ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ, തന്‍റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ജസ്പ്രീത് ബുംറ പുറത്തെടുത്തത്. 19 റണ്‍സ് വഴങ്ങി 6 വിക്കറ്റെടുത്ത താരം, ഇംഗ്ലണ്ടിനെ 110 റണ്‍സില്‍ പുറത്താക്കിയിരുന്നു. സീരീസിലെ ആദ്യ മത്സരത്തിലെ പ്രകടനത്തിന് ശേഷം, ഇന്ത്യന്‍ പേസർ ഏറ്റവും പുതിയ ഐസിസി ഏകദിന ബോളിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.
നാസർ ഹുസൈൻ, സച്ചിൻ ടെണ്ടുൽക്കർ എന്നിവരുൾപ്പെടെ നിരവധി മുൻ ക്രിക്കറ്റ് താരങ്ങൾ ബുംറയെ ഇപ്പോൾ ലോകത്തിലെ ഏറ്റവും മികച്ച ഓൾ ഫോർമാറ്റ് ബൗളറായാണ് വിശേഷിപ്പിക്കുന്നത്. അടുത്തിടെ നടന്ന ടെസ്റ്റ് മത്സരത്തിലും ടി20 പരമ്പരയിലും ഇപ്പോൾ ഏകദിന പരമ്പരയിലും അദ്ദേഹത്തിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഇങ്ങനെ വിശേഷിപ്പിക്കാന്‍ കാരണം. ഇപ്പോഴിതാ ഷഹീൻ ഷാ അഫ്രീദി ബുംറയ്ക്ക് തുല്യനാണെന്ന് പറയുകയാണ് മുൻ പാകിസ്ഥാൻ നായകൻ സൽമാൻ ബട്ട്.
“നോക്കൂ, ഷഹീൻ അത്രയധികം ക്രിക്കറ്റ് കളിച്ചിട്ടില്ല, പക്ഷേ അവൻ ഏറ്റവും മികച്ച താരമാണ്. അവൻ അവനെക്കാൾ (ബുമ്ര) ഒട്ടും കുറഞ്ഞവനല്ല. വാസ്തവത്തിൽ, അനുഭവപരിചയമുള്ള ഷഹീൻ കൂടുതൽ മെച്ചപ്പെടും, ഷഹീന് കൂടുതൽ വേഗതയുണ്ട്, ” ബട്ട് തന്റെ YouTube ചാനലിൽ പറഞ്ഞു.
ബുംറയുമായി താരതമ്യപ്പെടുത്തുമ്പോൾ, ഷഹീൻ അഫ്രീദി പുതിയ ആളാണ്, കാരണം 2013-ൽ ബുംറ അരങ്ങേറ്റം കുറിച്ചതിന് അഞ്ച് വർഷത്തിന് ശേഷമാണത 2018-ൽ ഷഹീന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ എത്തിയത്, അന്താരാഷ്ട്ര തലത്തിൽ ഇതിനകം തന്നെ നിലയുറപ്പിച്ച ബുംറയേക്കാൾ കുറച്ച് മത്സരങ്ങളിൽ മാത്രമാണ് ഷഹീന്‍ കളിച്ചത്.
“നോക്കൂ, ഇരുവരും ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ചവരാണ്, അവർ പന്തെറിയുന്നത് കാണുന്നത് ആവേശകരമായ അനുഭവമാണ്. ബുംറയുടെയും ഷഹീന്റെയും പ്രകടനം കാണുന്നത് വളരെ രസകരമാണ്, ന്യൂ ബോളില്‍ അവർ പന്തെറിയുന്ന രീതി എപ്പോൾ വേണമെങ്കിലും ഒരു വിക്കറ്റ് വീണേക്കാമെന്ന് തോന്നുന്നു. മറ്റേതെങ്കിലും ബൗളറെ കാണുമ്പോൾ നിങ്ങൾക്ക് ഈ തോന്നൽ ഉണ്ടാകില്ല, ”അദ്ദേഹം കൂട്ടിച്ചേർത്തു.
ഇരുവരും കളിച്ച ഗെയിമുകളുടെ എണ്ണം കണക്കിലെടുക്കുമ്പോൾ, രണ്ടുപേരും തമ്മിൽ ഒരു താരതമ്യവും പാടില്ലെന്നാണ് ബട്ട് പറയുന്നത്. “എന്നിരുന്നാലും, 21 കാരനായ ഒരു ബൗളർക്ക് തന്റെ പ്രകടനം കാഴ്ചവെക്കുക എളുപ്പമല്ല. രണ്ടും മികച്ചതാണ്. വ്യക്തമായും, ബുംറ വളരെയധികം കളിച്ചിട്ടുണ്ട്, കൂടാതെ ഒരു മികച്ച താരമാണ്, അതിനാൽ ഇപ്പോൾ ഒരു താരതമ്യവും പാടില്ല. ഒരാൾ ഒരുപാട് കളിച്ചു, മറ്റൊരാൾ അധികം കളിച്ചിട്ടില്ല, ”അദ്ദേഹം പറഞ്ഞു.