ഈ അടുത്താണ് പാകിസ്ഥാൻ ക്രിക്കറ്റ് ടീമിൻ്റെ താൽക്കാലിക ചീഫ് സെലക്ടറായി ഷാഹിദ് അഫ്രീദിയെ തിരഞ്ഞെടുത്തത്. ചീഫ് സെലക്ടറായി ചുമതല എടുത്തതിന് ശേഷം വമ്പൻ മാറ്റങ്ങൾക്കാണ് അഫ്രീദി തയ്യാറെടുക്കുന്നത്. പാക്കിസ്ഥാന് ശക്തമായി തിരിച്ചെത്തണമെങ്കിൽ മികച്ച പിച്ചുകൾ ഒരുക്കി പോസിറ്റീവ് ആയി കളിക്കണം എന്ന് അഫ്രീദി പറഞ്ഞിരുന്നു.
ഇപ്പോഴിതാ 20-20 ടീമില്‍ നിന്നും സ്ട്രൈക്ക് റേറ്റ് കുറഞ്ഞ താരങ്ങളെ ഒഴിവാക്കും എന്ന സൂചനയും നൽകിയിരിക്കുകയാണ് മുൻ പാക് ഇതിഹാസം. .”ഞങ്ങൾക്ക് ഹെഡ് കോച്ചുമായും ക്യാപ്റ്റനുമായും മികച്ച ചർച്ച നടത്തുവാൻ സാധിച്ചു. ഫലപ്രദമായ ചർച്ചയായിരുന്നു അത്. ഒരു ബ്രാൻഡ് ആയി പാക്കിസ്ഥാൻ ക്രിക്കറ്റ് മാറണമെങ്കിൽ മാറ്റങ്ങൾ അനിവാര്യമാണ്.
പോസിറ്റീവായി പാക്കിസ്ഥാൻ കളിക്കേണ്ടതുണ്ട്. ഞങ്ങളുടെ ലക്ഷ്യം മികച്ച പിച്ചുകൾ ഒരുക്കുക എന്നതാണ്. മത്സരങ്ങൾ ആവേശകരമാകണമെങ്കിൽ മികച്ച പിച്ചുകൾ ഒരുക്കണം. അവർ പേടി കൂടാതെ കളിച്ചാൽ മാത്രമാണ് പാക്കിസ്ഥാന് മേധാവിത്വം പുലർത്താൻ സാധിക്കുകയുള്ളൂ. മികച്ച പിച്ചുകൾ അതിനായി ഒരുക്കേണ്ടതുണ്ട്.
135നു താഴെ സ്ട്രൈക്ക് റേറ്റുള്ള ആഭ്യന്തര ക്രിക്കറ്റിലെ താരങ്ങളെ 20-20 ടീമിൽ ഉൾപ്പെടുത്തില്ല. ഭാവിയിൽ ക്രിക്കറ്റ് വളരെയധികം ബുദ്ധിമുട്ടുള്ളതാകും. യുവ താരങ്ങളെ മാനസികമായും ശാരീരികമായും കരുത്തരാക്കേണ്ടതുണ്ട്.”-പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പങ്കുവെച്ച വീഡിയോയിൽ മുൻ പാക് ഇതിഹാസം പറഞ്ഞു.