ഇന്ത്യൻ മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചെങ്കിലും ഇപ്പോഴും ഐപിഎൽ ക്രിക്കറ്റിൽ കളിക്കുന്നുണ്ട്. ചെന്നൈ സൂപ്പർ കിംഗ്സിന്റെ നായകനായിട്ടാണ് താരം ഇപ്പോഴും കളിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി താരം ഐപിഎല്ലിൽ നിന്നും വിരമിക്കാൻ ഒരുങ്ങുകയാണ് എന്ന തരത്തിലുള്ള വാർത്തകൾ പുറത്തു വന്നിരുന്നു.
ഇപ്പോഴിതാ ഐപിഎല്ലിൽ നിന്നും ധോണി ഉടൻ ഒന്നും വിരമിക്കില്ല എന്ന് പറഞ്ഞു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഓസ്ട്രേലിയൻ മുൻ താരവും ചെന്നൈ സൂപ്പർ കിങ്സ് മുൻ താരവും ആയിരുന്ന ഷൈൻ വാട്സൺ. ചെന്നൈക്ക് വേണ്ടി നിലവിൽ 41 വയസ്സുള്ള ധോണി മൂന്നോ നാലോ സീസൺ കൂടി കളിക്കുമെന്നും വാട്സൺ പറഞ്ഞു. ധോണിയുടെ ഭാവിയെക്കുറിച്ച് വാട്സൺ പറഞ്ഞ വാക്കുകൾ ഇങ്ങനെ
“ധോണിയുടെ അവസാന ഐപിഎൽ ആണ് ഇത് എന്ന് കേൾക്കുന്നു. പക്ഷേ ഞാൻ അങ്ങനെ കരുതുന്നില്ല. അടുത്ത മൂന്നോ നാലോ വർഷം കൂടെ അദ്ദേഹത്തിന് തുടരാൻ ആകും എന്നാണ് ഞാൻ കരുതുന്നത്. ഇപ്പോഴും അദ്ദേഹം ഫിറ്റാണ്. ബാറ്റിംഗ് മികച്ച രീതിയിൽ ചെയ്യുന്നു.
അദ്ദേഹത്തിൻ്റെ കളി പോലെ തന്നെ മികച്ചതാണ് ക്യാപ്റ്റൻസിയും.”-വാട്സൺ പറഞ്ഞു.
മികച്ച രീതിയിൽ ഫോം തുടരുകയാണെങ്കിൽ ധോണി അടുത്ത സീസണിലെ ഐപിഎല്ലിൽ ഉണ്ടാകും എന്ന അഭിപ്രായവുമായി സുരേഷ് റെ്യ്നയും ഈ അടുത്ത് രംഗത്ത് എത്തിയിരുന്നു. ധോണിയുടെ വരും സീസണുകൾ നിശ്ചയിക്കപ്പെടുക ഈ സീസണിലെ ഫിറ്റ്നസിലും ഫോമിലും ആയിരിക്കുമെന്നും റെയ്ന വിലയിരുത്തി. ചെന്നൈയിൽ ധോണിയുടെ സഹതാരമായ ദീപക് ചഹാർ ധോണി എപ്പോഴാണ് വിരമിക്കേണ്ടത് എന്ന് തീരുമാനിക്കേണ്ടത് അദ്ദേഹമാണെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.