“ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മികച്ച ഇന്നിങ്സ്”- മാക്സ്വെല്ലിനെ പ്രശംസിച്ച് സച്ചിനും മുൻ താരങ്ങളും..

maxwell double century

ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്സുകളിൽ ഒന്നാണ് ഓസ്ട്രേലിയൻ താരം മാക്സ്വെൽ അഫ്ഗാനിസ്ഥാനെതിരെ കാഴ്ചവച്ചത്. മത്സരത്തിൽ ഓസ്ട്രേലിയ വളരെയധികം സമ്മർദ്ദത്തിലായ സമയത്തായിരുന്നു മാക്സ്വെൽ ക്രീസിലെത്തിയത്. 91ന് 7 എന്ന നിലയിൽ തകർന്ന ഓസ്ട്രേലിയയെ വെടിക്കെട്ട് ഷോട്ടുകളുമായി കൈപിടിച്ചു കയറ്റുകയായിരുന്നു മാക്സ്വെൽ. തന്റെ പരിക്കിനെ പോലും അവഗണിച്ചുകൊണ്ട് ടീമിനായി പോരാട്ടം നയിക്കാൻ മാക്സ്വെല്ലിന് സാധിച്ചു. മത്സരത്തിൽ 128 പന്തുകളിൽ 201 റൺസാണ് മാക്സ്വെൽ നേടിയത്. ഈ തകർപ്പൻ ഇന്നിങ്സിന് പിന്നാലെ മാക്‌സ്വെല്ലിന് പ്രശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ താരങ്ങളൊക്കെയും. ഇതിൽ പ്രധാനമായും ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറാണ് മാക്സ്വെല്ലിനെ പ്രശംസ കൊണ്ട് മൂടിയിരിക്കുന്നത്.

“മാക്സിമം സമ്മർദ്ദത്തിൽ നിന്ന് മാക്സിമം പ്രകടനത്തിലേക്ക്. എന്റെ ജീവിതത്തിൽ കണ്ടിട്ടുള്ളതിൽ ഏറ്റവും മികച്ച ഏകദിന ഇന്നിംഗ്സാണ് ഇത്.”- മാക്സ്വെല്ലിന്റെ പ്രകടനത്തെ പുകഴ്ത്തി സച്ചിൻ ടെണ്ടുൽക്കർ തന്റെ ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു. ലോകകപ്പിൽ ഡബിൾ സെഞ്ച്വറി സ്വന്തമാക്കുന്ന മൂന്നാമത്തെ താരമാണ് മാക്സ്വെൽ. മാർട്ടിൻ ഗുപ്റ്റിൽ, ക്രിസ് ഗെയിൽ എന്നിവരാണ് മുൻപ് ടൂർണമെന്റിൽ ഡബിൾ സെഞ്ച്വറികൾ നേടിയിട്ടുള്ളത്. ഇരുവരും 2015ലെ ഏകദിന ലോകകപ്പിലായിരുന്നു ഡബിൾ സെഞ്ച്വറികൾ സ്വന്തമാക്കിയത്. ശേഷം മാക്സ്വെല്ലിന്റെ ഒരു അവിശ്വസനീയ ഇന്നിംഗ്സിലൂടെ മറ്റൊരു ഡബിൾ സെഞ്ച്വറി പിറന്നിരിക്കുകയാണ്.

Read Also -  മില്ലറുടെ രക്ഷാപ്രവര്‍ത്തനം. തകര്‍ച്ചയില്‍ നിന്നും വിജയത്തിലേക്ക് എത്തി സൗത്താഫ്രിക്ക

സച്ചിൻ ടെണ്ടുൽക്കർ മാത്രമല്ല മറ്റു താരങ്ങളും മാക്സ്വെല്ലിന് പ്രശംസകളുമായി രംഗത്തെത്തി. ഇംഗ്ലണ്ടിന്റെ ഓൾറൗണ്ടർ ബെൻ സ്റ്റോക്സ് മാക്സ്വെല്ലിനെ പ്രശംസിക്കാൻ മറന്നില്ല. “എന്തൊരു അവിശ്വസനീയ ഇന്നിംഗ്സാണ് മാക്സ്വെൽ” എന്നാണ് സ്റ്റോക്സ് കുറിച്ചത്. ഒപ്പം ഇംഗ്ലണ്ട് നായകൻ മൈക്കിൾ വോണും പ്രശംസകളുമായി രംഗത്തെത്തി. “ക്രിക്കറ്റ് മൈതാനത്ത് കണ്ടിട്ടുള്ളതിൽ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനമാണ് മത്സരത്തിൽ മാക്സ്വെൽ നടത്തിയത്. ഏറ്റവും മികച്ച ഇന്നിങ്സുകളിൽ ഒന്ന്. ഒരിക്കലും പരാജയം സമ്മതിക്കരുത് എന്ന വലിയ പാഠവും ഈ ഇന്നിങ്സ് നൽകുന്നു. മാക്സ്വെല്ലിന് അഭിനന്ദനങ്ങൾ. ഇതൊരു അവിശ്വസനീയ ഇന്നിംഗ്സ് തന്നെയായിരുന്നു.”- മൈക്കിൾ വോൺ കുറിച്ചു.

മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ് മാക്സ്വെല്ലിനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുകയുണ്ടായി. “മാക്സ്വെൽ ഒരു ലൈഫ് ടൈം ഇന്നിങ്സാണ് കളിച്ചത്. അഭിനന്ദനങ്ങൾ.”- യുവരാജ് സിംഗ് കുറിച്ചു. മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫാണ് പ്രശംസകളറിയിച്ച് രംഗത്തെത്തിയ മറ്റൊരു ക്രിക്കറ്റർ. അവിശ്വസനീയം എന്നായിരുന്നു മാക്സ്വെല്ലിന്റെ ഇന്നിംഗ്സിനെ കൈഫ് വിശേഷിപ്പിച്ചത്. ഇതുപോലെ ഒന്ന് താൻ ഇതുവരെ കണ്ടിട്ടില്ലയെന്നും കൈഫ് തന്റെ ട്വിറ്ററിൽ കുറിക്കുകയുണ്ടായി. ഈ തകർപ്പൻ വിജയത്തോടെ ഓസ്ട്രേലിയ ഏകദിന ലോകകപ്പിന്റെ സെമി ഫൈനലിലേക്ക് പ്രവേശിച്ചിട്ടുണ്ട്.

Scroll to Top