ബോസ്സ് റിട്ടേൺസ്. എറിഞ്ഞ ആദ്യ പന്തിൽ തന്നെ യങ്ങിന്റെ കുറ്റിതെറിപ്പിച്ച് ഷാമി. തകർപ്പൻ റെക്കോർഡ്.

ഇന്ത്യൻ ടീമിലേക്കുള്ള തന്റെ തിരിച്ചുവരവ് മത്സരത്തിൽ തുടക്കം ഗംഭീരമാക്കി മുഹമ്മദ് ഷാമി. ന്യൂസിലാൻഡ് ഓപ്പണർ വിൽ യങ്ങിനെ ഒരു തട്ടുപൊളിപ്പൻ പന്തിൽ ക്ളീൻ ബൗൾഡാക്കിയാണ് മുഹമ്മദ് ഷാമി വമ്പൻ തിരിച്ചുവരവ് നടത്തിയത്. മത്സരത്തിൽ താനെറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്തിലായിരുന്നു മുഹമ്മദ് ഷാമിയുടെ ഈ മനോഹരമായ ബോൾ പിറന്നത്. പന്തിൽ യങ് ക്ലീൻ ബോൾഡ് ആവുകയായിരുന്നു. കഴിഞ്ഞ മത്സരങ്ങളിലൊക്കെയും ന്യൂസിലാൻഡിനായി വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം കാഴ്ചവച്ച യങ്ങിന്റെ വിക്കറ്റ് വീഴ്ത്താൻ സാധിച്ചത് ഇന്ത്യയ്ക്ക് ഗുണം ചെയ്യും.

ഈ വിക്കറ്റോടെ ഒരു തകർപ്പൻ നേട്ടവും സ്വന്തമാക്കാൻ മുഹമ്മദ് ഷാമിക്ക് സാധിച്ചിട്ടുണ്ട്. ഇന്ത്യക്കായി ലോകകപ്പുകളിൽ ഏറ്റവുമധികം വിക്കറ്റുകൾ നേടിയ ബോളർമാരുടെ ലിസ്റ്റിൽ മൂന്നാം സ്ഥാനത്ത് മുഹമ്മദ് ഷാമി എത്തിയിട്ടുണ്ട്. ഇന്ത്യയുടെ സ്പിന്നറായ അനിൽ കുംബ്ലെയെ മറികടന്നായിരുന്നു മുഹമ്മദ് ഷാമിയുടെ തേരോട്ടം. ഇതുവരെ ലോകകപ്പിൽ ഇന്ത്യയ്ക്കായി 32 വിക്കറ്റുകൾ ആണ് ഷാമി വീഴ്ത്തിയിട്ടുള്ളത്. 44 വിക്കറ്റുകൾ ഇന്ത്യക്കായി ലോകകപ്പിൽ വീഴ്ത്തിയിട്ടുള്ള സഹീർ ഖാനാണ് ലിസ്റ്റിൽ ഒന്നാമത്.

മത്സരത്തിൽ ന്യൂസിലാൻഡ് ഇന്നിംഗ്സിന്റെ ഒമ്പതാം ഓവറിലെ ആദ്യ പന്തിലാണ് മുഹമ്മദ് ഷാമി യങ്ങിനെ പുറത്താക്കിയത്. ഒരു ലെങ്ത് ബോളായി ആയിരുന്നു ഷാമി എറിഞ്ഞത്. കൃത്യമായി ഉള്ളിലേക്ക് വന്ന പന്തിന്റെ ദിശ നിർണയിക്കുന്നതിൽ യങ് പരാജയപ്പെടുകയായിരുന്നു. ഉള്ളിലേക്ക് വന്ന പന്ത് കൃത്യമായി യങ്ങിന്റെ ബാറ്റിന്റെ എഡ്ജിൽ കൊള്ളുകയും പിന്നീട് സ്റ്റമ്പിൽ പതിക്കുകയുമാണ് ചെയ്തത്. ഇതോടുകൂടി 27 പന്തുകളിൽ 17 റൺസ് നേടിയ യങ്ങ് കൂടാരം കയറുകയുണ്ടായി. മത്സരത്തിൽ ഒരു നിർണായകമായ വിക്കറ്റ് തന്നെയാണ് ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്നത്.

ധർമ്മശാലയിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബോളിങ് ആരംഭിച്ച ഇന്ത്യക്കായി മികച്ച തുടക്കം തന്നെയാണ് സിറാജ് നൽകിയത്. ന്യൂസിലാന്റിന്റെ അപകടകാരിയായ ഓപ്പണർ ഡെവൻ കോൺവെയേ ആദ്യം തന്നെ പുറത്താക്കാൻ മുഹമ്മദ് സിറാജിന് സാധിച്ചു. മത്സരത്തിൽ പൂജ്യനായി ആയിരുന്നു കോൺവെ പുറത്തായത്. ശേഷം യങ്ങ് ന്യൂസിലാൻഡിനായി ഭേദപ്പെട്ട പ്രകടനം കാഴ്ച വയ്ക്കുകയായിരുന്നു. ഈ സമയത്താണ് മുഹമ്മദ് ഷാമിയുടെ ഉഗ്രൻ പന്തിൽ യങ്ങിന്റെ കുറ്റിച്ചത്.

മത്സരത്തിൽ രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയിരിക്കുന്നത്. പരിക്കേറ്റ ഹർദിക് പാണ്ട്യയ്ക്കു പകരം സൂര്യകുമാർ യാദവാണ് മത്സരത്തിൽ ഇന്ത്യക്കായി കളിക്കുന്നത്. ഒപ്പം ശർദുൽ താക്കൂറിന് പകരം മുഹമ്മദ് ഷാമിയെയും ഇന്ത്യ തങ്ങളുടെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ശക്തരായ ന്യൂസിലാൻഡിനെതിരെ ഒരു വമ്പൻ വിജയം നേടിയാൽ മാത്രമേ ഇന്ത്യയ്ക്ക് ഏകദിന ലോകകപ്പിൽ പൂർണമായും ആധിപത്യം സ്ഥാപിക്കാൻ സാധിക്കൂ.

Previous articleഇതൊന്നും നേരിടാൻ പറ്റില്ലെങ്കിൽ നിങ്ങൾ ഇന്ത്യയിലേക്ക് വരരുതായിരുന്നു. പാകിസ്ഥാൻ ടീമിനോട് ശ്രീശാന്ത്.
Next articleതിരിച്ചുവരവിൽ ഷാമി തിളക്കം. ഫീൽഡിൽ മോശം പ്രകടനവുമായി ഇന്ത്യ. ന്യൂസീലാൻഡ് നേടിയത് 273 റൺസ്