ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിവസം തട്ടുപൊളിപ്പൻ ബാറ്റിംഗ് പ്രകടനം തന്നെയാണ് ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ കാഴ്ചവച്ചത്. ഇന്ത്യ 3 വിക്കറ്റിന് 33 എന്ന നിലയിൽ തകർന്നടിഞ്ഞ സമയത്തായിരുന്നു ജഡേജ ക്രീസിൽ എത്തിയത്.
ഒരു ടെസ്റ്റ് മത്സരത്തിന്റെ എല്ലാ ശൈലിയും ഉൾക്കൊണ്ടാണ് ജഡേജ പിന്നീട് ബാറ്റ് വീശിയത്. മത്സരത്തിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോൾ 110 റൺസ് നേടിയ ജഡേജ ക്രീസിലുണ്ട്. തന്റെ ടെസ്റ്റ് കരിയറിലെ നാലാം സെഞ്ചുറിയാണ് ജഡേജ നേടിയത്. ഈ മികച്ച ഇന്നിങ്‌സോടുകൂടി കുറച്ചധികം റെക്കോർഡുകൾ തന്റെ പേരിൽ ചേർക്കാനും ജഡേജയ്ക്ക് സാധിച്ചിട്ടുണ്ട്. മത്സരത്തിലെ തകർപ്പൻ ഇന്നിംഗ്സോടുകൂടി ടെസ്റ്റ് ക്രിക്കറ്റിൽ 3000 റൺസ് പൂർത്തീകരിക്കാൻ ജഡേജയ്ക്ക് സാധിച്ചിരുന്നു.
ഇതോടുകൂടി ഇന്ത്യയ്ക്കായി 3000 റൺസും 250 ടെസ്റ്റ് വിക്കറ്റുകളും സ്വന്തമാക്കുന്ന മൂന്നാമത്തെ താരമായി ജഡേജ മാറിയിട്ടുണ്ട്. മുൻപ് ഇന്ത്യൻ ഓൾറൗണ്ടർമാരായ കപിൽ ദേവും രവിചന്ദ്രൻ അശ്വിനുമാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. ശേഷമാണ് രവീന്ദ്ര ജഡേജ ഈ നേട്ടത്തിലേക്ക് എത്തിയിരിക്കുന്നത്.
മാത്രമല്ല ഈ നേട്ടം കയ്യടക്കുന്ന ലോകത്തിലെ മൂന്നാം സ്പിൻ ബോളിംഗ് ഓൾറൗണ്ടറാണ് രവീന്ദ്ര ജഡേജ. ഓസ്ട്രേലിയൻ ഇതിഹാസം ഷെയിൻ വോൺ, ന്യൂസിലാൻഡ് ഇതിഹാസം ഡാനിയേൽ വെട്ടോറി എന്നിവരാണ് ജഡേജയ്ക്ക് മുൻപ് 3000 റൺസും 250 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുള്ള സ്പിന്നർമാർ.
ടെസ്റ്റ് ക്രിക്കറ്റിൽ 3000ലധികം റൺസും 250ലധികം വിക്കറ്റുകളും സ്വന്തമാക്കിയവരുടെ ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ഷെയ്ൻ വോൺ തന്നെയാണ്. അന്താരാഷ്ട്ര ടെസ്റ്റ് കരിയറിൽ 3154 റൺസും 708 വിക്കറ്റുകളുമാണ് ഷെയിന്‍ വോൺ സ്വന്തമാക്കിയത്. ഇംഗ്ലണ്ട് താരം സ്റ്റുവർട്ട് ബ്രോഡ് 3662 റൺസും 604 വിക്കറ്റുകളുമായി രണ്ടാം സ്ഥാനത്ത് നിൽക്കുന്നു.
ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ 3271 റൺസും 499 വിക്കറ്റുകളുമായി മൂന്നാം സ്ഥാനത്താണ് നിൽക്കുന്നത്. ഇന്ത്യയുടെ ഇതിഹാസ താരം കപിൽദേവ് 5248 റൺസും 434 വിക്കറ്റുകളുമാണ് തന്റെ ടെസ്റ്റ് കരിയറിൽ നേടിയിട്ടുള്ളത്. ഇവർക്കൊക്കെയും പിന്നിലായാണ് രവീന്ദ്ര ജഡേജ ഇപ്പോൾ ലിസ്റ്റിലേക്ക് കടന്നു വന്നിരിക്കുന്നത്.
ജഡേജയുടെ ബാറ്റിംഗ് മികവ് എടുത്ത് കാട്ടിയ ഇന്നിങ്സ് തന്നെയായിരുന്നു രാജ്കോട്ട് ടെസ്റ്റിൽ ഉണ്ടായത്. നിർണായക സമയത്ത് ബാറ്റിംഗിനെത്തിയ ജഡേജ യാതൊരു പിഴവുകളും ഇല്ലാതെയാണ് മത്സരം മുൻപോട്ടു കൊണ്ടുപോയത്. ആദ്യ ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ 212 പന്തുകളിൽ 110 നേടിയ ജഡേജ പുറത്താവാതെ നിൽക്കുന്നു.
9 ബൗണ്ടറികളും 2 സിക്സറുകളുമാണ് ഈ സൂപ്പർ താരത്തിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടത്. മാത്രമല്ല ഇന്ത്യയെ ശക്തമായ ഒരു നിലയിലെത്തിക്കാനും ജഡേജയ്ക്ക് സാധിച്ചിട്ടുണ്ട്. ആദ്യ ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ 5 വിക്കറ്റ് നഷ്ടത്തിൽ 326 റൺസാണ് ഇന്ത്യ നേടിയിട്ടുള്ളത്.