ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ മത്സരത്തിൽ അഞ്ചാം നമ്പറിലാണ് കെഎൽ രാഹുൽ ബാറ്റ് ചെയ്തത്. വിരാട് കോഹ്ലിക്ക് മികച്ച രീതിയിൽ മൈതാനത്ത് പിന്തുണ നൽകാൻ രാഹുലിന് സാധിച്ചിരുന്നു. 34 പന്തുകൾ മത്സരത്തിൽ നേരിട്ട് രാഹുൽ 34 റൺസ് നേടി പുറത്താവാതെ നിന്നു. ഇന്ത്യയുടെ വിജയത്തിൽ ഒരു പ്രധാന പങ്കു തന്നെയാണ് രാഹുൽ വഹിച്ചത്.
മാത്രമല്ല മൈതാനത്ത് കോഹ്ലിക്ക് സെഞ്ചുറി നേടാനായി അവസരമുണ്ടാക്കാനും രാഹുലിന് സാധിച്ചു. എന്നാൽ മത്സരത്തിൽ രാഹുലിന് പകരം അഞ്ചാം നമ്പറിൽ ഓൾറൗണ്ടർ ശർദുൽ താക്കൂറിനെ ബാറ്റിങ്ങിന് അയക്കാനായിരുന്നു ആദ്യം ഇന്ത്യ തീരുമാനിച്ചത് എന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ പറയുകയുണ്ടായി. ശേഷം ഈ തീരുമാനം മാറ്റാനുള്ള കാരണത്തെപ്പറ്റിയും രോഹിത് വിശദീകരിച്ചു.
ശുഭമാൻ ഗില്ലുമായി നടന്ന അഭിമുഖത്തിലാണ് രോഹിത് ശർമ ഇക്കാര്യം വ്യക്തമാക്കിയത്. ബിസിസിഐ ആണ് ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ബംഗ്ലാദേശുമായുള്ള കഴിഞ്ഞ മത്സരത്തിൽ രാഹുലിന്റെ സ്ഥാനത്ത് ശർദുൽ താക്കൂറിനെ ബാറ്റിംഗിനയക്കാൻ ഇന്ത്യ തീരുമാനിച്ചിരുന്നു. എന്നാൽ ആ തീരുമാനം എന്തുകൊണ്ടാണ് വേണ്ടന്നുവച്ചത് എന്ന് ഗിൽ രോഹിത് ശർമയോട് ചോദിച്ചു. ഇതിന് രോഹിത് നൽകിയ മറുപടി ഇങ്ങനെയായിരുന്നു.
“ശർദൂലിനെ ആയിരുന്നു കെഎൽ രാഹുലിന് പകരം അഞ്ചാം നമ്പറിൽ ഇറക്കാൻ പ്ലാൻ ചെയ്തത്. അടുത്തതായി ശർദുലാണ് ബാറ്റിംഗിന് ഇറങ്ങേണ്ടത് എന്ന് ഞാൻ അയാളോട് പറയുകയും ചെയ്തിരുന്നു. എന്നാൽ ഇത് പറഞ്ഞ അതേസമയത്ത് തന്നെയാണ് ശ്രേയസ് അയ്യർ പുറത്തായത്. ശേഷം ശർദൂൽ താക്കൂർ താഴെയെത്തുന്ന സമയത്ത് രാഹുൽ മൈതാനത്തേക്ക് ഇറങ്ങിയിരുന്നു.”- രോഹിത് പറയുന്നു.
ശർദുലിന്റെ ബാറ്റിംഗ് കാണാൻ സാധിക്കാതെ പോയതിൽ അദ്ദേഹത്തിന്റെ ആരാധകർക്ക് വലിയ നിരാശയുണ്ട് എന്ന് ഗില്‍ രോഹിത് ശർമയോട് പറയുകയുണ്ടായി. ഇത് രോഹിത് തലകുലുക്കി സമ്മതിച്ചു. ഒപ്പം ശർദുലിന്റെ ബാറ്റിംഗ് വൈകാതെ തന്നെ ഇന്ത്യൻ ആരാധകർക്ക് കാണാൻ സാധിക്കും എന്നാണ് രോഹിത് പറഞ്ഞത്. എല്ലായിപ്പോഴും ശർദുൽ വലിയ മത്സരങ്ങളിലെ താരമാണെന്നും രോഹിത് കൂട്ടിച്ചേർക്കുകയുണ്ടായി. ഇതിനൊപ്പം ബംഗ്ലാദേശിനെതിരായ മത്സരത്തിലെ തന്റെ പുറത്താകലിനെ പറ്റിയും രോഹിത് ശർമ സംസാരിച്ചു.
മത്സരത്തിൽ അത്തരമൊരു ഷോട്ട് കളിച്ച് പുറത്തായതിനാൽ ദേഷ്യം തോന്നിയോ എന്നായിരുന്നു ചോദ്യം. എന്തുകൊണ്ടാണ് പന്ത് മുകളിലേക്ക് അടിക്കാതിരുന്നത് എന്നും ഗിൽ ചോദിച്ചു. രോഹിതിന്റെ മറുപടി ഇങ്ങനെയായിരുന്നു.-“എന്തിനാണ് ദേഷ്യം തോന്നേണ്ടത്. അത് എന്റെ ഭാഗത്തുനിന്ന് സംഭവിച്ച ഒരു തെറ്റ് തന്നെയാണ്. ഞാൻ ആ ഷോട്ട് മുകളിലൂടെ തന്നെ കളിക്കേണ്ടതായിരുന്നു. പക്ഷേ അത് താഴേക്ക് എത്തിക്കാനാണ് ഞാൻ ശ്രമിച്ചത്. “- രോഹിത് ശർമ വ്യക്തമാക്കി.