രോഹിതിനോട് കയർത്ത് ഷാമി.ഷാമിയും രോഹിതും തമ്മിൽ പ്രശ്നങ്ങളെന്ന് റിപ്പോർട്ട്.

ഇന്ത്യൻ നായകൻ രോഹിത് ശർമയും സൂപ്പർ പേസർ മുഹമ്മദ് ഷാമിയും തമ്മിൽ വാക് തർക്കങ്ങളും ആഭ്യന്തര പ്രശ്നങ്ങളും നിലനിൽക്കുന്നതായി പ്രമുഖ മാധ്യമത്തിന്റെ റിപ്പോർട്ട്. ഷാമിയുടെ ഫിറ്റ്നസിനെ പറ്റി രോഹിത് നടത്തിയ പരാമർശങ്ങളിൽ ഷാമിയ്ക്ക് അതൃപ്തിയുണ്ടെന്നും, ഇതിനാൽ ഇന്ത്യൻ നായകനുമായി താരം കയർക്കുകയുണ്ടായി എന്നുമാണ് ഒരു പ്രമുഖ വാർത്താമാധ്യമം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ബോർഡർ- ഗവാസ്കർ ട്രോഫിയിലെ രണ്ടാം മത്സരത്തിൽ 10 വിക്കറ്റുകളുടെ ദയനീയമായ പരാജയം ഇന്ത്യ ഏറ്റുവാങ്ങിയിരുന്നു. ഇതിന് ശേഷം മുഹമ്മദ് ഷാമിയെ ഇന്ത്യ സ്‌ക്വാഡിൽ ഉൾപ്പെടുത്തണമെന്ന രീതിയിൽ ആവശ്യങ്ങൾ ഉയർന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പ്രമുഖ മാധ്യമമായ ദൈനിക് ജാഗരൻ രോഹിതും ഷാമിയും തമ്മിലുള്ള ആഭ്യന്തര പോരിനെ പറ്റി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഷാമിയുടെ ഫിറ്റ്നസിന്റെ കാര്യത്തിലാണ് ഇരുവരും തമ്മിൽ ഉടക്കിപിരിഞ്ഞത് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വളരെക്കാലമായി പരിക്കിന്റെ പിടിയിലായിരുന്നു മുഹമ്മദ് ഷാമി. നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനം തുടർന്ന് പരിക്ക് ഭേദമായ, മുഹമ്മദ് ഷാമിയെ പറ്റിയുള്ള ചോദ്യങ്ങൾ മുൻപും ഉയർന്നിരുന്നു. ഇന്ത്യയുടെ ന്യൂസിലാണ്ടിന് എതിരായ പരമ്പരയ്ക്കിടെ, മുഹമ്മദ് ഷാമി അടുത്ത പരമ്പരയിലെങ്കിലും കളിക്കുമോ എന്ന ചോദ്യം ഉയർന്നിരുന്നു.

ഇതിന് രോഹിത് നൽകിയ മറുപടി വ്യത്യസ്തമായിരുന്നു. ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ കളിക്കാനുള്ള ഫിറ്റ്നസിലേക്ക് മുഹമ്മദ് ഷാമി എത്തിയിട്ടില്ല എന്നാണ് രോഹിത് അന്ന് പറഞ്ഞത്. ഈ അഭിപ്രായത്തിന്റെ പേരിൽ മുഹമ്മദ് ഷാമി രോഹിത്തിനോട് കയർത്തു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അന്ന് ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് ഷാമി പരിശീലനം നടത്തിയിരുന്നത്. ബാംഗ്ലൂരിൽ നടന്ന ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് മത്സരത്തിനിടെ മുഹമ്മദ് ഷാമി രോഹിത്തിനെ കാണുകയും ഇക്കാര്യം സംസാരിക്കുകയും ചെയ്തു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആ സമയത്ത് തന്നെ രോഹിത്തിന്റെ ചില കമന്റുകളിലുള്ള തന്റെ അതൃപ്തി ഷാമി നേരിട്ട് അറിയിച്ചിരുന്നു. അഡ്ലൈഡിൽ ഓസ്ട്രേലിയക്കെതിരെ നടന്ന ഇന്ത്യയുടെ ടെസ്റ്റ് മത്സരത്തിന് ശേഷവും രോഹിത് ഷാമിയെ പറ്റി നടത്തിയ പ്രസ്താവനകൾ അത്ര രസകരമായിരുന്നില്ല. ഷാമി അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിച്ചിട്ട് കുറച്ചു മാസങ്ങളായെന്നും അതിനാൽ ഷാമിയുടെ കാര്യത്തിൽ 100% ഉറപ്പുനൽകാൻ സാധിക്കില്ല എന്നുമായിരുന്നു വാർത്ത സമ്മേളനത്തിൽ ഇന്ത്യൻ നായകൻ പറഞ്ഞത്.

ഇതേസമയം ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റിൽ തകർപ്പൻ പ്രകടനങ്ങളാണ് ഷാമി നിലവിൽ കാഴ്ചവയ്ക്കുന്നത്. സൈദ് മുസ്തഖ് അലി ട്രോഫിയിൽ ബംഗാൾ ടീമിനായി സമീപസമയത്ത് ബാറ്റിങ്ങിലും ബോളിങ്ങിലും തിളങ്ങാൻ ഷാമിയ്ക്ക് സാധിച്ചിട്ടുണ്ട്. ബംഗാളിന്റെ മത്സരത്തിൽ 17 പന്തുകളിൽ 32 നേടിയ ഷാമി ബാറ്റിംഗിൽ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. രണ്ടാം ടെസ്റ്റ് മത്സരത്തിലെ ഇന്ത്യയുടെ പരാജയത്തിന് പ്രധാന കാരണം ബോളിങ്ങിലെ മൂർച്ചക്കുറവാണ് എന്ന ആരോപണങ്ങൾ ഉയരുന്നുണ്ട്. ഈ സമയത്ത് ഷാമിയുടെ തിരികെ വരവ് ആരാധകരടക്കം ആഗ്രഹിക്കുന്നു.

Previous article“ഷാമി, നീ വരണം. ഇന്ത്യയ്ക്ക് ഇപ്പോൾ നിന്നെ ആവശ്യമാണ് “. ആവശ്യവുമായി മുൻ പാക് താരം.