2023 ഏഷ്യാകപ്പിലെ ഇന്ത്യയുടെ അവസാന സൂപ്പർ 4 മത്സരത്തിൽ ബംഗ്ലാദേശാണ് എതിരാളികൾ. നേരത്തെ തന്നെ ഏഷ്യാകപ്പിന്റെ ഫൈനലിൽ സ്ഥാനം പിടിച്ച ഇന്ത്യയെ സംബന്ധിച്ച്, മത്സരം തങ്ങളുടെ ശക്തി കാട്ടാൻ മാത്രമുള്ളതാണ്. അതുകൊണ്ടുതന്നെ ഇന്ത്യൻ ടീമിൽ കുറച്ചധികം റൊട്ടേഷനുകൾ ഇന്ത്യ നടത്താനാണ് സാധ്യത കാണുന്നത്. ഞായറാഴ്ചയാണ് ഏഷ്യാകപ്പിന്റെ ഫൈനൽ നടക്കുന്നത്. അതിനുമുമ്പായി തങ്ങളുടെ ടീമിൽ അനുയോജ്യമായ മാറ്റം വരുത്തിയാകും ഇന്ത്യ ബംഗ്ലാദേസിനെതിരെ ഇറങ്ങുന്നത്. ഈ സാഹചര്യത്തിൽ ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ പേസർ മുഹമ്മദ് ഷാമി ടീമിലേക്ക് തിരികെയെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതിനൊപ്പം കുറച്ചധികം സംശയങ്ങളും ഇന്ത്യൻ ടീമിൽ നിലനിൽക്കുന്നുണ്ട്. നിലവിൽ താക്കൂർ, അക്ഷർ പട്ടേൽ എന്നിവരാണ് ഇന്ത്യയുടെ ഓൾറൗണ്ടർമാരായി കഴിഞ്ഞ മത്സരങ്ങളിൽ കളിച്ചിട്ടുള്ളത്. എന്നാൽ ഇരു ഓൾറൗണ്ടർമാർക്കും മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചിട്ടില്ല.
ഈ സാഹചര്യത്തിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ താക്കൂർ കളിക്കുമോ അക്ഷർ കളിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഒപ്പം ജസ്പ്രീറ്റ് ബുമ്രയ്ക്ക് ഇന്ത്യ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ വിശ്രമം നൽകാൻ സാധ്യതകളുണ്ട്. ശ്രേയസ് അയ്യർ ഇതുവരെ തന്റെ ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ല. ഈ സാഹചര്യത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യ സൂര്യകുമാർ യാദവിന് അവസരം നൽകാനും സാധ്യതകൾ കാണുന്നു.
കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ഇന്ത്യയുടെ പേസ് നിരയെ വളരെ മികച്ച രീതിയിൽ ഉപയോഗിക്കാൻ നായകൻ രോഹിത് ശർമ്മയ്ക്ക് സാധിച്ചിട്ടുണ്ട്. ബൂമ്ര അടക്കമുള്ള ബോളർമാർക്ക് അധികം ജോലിഭാരം നൽകാതെയാണ് രോഹിത് ഉപയോഗിച്ചത്. ബൂമ്രാ പാക്കിസ്ഥാനെതിരെ അഞ്ചോവറുകളും ശ്രീലങ്കയ്ക്കെതിരെ ഏഴോവറുകളും മാത്രമാണ് എറിഞ്ഞത്. മുഹമ്മദ് സിറാജും രണ്ടു മത്സരങ്ങളിൽ നിന്ന് 10 ഓവറകളാണ് എറിഞ്ഞിട്ടുള്ളത്. ഇതൊക്കെയും ഇരുവർക്കും പരിക്ക് പറ്റാതിരിക്കാനയി രോഹിത്തെടുത്ത തീരുമാനങ്ങൾ തന്നെയാണ്. എന്തായാലും വരും മത്സരങ്ങളിൽ ഇതിനുള്ള ഗുണം ഇന്ത്യയ്ക്ക് ലഭിക്കും എന്നാണ് കരുതുന്നത്.
ബംഗ്ലാദേശിനെതിരായ മത്സരത്തിലും ഇന്ത്യയുടെ മുൻനിരയിൽ മാറ്റങ്ങൾ ഒന്നും ഉണ്ടാവാൻ സാധ്യതകൾ കാണുന്നില്ല. ഒരു പക്ഷേ ഇഷാൻ കിഷന് പകരം സൂര്യ കുമാർ യാദവും, അക്ഷർ പട്ടേലിന് പകരം ഷർദുൽ താക്കൂറും ഇന്ത്യൻ നിരയിൽ അണിനിരന്നേക്കും. ഫൈനലിന് മുമ്പ് ചില താരങ്ങൾക്ക് വിശ്രമം അനുവദിക്കാനുള്ള ഇന്ത്യയുടെ തയ്യാറെടുപ്പിന്റെ ഭാഗമായാണ് ഇത്. എന്നാൽ ഇതേ സംബന്ധിച്ചുള്ള പൂർണ്ണ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.