ഓസ്ട്രേലിയക്കെതിരായ മൂന്നാം ട്വന്റി20യിലും മിന്നുന്ന പ്രകടനം കാഴ്ചവച്ച് ഇന്ത്യൻ ബാറ്റിംഗ് നിര. മത്സരത്തിൽ ഓപ്പണർ ഋതുരാജിന്റെ ബാറ്റിംഗ് മികവിലാണ് ഇന്ത്യ ശക്തമായ ഒരു സ്കോറിൽ എത്തിയത്. നിശ്ചിത 20 ഓവറുകളിൽ 200 റൺസാണ് ഇന്ത്യ മത്സരത്തിൽ സ്വന്തമാക്കിയത്. ഋതുരാജിന്റെ തകർപ്പൻ സെഞ്ച്വറിയാണ് ഇന്ത്യയ്ക്ക് മത്സരത്തിൽ ഇത്ര മികച്ച സ്കോർ സമ്മാനിച്ചത്. മറ്റു ബാറ്റർമാർ മൈതാനത്ത് പിടിച്ചുനിൽക്കാൻ ബുദ്ധിമുട്ടിയപ്പോൾ ഋതുരാജിന്റെ വൺമാൻ ഷോ ആയിരുന്നു മത്സരത്തിലൂടനീളം കണ്ടത്. എന്തായാലും മത്സരത്തിൽ ഒരു ശക്തമായ സ്കോർ സ്വന്തമാക്കി ഓസ്ട്രേലിയയെ സമ്മർദ്ദത്തിലാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. മത്സരത്തിൽ വിജയം നേടിയാൽ ഇന്ത്യ പരമ്പരയും സ്വന്തമാക്കും.
മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ രണ്ടു മത്സരങ്ങളിൽ നിന്ന് വിപരീതമായി വളരെ മോശം തുടക്കമാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. കഴിഞ്ഞ മത്സരത്തിൽ ഇന്ത്യയ്ക്കായി മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത ജെയിസ്വാളിന്റെയും(6) ഇഷാൻ കിഷന്റെയും(0) വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമാവുകയുണ്ടായി. ഇതോടെ ഇന്ത്യ 24ന് 2 എന്ന നിലയിൽ തകർന്നു. ശേഷം നായകൻ സൂര്യകുമാർ യാദവും ഓപ്പണർ ഋതുരാജും ചേർന്ന് ഇന്ത്യയെ കൈപിടിച്ചു കയറ്റുകയായിരുന്നു. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ ഒരു പക്വതയാർന്ന കൂട്ടുകെട്ട് കെട്ടിപ്പടുത്തു. മത്സരത്തിൽ സൂര്യകുമാർ യാദവ് 29 പന്തുകളിൽ 5 ബൗണ്ടറികളും 2 സിക്സറുകളുമടക്കം 39 റൺസാണ് നേടിയത്.
സൂര്യകുമാർ പുറത്തായ ശേഷവും ഋതുരാജ് തന്റെ സ്വതസിദ്ധമായ ശൈലിയിൽ ബാറ്റ് വീശുന്നതാണ് കണ്ടത്. തിലക് വർമയെ കൂട്ടുപിടിച്ച് ഇന്ത്യയെ പതിയെ മുൻപിലേക്ക് നയിക്കാൻ ഋതുരാജിന് സാധിച്ചു. മത്സരത്തിൽ 32 പന്തുകളിൽ നിന്നാണ് ഋതുരാജ് തന്റെ അർത്ഥ സെഞ്ച്വറി പൂർത്തീകരിച്ചത്. പിന്നീടും തിലക് വർമക്കൊപ്പം ചേർന്ന് ഒരു വെടിക്കെട്ട് കൂട്ടുകെട്ട് കെട്ടിപ്പടുക്കാൻ ഋതുരാജിന് സാധിച്ചു. ഇതോടെ ഇന്ത്യയുടെ സ്കോർ കുതിക്കുന്നതാണ് കണ്ടത്. അവസാന ഓവറുകളിൽ ഇന്ത്യയ്ക്കായി എല്ലാതരത്തിലും വെടിക്കെട്ട് തീർക്കാൻ ഋതുരാജിന് സാധിച്ചു. ഓസ്ട്രേലിയൻ ബോളിംഗ് നിരയെ മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഋതുരാജ് അടിച്ചു തൂക്കുകയുണ്ടായി.
മത്സരത്തിൽ 52 പന്തുകളിലാണ് ഋതുരാജ് തന്റെ സെഞ്ച്വറി പൂർത്തീകരിച്ചത്. ഋതുരാജിന്റെ അന്താരാഷ്ട്ര ട്വന്റി20 കരിയറിലെ ആദ്യ സെഞ്ച്വറിയാണ് മത്സരത്തിൽ പിറന്നത്. മത്സരത്തിൽ ഋതുരാജ് 57 പന്തുകളിൽ 123 റൺസ് സ്വന്തമാക്കുകയുണ്ടായി. ഇന്നിംഗ്സിൽ 13 ബൗണ്ടറികളും 7 സിക്സറുകളും ഉൾപ്പെട്ടു. തിലക് വർമ 24 പന്തുകളിൽ 31 റൺസാണ് നേടിയത്. ഇരുവരും ചേർന്ന് ഇന്ത്യയെ മത്സരത്തിൽ 222 എന്ന മികച്ച സ്കോറിൽ എത്തിക്കുകയായിരുന്നു.