ഇതൊന്നും നേരിടാൻ പറ്റില്ലെങ്കിൽ നിങ്ങൾ ഇന്ത്യയിലേക്ക് വരരുതായിരുന്നു. പാകിസ്ഥാൻ ടീമിനോട് ശ്രീശാന്ത്.

ezgif 1 36f2f86555

ഏകദിന ലോകകപ്പിലെ ഓസ്ട്രേലിയക്കെതിരായ മത്സരത്തിലും പരാജയമറിഞ്ഞതോടുകൂടി പാകിസ്താന്റെ നില കൂടുതൽ പരുങ്ങലിലായി. ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ 62 റൺസിന്റെ പരാജയമായിരുന്നു പാക്കിസ്ഥാൻ ഏറ്റുവാങ്ങിയത്. മത്സരത്തിന് ശേഷവും ഇന്ത്യയിലെ ആരാധകർക്കെതിരെ പാക്കിസ്ഥാൻ രംഗത്ത് എത്തുകയുണ്ടായി. ഇന്ത്യൻ ആരാധകരുടെയടക്കം മോശം പ്രവർത്തികൾ ചൂണ്ടിക്കാട്ടിയായിരുന്നു പാകിസ്ഥാൻ രംഗത്ത് എത്തിയത്. പല മത്സരങ്ങളിലും പാകിസ്ഥാന് പിന്തുണ ലഭിക്കുന്നില്ല എന്നായിരുന്നു പാക്കിസ്ഥാൻ ടീം ഡയറക്ടർ മിക്കി ആർതർ പറഞ്ഞത്. എന്നാൽ ഈ ആരോപണങ്ങൾക്കെതിരെ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ശ്രീശാന്ത്.

ഈ ലോകകപ്പിൽ പാകിസ്ഥാൻ താരങ്ങളൊക്കെയും കളിക്കാൻ ബുദ്ധിമുട്ടുന്നതാണ് താൻ കാണുന്നത് എന്ന് ശ്രീശാന്ത് പറഞ്ഞു. അതുകൊണ്ടു തന്നെയാണ് ജനങ്ങൾ ടീമിന് എതിരായിരിക്കുന്നതെന്നും ശ്രീശാന്ത് ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. “നിങ്ങൾ നല്ല പ്രകടനങ്ങൾ കാഴ്ചവെക്കുകയാണെങ്കിൽ കാണികൾ കൂടുതൽ ആവേശത്തിലാവുകയും നിങ്ങൾക്കായി ഗാലറികളിൽ അണിനിരക്കുകയും ചെയ്യും. എന്നാൽ ഇത്തരത്തിൽ മോശം പ്രകടനങ്ങൾ നടത്തിയാൽ വിമർശനങ്ങൾ നിങ്ങളെ തേടിയെത്തും. ഒരു ടീം എന്ന നിലയിൽ ഇതൊക്കെയും നേരിടാൻ നമ്മൾ തയ്യാറായിരിക്കണം.”- ശ്രീശാന്ത് പറഞ്ഞു.

Read Also -  കിവികളെ തുരത്തിയടിച്ച് അഫ്ഗാൻ ഫയർ🔥🔥 84 റൺസിന്റെ വമ്പൻ വിജയം

“ഇത്തരത്തിലുള്ള സമ്മർദ്ദങ്ങൾ ആരാധകരിൽ നിന്നും മറ്റും ഉണ്ടാവുമ്പോൾ നമ്മുടെ ഭാഗം ഏറ്റവും ഭംഗിയായി ചെയ്യണം എന്നാണ് ധോണി ഭായി ഞങ്ങളെ ഉപദേശിച്ചിട്ടുള്ളത്. ഇത്തരം സമ്മർദ്ദം താങ്ങാൻ നിങ്ങളെക്കൊണ്ട് സാധിക്കുന്നില്ലെങ്കിൽ നിങ്ങൾ ഇന്ത്യയിലേക്ക് വരാതിരിക്കുക. കാര്യങ്ങൾ അത്രമാത്രം സിമ്പിളാണ്. ഇങ്ങോട്ട് വരാതിരിക്കുക. നിങ്ങൾക്ക് തിരിച്ചു പോകാം. നിങ്ങൾ വളരെയേറെ ബുദ്ധിമുട്ടുകയാണ്. ആ രീതിയിലാണ് നിങ്ങൾ ഇപ്പോൾ കളിക്കുന്നത്.”- ശ്രീശാന്ത് കൂട്ടിച്ചേർത്തു.

ലോകകപ്പ് ആരംഭിച്ച് കേവലം ദിവസങ്ങൾക്കകം തന്നെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഒരുപാട് ആരോപണങ്ങൾ ഐസിസിക്ക് മുൻപിലേക്ക് വെച്ചിരുന്നു. മൈതാനത്ത് നിന്ന് തങ്ങൾക്ക് മോശം അനുഭവങ്ങളാണ് ലഭിക്കുന്നത് എന്നായിരുന്നു പാകിസ്താന്റെ വാദം. പലപ്പോഴും മത്സരത്തിലെ പ്രകടനത്തിന് ഈ പിന്തുണയില്ലായ്മ ബാധിക്കുന്നുണ്ടന്നും പാക്കിസ്ഥാൻ പറയുന്നു. പല വിവാദങ്ങൾക്കുമിടയിലാണ് ശ്രീശാന്തിന്റെ ഈ മറുപടി ഉയർന്നിരിക്കുന്നത്. എന്നിരുന്നാലും വരും മത്സരത്തിൽ ശക്തമായി പാക്കിസ്ഥാൻ തിരികെയെത്തും എന്ന ആത്മവിശ്വാസത്തിലാണ് പാക് ആരാധകർ.

Scroll to Top