“ഇന്ന് കോഹ്ലി കളിച്ചത് സെഞ്ച്വറിയ്ക്ക് വേണ്ടി മാത്രം” ടീമിന് പ്രാധാന്യം നൽകണമെന്ന് ആരാധകർ.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന ലോകകപ്പ് മത്സരത്തിൽ ഇന്ത്യക്കായി മികച്ച ഒരു സെഞ്ച്വറി സ്വന്തമാക്കാൻ വിരാട് കോഹ്ലിക്ക് സാധിച്ചു. മത്സരത്തിൽ 119 പന്തുകൾ നേരിട്ടായിരുന്നു വിരാട് കോഹ്ലി തന്റെ സെഞ്ച്വറി നേടിയത്. ഏകദിന കരിയറിലെ തന്റെ 49ആം സെഞ്ച്വറിയാണ് വിരാട് മത്സരത്തിൽ നേടിയത്. ഇതോടെ സച്ചിൻ ടെണ്ടുൽക്കറുടെ സെഞ്ച്വറി റെക്കോർഡിനൊപ്പമെത്താൻ വിരാട് കോഹ്ലിക്ക് സാധിച്ചിട്ടുണ്ട്. പക്ഷേ ഈ ഇന്നിംഗ്സിന് തൊട്ട് പിന്നാലെ ഒരുപാട് വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിലും മറ്റും കോഹ്ലിക്കെതിരെ ഉയരുന്നത്. മത്സരത്തിൽ സെഞ്ച്വറി നേടാനായി വിരാട് പതിഞ്ഞ താളത്തിൽ കളിച്ചു എന്നാണ് സാമൂഹ്യ മാധ്യമങ്ങളിൽ ആരാധകർ കുറിച്ചിരിക്കുന്നത്.

മത്സരത്തിൽ രോഹിത് ശർമ്മ പുറത്തായ ശേഷം ക്രീസിലെത്തിയ വിരാട് കോഹ്ലി സ്വതസിദ്ധമായ ശൈലിയിൽ നിന്നും മാറിയാണ് കളിച്ചത്. പിച്ച് സ്ലോ ആയതിനാൽ തന്നെ തന്റെ ഇന്നിംഗ്സിന്റെ ആദ്യ പകുതിയിൽ വിരാട് പതിയെയാണ് നീങിയത്. 67 പന്തുകൾ നേരിട്ട് ആയിരുന്നു കോഹ്ലി തന്റ അർത്ഥസെഞ്ച്വറി പൂർത്തീകരിച്ചത്. അതിനുശേഷം കോഹ്ലി പതിഞ്ഞ താളത്തിൽ തന്നെ കളിച്ചു. ഇതോടെയാണ് ആരാധകർക്കടക്കം വലിയ രീതിയിലുള്ള സംശയങ്ങൾ ഉദിച്ചത്. ഇന്നിംഗ്സിന്റെ അവസാന സമയങ്ങളിലും വേണ്ട രീതിയിൽ ബൗണ്ടറികൾ സ്വന്തമാക്കാൻ വിരാട് കോഹ്ലിക്ക് സാധിച്ചില്ല. പലപ്പോഴും സിംഗിളുകൾ നേടാനും ഡബിളുകൾ നേടാനുമാണ് വിരാട് കോഹ്ലി ശ്രമിച്ചത്.

മത്സരത്തിന്റെ 49ആം ഓവറിന്റെ മൂന്നാം പന്തിലായിരുന്നു വിരാട് കോഹ്ലി തന്റെ സെഞ്ച്വറി പൂർത്തീകരിച്ചത്. എന്നിരുന്നാലും അവസാന ഓവറുകളിൽ വിരാട് കോഹ്ലിയുടെ ബാറ്റിൽ നിന്ന് വെടിക്കെട്ട് ഷോട്ടുകൾ വരാതിരുന്നത് ആരാധകരെ വലിയ രീതിയിൽ നിരാശയിലാക്കി. ‘കോഹ്ലി ഇന്ത്യൻ ടീമിന് കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ട്’ എന്നാണ് ചില ആരാധകർ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഇന്നത്തെ കോഹ്ലിയുടെ ഇന്നിങ്സ് ഒരിക്കലും ടീമിനു വേണ്ടി ആയിരുന്നില്ലയെന്നും തന്റെ സ്വാർത്ഥമായ നേട്ടത്തിന് വേണ്ടിയായിരുന്നുവെന്നും ചില ആരാധകർ പറയുന്നു. ‘ലോകകപ്പിന് ശേഷവും വേണമെങ്കിൽ കോഹ്ലിയ്ക്ക് കളിക്കാമല്ലോ, പിന്നെ എന്തിനാണ് ലോകകപ്പിൽ തന്നെ ഇത്തരം ഒരു പരീക്ഷണം നടത്തുന്നത്’ എന്നാണ് ചില ആരാധകർ ചോദിക്കുന്നത്.

വരും മത്സരങ്ങളിലും കോഹ്ലി ഇത്തരത്തിൽ സ്വാർത്ഥമായി കളിച്ചാൽ അത് ഇന്ത്യയെ ബാധിക്കും എന്നാണ് സോഷ്യൽ മീഡിയ ആരാധകർ കുറിക്കുന്നത്. എന്തായാലും കോഹ്ലിയുടെ ഈ സെഞ്ചുറി വരും ദിവസങ്ങളിൽ ഒരുപാട് പഴി കേൾക്കാൻ സാധ്യതയുണ്ട് എന്നത് ഉറപ്പാണ്. എന്നിരുന്നാലും മത്സരത്തിൽ ഇന്ത്യയെ 326 എന്ന ശക്തമായ സ്കോറിലെത്തിക്കാൻ കോഹ്ലിയുടെ ഈ സെഞ്ച്വറിക്ക് ഒരു പരിധിവരെ കഴിഞ്ഞിട്ടുണ്ട്. മത്സരത്തിൽ ഒരു ശക്തമായ ബോളിംഗ് പ്രകടനം പുറത്തെടുത്ത് ദക്ഷിണാഫ്രിക്കയെ മുട്ടുകുത്തിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ.

Previous articleകോഹ്ലി ഫയർ, ശ്രെയസ് സ്വാഗ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 326 റൺസ്.
Next articleഡികോക്കിന്റെ കുറ്റിതെറിപ്പിച്ച് സിറാജ് അറ്റാക്ക്.. ഇന്ത്യയ്ക്ക് മികച്ച തുടക്കം