ഷാഹീൻ അഫ്രീദി വല്യ സംഭവമല്ല. വസിം അക്രവുമായി താരതമ്യം ചെയ്യരുത്. രവി ശാസ്ത്രി പറയുന്നു.

പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിൽ തകർപ്പൻ വിജയം സ്വന്തമാക്കിയതോടെ വലിയ ആവേശത്തിലാണ് ഇന്ത്യൻ ടീം. മത്സരത്തിൽ ശക്തമായ പാക്കിസ്ഥാൻ ബാറ്റിംഗ് നിരയെ കേവലം 191 റൺസിന് പുറത്താക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. മറുപടി ബാറ്റിംഗിൽ രോഹിത് ശർമ പാക്കിസ്ഥാൻ ബോളർക്കെതിരെ ആക്രമണം അഴിച്ചുവിട്ടതോടെ അനായാസം ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു.

പവർപ്ലേ ഓവറുകളിൽ തന്നെ പാക്കിസ്ഥാന്റെ മുൻനിര ബോളർമാർക്കെതിരെ ആധിപത്യം സ്ഥാപിക്കാൻ രോഹിത്തിന് സാധിച്ചു. ആദ്യ പവർപ്ലെയിൽ ഇന്ത്യ നേടിയ 79 റൺസിൽ 60% റൺസും നേടിയത് രോഹിത് ആയിരുന്നു. ഷാഹിൻ അഫ്രിദി ഇന്ത്യക്കെതിരെ തീയായി മാറുമെന്ന് മുൻപ് പലരും പ്രവചിച്ചിരുന്നുവെങ്കിലും അത് സംഭവിച്ചില്ല. ഇപ്പോൾ അഫ്രീദിയെ കുറിച്ച് വലിയ പ്രസ്താവനകളുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം രവി ശാസ്ത്രി.

ഒരു കാരണവശാലും ഷാഹിൻ അഫ്രിദിയെ ഇനിയും ഇതിഹാസ ബോളർ വസീം അക്രവുമായി താരതമ്യം ചെയ്യരുത് എന്നാണ് രവി ശാസ്ത്രി പറയുന്നത്. സാധാരണ ഒരു ബോളർ എന്നതിലുപരി സ്പെഷ്യലായി ഒന്നും തന്നെ അഫ്രീദിയിലില്ല എന്ന് ശാസ്ത്രി പറയുന്നു. “പാക്കിസ്ഥാനായി മത്സരത്തിൽ നസീം ഷാ കളിച്ചിരുന്നില്ല. സ്പിന്നർമാരുടെ നിലവാരത്തിലും പാക്കിസ്ഥാൻ താഴെയായിരുന്നു.

മാത്രമല്ല ഷാഹിൻ അഫ്രീദി എന്ന ബോളർ ഒരിക്കലും വസീം അക്രമാവുകയില്ല. ഷാഹിൻ തീർച്ചയായും മികച്ച ബോളറാണ്. ന്യൂബോളിൽ വിക്കറ്റുകൾ സ്വന്തമാക്കാനും ഷാഹിന് സാധിക്കും. എന്നാൽ മറ്റൊരു ബോളറിലും കാണാത്ത സ്പെഷ്യാലിറ്റി ഷാഹിദ് അഫ്രീദിക്കില്ല. അയാൾ ഒരു ഡീസന്റ് ബോളർ മാത്രമാണ്. വലിയ സംഭവമല്ല. സത്യം നമ്മൾ അംഗീകരിക്കേണ്ടതുണ്ട്.”- ശാസ്ത്രി പറഞ്ഞു.

മത്സരത്തിൽ ഷാഹിൻ അടക്കമുള്ള ബോളർമാർ നടത്തിയ മോശം പ്രകടനത്തെ രവിശാസ്ത്രി എടുത്തു കാട്ടുകയുണ്ടായി. “എതിർ ടീമുകളിൽ നിന്നും മത്സരം റാഞ്ചാനുള്ള കഴിവുള്ള താരമാണ് മുഹമ്മദ് റിസ്വാൻ. മത്സരത്തിന്റെ സാഹചര്യത്തിനനുസരിച്ച് കളിക്കാൻ റിസ്വാന് സാധിക്കും. അതിനാൽ തന്നെ മത്സരത്തിൽ അയാളുടെ വിക്കറ്റ് നിർണായകമായിരുന്നു. റിസ്വാൻ കുറച്ചു സമയം കൂടി ക്രീസിൽ തുടർന്നിരുന്നെങ്കിൽ പാകിസ്താന് 250 റൺസെങ്കിലും നേടാൻ സാധിക്കുമായിരുന്നു. എന്നാൽ ബൂമ്ര റിസ്വാനെ പുറത്താക്കി. അടുത്ത ഓവറിൽ ബൂമ്രയ്ക്ക് അടുത്ത വിക്കറ്റും ലഭിച്ചു.”- ശാസ്ത്രി കൂട്ടിച്ചേർത്തു.

“പാക്കിസ്ഥാൻ തങ്ങളുടെ ഇന്നിംഗ്സിൽ നിന്ന് ഒന്നും തന്നെ പഠിച്ചില്ല. കാരണം അവസാന ഓവറുകളിലാണ് ഷാഹിൻ ഷാ അഫ്രീദി രോഹിത് ശർമയ്ക്കെതിരെ ഒരു കട്ടർ പന്തറിഞ്ഞത്. രോഹിത് ആ ബോളിൽ ഔട്ട് ആവുകയും ചെയ്തു. ന്യൂ ബോൾ മുതൽ പാക്കിസ്ഥാൻ ഇന്ത്യക്കെതിരെ കട്ടർ എറിയുമെന്നാണ് എല്ലാവരും കരുതിയത്. ന്യൂബോൾ ഒരു നിശ്ചിത പേസിൽ എറിയണമെന്ന് എവിടെയും എഴുതി വെച്ചിട്ടില്ല. നമുക്ക് കൃത്യമായി പേസിൽ മാറ്റങ്ങൾ വരുത്താൻ സാധിക്കണം. എന്നാൽ ഇത്തരത്തിലുള്ള മാറ്റങ്ങളൊന്നും പാകിസ്ഥാൻ ബോളർമാരിൽ നിന്ന് കണ്ടില്ല.”- ശാസ്ത്രി പറഞ്ഞു വെക്കുന്നു.

Previous articleഒരു മത്സരത്തിലെ മോശം പ്രകടനംകൊണ്ട് ഞാനൊരു മോശം ബോളറാവില്ല. വിമർശനങ്ങൾക്കെതിരെ സിറാജ്.
Next articleഅമ്പമ്പോ, ഞെട്ടിക്കുന്ന അട്ടിമറി. ലോക ചാമ്പ്യൻമാരെ തോൽപിച്ച് അഫ്ഗാനിസ്ഥാൻ.