ലി പരമ്പരയിലുടനീളം മോശം പ്രകടനമാണ് കാഴ്ചവച്ചത്. കൃത്യമായി ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് മത്സരത്തിൽ മികവ് പുലർത്താൻ കോഹ്ലിയ്ക്ക് സാധിച്ചില്ല എന്നാണ് ബാസിത് അലി പറയുന്നത്. കൃത്യമായി സാഹചര്യങ്ങളെ ബഹുമാനിക്കുന്നതിന് പകരം വലിയ ഷോട്ടുകൾ കളിക്കാനാണ് പരമ്പരയിലുടനീളം ഇന്ത്യൻ ബാറ്റർമാർ ശ്രമിച്ചത് എന്നും ബാസിത് അലി പറയുകയുണ്ടായി. എന്തായാലും ഇന്ത്യയെ സംബന്ധിച്ച് ഒരു വലിയ തിരിച്ചറിവാണ് ശ്രീലങ്കയ്ക്കെതിരായ പരമ്പര നൽകിയിരിക്കുന്നത്.

Previous articleശ്രീലങ്കയ്ക്കെതിരെ ഏറ്റ പരാജയമല്ല എന്നെ അലട്ടുന്നത്. മറ്റൊരു കാര്യമാണ്. വസീം ജാഫർ തുറന്ന് പറയുന്നു.
Next articleഅവനെ എന്തുകൊണ്ട് നാലാം നമ്പറിൽ ഇറക്കിയില്ല? ബാറ്റിംഗ് ഓർഡറിലെ മണ്ടത്തരം ചോദ്യം ചെയ്ത് മുൻ താരം.