ലോകക്രിക്കറ്റ് വളരെയധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടൂർണമെന്നാണ് 2023 ഏകദിന ലോകകപ്പ്. ലോകകപ്പിലെ ഇന്ത്യ – പാകിസ്ഥാൻ മത്സരം അഹമ്മദാബാദിലെ നരേന്ദ്രമോഡി സ്റ്റേഡിയത്തിൽ വച്ച് നടക്കുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇതിന് പിന്നാലെ പാക്കിസ്ഥാൻ ടീമിന് അഹമ്മദാബാദ് സ്റ്റേഡിയത്തിൽ കളിക്കാൻ താല്പര്യമില്ലെന്നും, ഇതേ തുടർന്നാണ് ഔദ്യോഗികപരമായ വിവരങ്ങൾ പുറത്തു വിടാത്തത് എന്നുമുള്ള വാർത്തകളും എത്തിയിരുന്നു. എന്നാൽ പാക്കിസ്ഥാൻ അഹമ്മദാബാദിൽ കളിക്കാൻ തയ്യാറാവണം എന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ പാക്കിസ്ഥാൻ ഇതിഹാസം ഷാഹിദ് അഫ്രിദി.
അഹമ്മദാബാദിലെ പിച്ചിൽ കളിക്കാൻ പാകിസ്ഥാൻ വിമുഖത കാട്ടേണ്ട കാര്യമില്ല എന്നാണ് അഫ്രിദി പറയുന്നത്. “എന്തിനാണ് പാക്കിസ്ഥാൻ അഹമ്മദാബാദിൽ കളിക്കുന്നതിൽ ഇത്ര ബുദ്ധിമുട്ടുന്നത്? അവിടെ എന്താ പ്രേതബാധയുണ്ടോ? അല്ലെങ്കിലെന്താ തീ പിടിക്കുമോ? ധൈര്യമായി പോവൂ. അവിടെ കളിച്ചു വിജയിച്ചു വരൂ. നിങ്ങൾക്കു മുൻപിൽ വെല്ലുവിളികളുണ്ടെങ്കിൽ അതിനെ മറികടക്കാനുള്ള ഒരു വഴി ഇന്ത്യക്കെതിരെ ആ സ്റ്റേഡിയത്തിൽ ആധികാരികമായ ഒരു വിജയം നേടുക എന്നതാണ്. നിലവിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇന്ത്യക്കെതിരെ പാകിസ്താന്റെ വിജയം തന്നെയാണ്.”- അഫ്രിദി പറഞ്ഞു.
“ചുറ്റുമുള്ള നുണകളിൽ ശ്രദ്ധിക്കാതെ കാര്യങ്ങൾ പോസിറ്റീവായി എടുത്തെങ്കിൽ മാത്രമേ നമുക്ക് മുന്നോട്ട് പോകാൻ സാധിക്കൂ. ഇന്ത്യൻ ടീമിന് അഹമ്മദാബാദിൽ ആധിപത്യമുണ്ട്. എന്നാൽ അവിടെപോയി നിറഞ്ഞു കവിഞ്ഞു നിൽക്കുന്ന ഗ്യാലറികളെ സാക്ഷിയാക്കി വിജയിക്കുകയാണ് വേണ്ടത്. ഇന്ത്യൻ ആരാധകർക്ക് മുൻപിൽ നമ്മളാരാണ് എന്ന് കാണിച്ചു കൊടുക്കണം.”- ഒരു പ്രമുഖ വാർത്താ മാധ്യമത്തിനായി സംസാരിക്കവേ അഫ്രിദി പറഞ്ഞു.
എന്നാൽ ഇതുവരെ ലോകകപ്പിൽ പാകിസ്താന്റെ പങ്കാളിത്തത്തെ സംബന്ധിച്ചുള്ള സ്ഥിരീകരണം പോലും എത്തിയിട്ടില്ല. ലോകകപ്പ് കളിക്കുന്നതിനായി ഇന്ത്യയിലേക്ക് പാകിസ്ഥാൻ തങ്ങളുടെ ടീമിനെ അയക്കുമോ എന്ന കാര്യം ഇപ്പോഴും ആശങ്കയിൽ നിൽക്കുകയാണ്. ഇതിനെ സംബന്ധിച്ചുള്ള അവസാന തീരുമാനം പാക്കിസ്ഥാൻ ഗവൺമെന്റിന് വിട്ടിരിക്കുകയാണ് എന്നാണ് പിസിബി അറിയിച്ചിട്ടുള്ളത്. പാക്കിസ്ഥാൻ സർക്കാരിൽ നിന്ന് കൃത്യമായി അനുമതി ലഭിച്ചാൽ മാത്രമേ മറ്റുകാര്യങ്ങളിൽ ചർച്ച നടത്തൂ എന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ നേരത്തെ അറിയിച്ചിരുന്നു.