2024 ഐപിഎല്‍ മേഗാലേലത്തിനു മുന്നോടിയായി സൂപ്പര്‍ താരം ശുഭ്മാന്‍ ഗില്‍, റാഷീദ് ഖാന്‍, യുവതാരം സായി സുദര്‍ശന്‍ എന്നിവരെ നിലനിര്‍ത്താന്‍ ഒരുങ്ങി ഗുജറാത്ത് ടൈറ്റന്‍സ്. രാഹുല്‍ തെവാട്ടിയ, ഷാരൂഖ് ഖാന്‍ എന്നിവരെയും നിലനിര്‍ത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേ സമയം പരിക്കിന്‍റെ പിടിയിലുള്ള മുഹമ്മദ് ഷമിയെ ഒഴിവാക്കും.
നിലവില്‍ ഗുജറാത്ത് ടൈറ്റന്‍സിന്‍റെ ക്യാപ്റ്റനാണ് ശുഭ്മാന്‍ ഗില്‍. ഹര്‍ദ്ദിക്ക് പാണ്ട്യക്ക് ശേഷം ടീമിന്‍റെ നായകനായ ഗില്ലിന് കഴിഞ്ഞ സീസണില്‍ ടീമിനെ എട്ടാമത് എത്തിക്കാനാണ് കഴിഞ്ഞുള്ളു. എങ്കിലും ഭാവി ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാറിനെ ഒഴിവാക്കാന്‍ ഗുജറാത്ത് തയ്യാറാവില്ലാ. കഴിഞ്ഞ സീസണില്‍ നിറം മങ്ങിയെങ്കിലും ഏത് ടീമും കൊതിക്കുന്ന താരമാണ് റാഷീദ് ഖാന്‍.
കഴിഞ്ഞ സീസണില്‍ എല്ലാവരുടേയും ശ്രദ്ധാകേന്ദ്രമായിരുന്നു സായി സുദര്‍ശന്‍. 12 മത്സരങ്ങളില്‍ നിന്നും 527 റണ്‍സാണ് സായി സുദര്‍ശന്‍ അടിച്ചെടുത്തത്. ഈ താരത്തെ കൂടാതെ വമ്പന്‍ അടിക്ക് പേരുകേട്ട ഷാരൂഖാനെയും തെവാട്ടിയയേയും ചെറിയ തുകക്ക് ഗുജറാത്തിന് നിലനിര്‍ത്താനാവും.
നിലവില്‍ പരിക്കിന്‍റെ പിടിയിലായിരുന്ന മുഹമ്മദ് ഷമി കഴിഞ്ഞ സീസണില്‍ കളിച്ചിരുന്നില്ലാ. താരത്തെ ഒഴിവാക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.