2023 ഏകദിന ലോകകപ്പിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത ടീമാണ് ഇന്ത്യ. തുടർച്ചയായി 10 മത്സരങ്ങളിൽ വിജയം നേടിയ ശേഷമായിരുന്നു ഇന്ത്യ ഫൈനലിലേക്ക് യോഗ്യത നേടിയത്. എന്നാൽ ഫൈനൽ മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യൻ ടീം പരാജയപ്പെട്ടു. ശേഷം വലിയ നിരാശ തന്നെയായിരുന്നു ഇന്ത്യൻ ക്യാമ്പിലടക്കം ഉണ്ടായത്.
ഇത് വളരെ ഹൃദയഭേദകമായ കാര്യമായിരുന്നു എന്ന് ഇന്ത്യയുടെ കോച്ചും നായകനുമടക്കം എല്ലാവരും പറഞ്ഞിരുന്നു. എന്നാൽ ഇന്ത്യയെ സംബന്ധിച്ച് അടുത്ത ട്വന്റി20 ലോകകപ്പിൽ വലിയൊരു സാധ്യത തന്നെ മുൻപിലുണ്ട് എന്നാണ് മുൻ ഇന്ത്യൻ താരം രവി ശാസ്ത്രി പറയുന്നത്. 2023 ഏകദിന ലോകകപ്പോടുകൂടി മികച്ച ഒരു ടീം ഇന്ത്യക്ക് കെട്ടിപ്പടുക്കാൻ സാധിച്ചിട്ടുണ്ടെന്നും അതിനാൽ തന്നെ 2024 ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് വലിയ വെല്ലുവിളിയാകാൻ സാധിക്കുമെന്നുമാണ് ശാസ്ത്രി പറഞ്ഞത്.
“2023 ഏകദിന ലോകകപ്പിലെ പരാജയം ഹൃദയഭേദകം തന്നെയായിരുന്നു. പക്ഷേ അതിൽ നിന്ന് നമ്മുടെ കളിക്കാരൊക്കെയും ഒരുപാട് പാഠങ്ങൾ പഠിച്ചു. മത്സരം മുന്നോട്ടുപോയേ സാധിക്കൂ. ഇന്ത്യ ഉടനെ തന്നെ മറ്റൊരു ലോകകപ്പിൽ വിജയം സ്വന്തമാക്കും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഒരുപക്ഷേ ഇതൊരു 50 ഓവർ ലോകകപ്പിൽ ആയിരിക്കില്ല. കാരണം നമുക്ക് ഏകദിന ടീം പുനർ നിർമിക്കേണ്ടതുണ്ട്.
എന്നാൽ ട്വന്റി20 ലോകകപ്പ് വരുന്നുണ്ട്. അടുത്ത ട്വന്റി20 ലോകകപ്പിൽ ഇന്ത്യ മറ്റു രാജ്യങ്ങൾക്ക് വലിയൊരു വെല്ലുവിളി തന്നെ ഉയർത്തും. കാരണം നമുക്ക് അത്ര ശക്തമായ ഒരു ടീമുണ്ട്. ഇത് മത്സരത്തിന്റെ ഏറ്റവും ചുരുങ്ങിയ ഫോർമാറ്റാണ്. അതിലേക്ക് ആയിരിക്കണം ഇന്ത്യയുടെ പൂർണമായ ശ്രദ്ധ.”- ശാസ്ത്രി പറയുന്നു.
ഇന്ത്യൻ ടീം പൂർണ്ണമായും ക്ഷമ പുലർത്തണമെന്നും ശാസ്ത്രി നിർദ്ദേശിക്കുകയുണ്ടായി. സച്ചിൻ ടെണ്ടുൽക്കർ 6 ലോകകപ്പുകൾ കാത്തിരുന്ന ശേഷമാണ് കിരീടം ചൂടിയത് എന്നും ശാസ്ത്രി ഓർമ്മിപ്പിക്കുന്നു. “സത്യസന്ധമായി പറഞ്ഞാൽ കിരീടം ഉയർത്താൻ സാധിക്കാത്തത് വലിയ വേദനാജനകമാണ്. കാരണം അത്രമാത്രം ശക്തമായ ഒരു ടീമായിരുന്നു ലോകകപ്പിനായി അണിനിരന്നത്. എന്നാൽ ഒന്നും തന്നെ എളുപ്പമല്ല. ഇതിഹാസതാരം സച്ചിന് 6 ലോകകപ്പുകൾ കാത്തിരിക്കേണ്ടി വന്നു ഒരു കിരീടം സ്വന്തമാക്കാൻ. അതുകൊണ്ടു തന്നെ ലോകകപ്പിൽ വിജയം നേടുക എന്നത് അത്ര എളുപ്പമല്ല. വലിയ ദിവസങ്ങളിൽ വലിയ പ്രകടനങ്ങൾ പുറത്തെടുത്താൽ മാത്രമേ ലോകകപ്പ് സ്വന്തമാക്കാൻ സാധിക്കു.”- ശാസ്ത്രീ കൂട്ടിച്ചേർക്കുന്നു.
“ടൂർണമെന്റിലുടനീളം എങ്ങനെ പ്രകടനം കാഴ്ചവച്ചു എന്നതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് ആ വലിയ ദിവസത്തെ പ്രകടനവും. ഫൈനൽ മത്സരങ്ങളിൽ അവസരത്തിനൊത്ത് ടീം ഉയരേണ്ടതുണ്ട്. ടൂർണമെന്റ് തുടങ്ങുന്നതിനു മുൻപ് തന്നെ ഇന്ത്യ ടോപ്പ് 4 ടീമുകളിൽ ഒന്നാകുമെന്ന് ഉറപ്പായിരുന്നു. ഇന്ത്യ സെമിഫൈനലിൽ എത്തുമെന്നും ഫൈനലിൽ എത്തുമെന്നും എല്ലാവരും പ്രതീക്ഷിച്ചിരുന്നു.”
” എന്നാൽ ആ 2 ദിവസമായിരുന്നു നമ്മൾ വിജയിക്കേണ്ടത്. ആ 2 ദിവസങ്ങളിൽ ഓസ്ട്രേലിയക്ക് വളരെ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ സാധിച്ചതിനാലാണ് നമ്മൾ പരാജയപ്പെട്ടത്.”- ശാസ്ത്രി പറഞ്ഞു വെക്കുന്നു