“ഷാക്കിബ് ഒക്കെ രോഹിതിനെ കണ്ട് പഠിക്കണം”. ടൈംഡ് ഔട്ട്‌ വിവാദത്തിൽ മുഹമ്മദ്‌ കൈഫ്‌.

2023 ഏകദിന ലോകകപ്പിലെ ഏറ്റവും നിരാശാജനകമായ സംഭവമായിരുന്നു ശ്രീലങ്കയും ബംഗ്ലാദേശും തമ്മിലുള്ള മത്സരത്തിനിടെ നടന്നത്. മത്സരത്തിൽ ശ്രീലങ്കൻ താരം ഏഞ്ചലോ മാത്യൂസ് പുറത്തായ രീതിയാണ് എല്ലാവരെയും ഞെട്ടിച്ചത്. ലോക ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി ഒരു ബാറ്റർ ടൈംഡ് ഔട്ടായി പുറത്തായത് മത്സരത്തിൽ ആയിരുന്നു. മത്സരത്തിൽ കൃത്യമായ സമയത്ത് എയ്ഞ്ചലോ മാത്യുസ് ക്രീസിലെത്തിയെങ്കിലും തന്റെ ഹെൽമറ്റിന്റെ സ്ട്രാപ്പ് പൊട്ടിയ സാഹചര്യത്തിൽ മറ്റൊരു ഹെൽമറ്റിന് ആവശ്യപ്പെടുകയായിരുന്നു.

അതിനാൽ തന്നെ നിശ്ചിത 2 മിനിറ്റിനുള്ളിൽ അടുത്ത ബോൾ നേരിടാൻ തയ്യാറാവാൻ മാത്യൂസിന് സാധിച്ചില്ല. ഈ സാഹചര്യത്തിൽ ബംഗ്ലാദേശ് നായകൻ ഷാക്കിബ് അമ്പയറോട് അപ്പീൽ ചെയ്യുകയും ടൈംഡ് ഔട്ട്‌ വിധിക്കുകയുമാണ് ഉണ്ടായത്. ഈ സംഭവത്തിന് ശേഷം ബംഗ്ലാദേശിനും നായകൻ ഷാക്കിബിനുമെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് പൊട്ടിപ്പുറപ്പെട്ടത്. ഏറ്റവും അപമാനകരമായ രീതിയിലാണ് ഷാക്കിബും ബംഗ്ലാദേശും ഇക്കാര്യത്തെ നേരിട്ടത് എന്ന് മുൻ താരങ്ങളടക്കം പ്രസ്താവിക്കുകയുണ്ടായി.

ഈ സംഭവത്തിൽ തന്റെ അഭിപ്രായം അറിയിച്ച് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് ആണ്. ബംഗ്ലാദേശ് ടീം മത്സരത്തിൽ ചെയ്തത് വളരെ മോശം പ്രവർത്തിയാണെന്നും, അവർ ഇന്ത്യൻ നായകൻ രോഹിത് ശർമയെ കണ്ടു പഠിക്കേണ്ടതുണ്ട് എന്നുമാണ് മുഹമ്മദ് കൈഫ് പറഞ്ഞത്. ഈ വർഷത്തിന്റെ തുടക്കത്തിൽ നടന്ന ഇന്ത്യ- ശ്രീലങ്ക മത്സരത്തിലെ ഒരു സംഭവം ചൂണ്ടിക്കാട്ടിയാണ് മുഹമ്മദ് കൈഫ് സംസാരിച്ചത്. 2023ന്റെ തുടക്കത്തിൽ ഇന്ത്യയും ശ്രീലങ്കയും തമ്മിൽ ഏറ്റുമുട്ടിയിരുന്നു.

അന്ന് ശ്രീലങ്കൻ നായകൻ ഷണക നോൺ സ്ട്രൈക്കർ എന്റിൽ നിൽക്കുമ്പോൾ, മങ്കാതിങ് ചെയ്യാൻ ഒരു അവസരം ഇന്ത്യൻ ബോളർ മുഹമ്മദ് ഷാമിക്ക് ലഭിച്ചു. ഷാമി നിയമത്തിന് അനുസൃതമായ രീതിയിൽ നോൺ സ്ട്രൈക്കർ എന്റിൽ നിന്ന ഷണകയെ റൺ ഔട്ടാക്കുകയും അപ്പീൽ ചെയ്യുകയുമുണ്ടായി. എന്നാൽ ഈ സമയത്ത് രോഹിത് ശർമ കൃത്യമായി ഇടപെട്ട് ആ അപ്പീൽ പിൻവലിക്കുകയായിരുന്നു.

ഇത്തരം പ്രവർത്തികൾ ബംഗ്ലാദേശ് ടീം കണ്ടു പഠിക്കേണ്ടതുണ്ട് എന്നാണ് കൈഫ് പറഞ്ഞത്. ഈ സംഭവമുണ്ടായ ശേഷം കൈഫ് തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്നു. ആ പോസ്റ്റ് എടുത്തുകാട്ടിയാണ് കൈഫ് സംസാരിച്ചത്. “രോഹിത് ശർമയുടെ നായകത്വത്തെ പറ്റിയുള്ള പൂർണമായ ധാരണയാണ് ആ അപ്പീൽ പിൻവലിച്ചതോടെ ലഭിച്ചത്. അയാൾ വിജയത്തിൽ വിശ്വസിക്കുന്നു. എന്നാൽ എന്തുചെയ്തും വിജയിക്കാം എന്ന മനോഭാവം രോഹിതിനീല്ല. ശരിയോ തെറ്റോ എന്നതല്ല, മനസ് പറയുന്നത് നമ്മൾ കേൾക്കുക എന്നതാണ്.”- കൈഫ് പറഞ്ഞു.

ഈ പോസ്റ്റ് ഷെയർ ചെയ്തു കൊണ്ട് “ഷാക്കിബ് രോഹിത് ശർമയിൽ നിന്ന് പഠിക്കൂ” എന്നാണ് കൈഫ് ശീർഷകമായി ചേർത്തത്. മത്സരത്തിലെ അപലപനീയമായ സംഭവം ചൂണ്ടിക്കാട്ടിയാണ് കൈഫ് സംസാരിച്ചത്. ഇനിയും ക്രിക്കറ്റിൽ ഇത്തരം കാര്യങ്ങൾ ഉണ്ടാവാൻ പാടില്ല എന്നും കൈഫ് പറയുകയുണ്ടായി. നിലവിൽ ഷാക്കിബിനെതിരെ വലിയ ആരോപണങ്ങൾ തന്നെയാണ് പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. മാന്യന്മാരുടെ കളിയായ ക്രിക്കറ്റിൽ ഇത്തരം പ്രവർത്തി ബംഗ്ലാദേശ് ടീം ചെയ്യാൻ പാടില്ലായിരുന്നു എന്ന് ആരാധകരടക്കം പറയുന്നു.

Previous article“ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മികച്ച ഇന്നിങ്സ്”- മാക്സ്വെല്ലിനെ പ്രശംസിച്ച് സച്ചിനും മുൻ താരങ്ങളും..
Next article“ലേശം ഉളുപ്പ് കാണിക്കൂ”. ഹസൻ റാസയ്ക്ക് മുഹമ്മദ്‌ ഷാമിയുടെ മാസ് മറുപടി.