അണ്ടർ 19 കിരീടം നേടിയ എട്ട് താരങ്ങൾ ഐപിൽ ലേലത്തിലേക്കില്ല : ബിസിസിഐയുടെ നിയമം തിരിച്ചടിയായി

ഇന്ത്യൻ ക്രിക്കറ്റിന്റെ അഭിമാനം ഒരിക്കൽ കൂടി ഉയർത്തിയാണ് അണ്ടർ 19 ലോകകപ്പ് കിരീടം ഇന്ത്യൻ ടീം വീണ്ടും സ്വന്തമാക്കിയത്. അഞ്ചാം അണ്ടർ 19 കിരീടം നേടി ഐസിസി ചരിത്രത്തിൽ തന്നെ മറ്റൊരു അപൂർവ്വ റെക്കോർഡും കരസ്ഥമാക്കിയ യുവ ഇന്ത്യൻ ടീമിലെ താരങ്ങൾ എല്ലാം നൽകുന്നത് വാനോളം പ്രതീക്ഷകൾ. അണ്ടർ 19 ലോകകപ്പ് സ്‌ക്വാഡിന്റെ ഭാഗമായ താരങ്ങൾക്കും സപ്പോർട്ടിങ് സ്റ്റാഫിനും എല്ലാം കഴിഞ്ഞ ദിവസം തന്നെ ബിസിസിഐ സമ്മാനം പ്രഖ്യാപിച്ചിരുന്നു.

എന്നാൽ ഇപ്പോൾ ബിസിസിഐയുടെ മറ്റൊരു അറിയിപ്പ് 8 അണ്ടർ 19 താരങ്ങൾക്ക് സമ്മാനിച്ചത് കനത്ത തിരിച്ചടി. യുവ ടീമിലെ മിക്ക താരങ്ങളും ഭാവി ഇന്ത്യൻ ടീമിന്റെ തന്നെ സൂപ്പര്‍ താരങ്ങളായി മാറുമെന്നുള്ള പ്രതീക്ഷകൾ മുൻ താരങ്ങൾ അടക്കം ഇതിനകം പങ്കുവെച്ച് കഴിഞ്ഞു. വരുന്ന മെഗാ താരലേലത്തിൽ അണ്ടർ 19 ലോകകപ്പ് കളിച്ച ചില താരങ്ങൾക്ക് കോടികൾ ലഭിക്കുമെന്നും ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു.

അതേസമയം ലോകകപ്പ് ജയത്തിന്റെ ഭാഗമായി എങ്കിലും 8 യുവ താരങ്ങൾക്ക് ഐപിൽ ലേലത്തിലേക്ക് യോഗ്യതയില്ല എന്നാണ് ബിസിസിഐ അറിയിക്കുന്നത്. ഐപിൽ ലേലത്തിലേക്കുള്ള പ്രവേശന പ്രക്രിയയിൽ വളരെ നിർണായകമായ നിയമമാണ് താരങ്ങൾക്ക് മുൻപിൽ പ്രശ്നമായി മാറിയത്.അണ്ടർ 19 ടീമിന്റെ ഭാഗമായ താരങ്ങളിൽ ഒരു ലിസ്റ്റ് എ മാച്ച് അല്ലെങ്കിൽ ഒരു ഫസ്റ്റ് ക്ലാസ്സ്‌ മത്സരം എങ്കിലും കളിച്ചവർക്ക് മാത്രമേ മെഗാ ലേലത്തിലേക്ക് സ്ഥാനം നേടാനായി കഴിയൂ. അപ്രകാരമാണ് നിയമമെന്ന് ഇന്ത്യൻ ക്രിക്കറ്റ്‌ ബോർഡ് അധികൃതർ അറിയിക്കുന്നു.

ഇതോടുകൂടി ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുത്ത് കയ്യടികൾ നേടിയ വിക്കെറ്റ് കീപ്പർ ദിനേശ് ബാന, വൈസ് ക്യാപ്റ്റൻ ഷെയ്ക്ക് റഷീദ്, പേസർ രവി കുമാർ,നിഷാന്ത് സിന്ധു, സിദ്ധാർഥ് യാദവ്,ആംഗ്രിഷ് രഘുവംശി, മാനവ് പരാഗ്,ഗാർവ് സാങ്വാൻ എന്നിവർ ലേലത്തിന്റെ ഭാഗമാകില്ല. ഇത്തവണ ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും മികച്ച പ്രകടനം പുറത്തെടുത്ത ഈ താരങ്ങൾ കോടികൾ ലേലത്തിൽ സ്വന്തമാക്കാൻ ചാൻസ് ധാരാളമായിരുന്നു.

Previous articleനിന്നെ ഇനി ഇന്ത്യന്‍ ടീമില്‍ ആവശ്യമില്ലാ ! രഞ്ജി കളിക്കാനില്ല എന്നറിയിച്ചു സാഹ
Next articleബാംഗ്ലൂരിന്റെ ഭാവി നായകൻ അയാൾ : പ്രവചനവുമായി മുൻ താരം