ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ഏവരും കാത്തിരുന്ന ലങ്കൻ പര്യടനത്തിന് ഏറെ ആവേശകരമായ തുടക്കമാണ് ഇന്നലെ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്നത്. ആദ്യ ഏകദിനത്തിൽ ശ്രീലങ്കയെ ഏഴ് വിക്കറ്റിന് തകർത്ത ഇന്ത്യൻ ടീം പരമ്പരയിൽ 1-0ന് ലീഡ് നേടിയപ്പോൾ ക്രിക്കറ്റ് പ്രേമികൾ ഓർത്തിരിക്കുന്ന ഒരുപിടി പ്രകടനങ്ങൾ മത്സരത്തിൽ പിറന്നു. നായകൻ ശിഖർ ധവാൻ ബാറ്റിങ്ങിൽ നയിച്ചപ്പോൾ പൃഥ്വി ഷാ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് എന്നിവർ വെടിക്കെട്ട് ബാറ്റിംഗുമായി കളം നിറഞ്ഞു.
ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻസി റോളിൽ ആദ്യമായി എത്തിയ നായകൻ ശിഖർ ധവാന് ആദ്യ ഏകദിനം തന്നെ വളരെ ടീമിന്റെ ഏഴ് വിക്കറ്റ് ജയത്തോടെ അവിസ്മരണീയമായി മാറി.95 പന്തിൽ നിന്നും പുറത്താകാതെ 86 റൺസ് അടിച്ച താരം ബാറ്റിങ്ങിൽ തന്റെ ഫോം തിരികെ പിടിച്ചു.എന്നാൽ മത്സരത്തിൽ അനേകം നേട്ടങ്ങൾ ധവാൻ സ്വന്തമാക്കി.ഏകദിന ക്രിക്കറ്റിൽ നായകനായി കളിച്ച ആദ്യ മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടുന്ന ഏഴാം ബാറ്റ്‌സ്മാനാണ് ധവാൻ.ഇന്ത്യൻ ഇതിഹാസ നായകന്മാരായ സച്ചിൻ, ധോണി എന്നിവർക്ക് സ്വന്തമായുള്ള നേട്ടത്തിലാണ് ധവാനും ഇടം പിടിച്ചത്. നിലവിലെ സ്റ്റാർ താരങ്ങളായ വിരാട് കോഹ്ലിക്കും ഒപ്പം രോഹിത് ശർമ്മക്കും അവകാശപെടുവാനില്ലാത്ത റെക്കോർഡ് കൂടിയാണിത്.
അതേസമയം മത്സരത്തിൽ മറ്റ് ചില നേട്ടങ്ങൾ കൂടി ധവാൻ സ്വന്തമാക്കി. ഏകദിന ക്രിക്കറ്റിൽ 6000 റൺസ് ക്ലബ്ബിൽ ഇടം നേടിയ താരം ഈ നേട്ടം മറികടന്ന രണ്ടാമത്തെ വേഗതയേറിയ താരമാണ് ധവാൻ. തന്റെ ഇഷ്ട എതിരാളികളായ ശ്രീലങ്കക്ക് എതിരെ ഏകദിന ക്രിക്കറ്റിൽ ആയിരം റൺസും സ്വന്തമാക്കി. ഈ നേട്ടം ഏറ്റവും വേഗത്തിൽ സ്വന്തമാക്കുന്ന ബാറ്റ്‌സ്മാനുമായി ധവാൻ മാറി. കൂടാതെ അന്താരാഷ്ട്ര ക്രിക്കറ്റിൽ 10000 റൺസും താരം പൂർത്തിയാക്കി.