ഡികോക്കിന്റെ കുറ്റിതെറിപ്പിച്ച് സിറാജ് അറ്റാക്ക്.. ഇന്ത്യയ്ക്ക് മികച്ച തുടക്കം

de kock vs siraj

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന ലോകകപ്പിലെ മത്സരത്തിൽ ഇന്ത്യയ്ക്ക് ബോളിങ്ങിൽ ഒരു തകർപ്പൻ തുടക്കം നൽകി മുഹമ്മദ് സിറാജ്. ടൂർണമെന്റിലുടനീളം മികച്ച ഫോമിൽ കളിച്ച ഡീകോക്കിന്റെ വിക്കറ്റ് വീഴ്ത്തിയാണ് സിറാജ് ഇന്ത്യയ്ക്ക് തകർപ്പൻ തുടക്കം നൽകിയത്. ഇന്ത്യയുയർത്തിയ 327 എന്ന വിജയലക്ഷ്യം പിന്തുടങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് കനത്ത തിരിച്ചടി തന്നെയാണ് ഡീകോക്കിന്റെ വിക്കറ്റ്. കഴിഞ്ഞ മത്സരങ്ങളിലൊക്കെയും ഡികോക്ക് നൽകിയ തകർപ്പൻ തുടക്കങ്ങളായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് കരുത്തായിരുന്നത്. എന്നാൽ മത്സരത്തിൽ ഇന്ത്യയ്ക്ക് നിർണായകമായ ഒരു ബ്രേക്ക് ആണ് സിറാജ് നൽകിയിരിക്കുന്നത്.

മത്സരത്തിൽ ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിലെ രണ്ടാം ഓവറിലെ നാലാം പന്തിലാണ് സിറാജ് ഡികോക്കിനെ വീഴ്ത്തിയത്. സിറാജിന്റെ പന്ത് ഒരു ലെങ്ത് ബോൾ ആയിരുന്നു. ആംഗിൾ ചെയ്തു വന്ന പന്ത് ഡികോക്ക് ഡ്രൈവ് ചെയ്യാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ബാറ്റിന്റെ ഇൻസൈഡ് എഡ്ജിൽ കൊണ്ട പന്ത് കൃത്യമായി സ്റ്റമ്പ് പിഴുതെറിയുകയുണ്ടായി. ഇത് ആദ്യമായല്ല സിറാജ് ഇന്ത്യയ്ക്കായി പവർപ്ലെ ഓവറുകളിൽ തന്നെ വിക്കറ്റ് സ്വന്തമാക്കുന്നത്. ഈ ലോകകപ്പിലുടനീളം ഇന്ത്യയ്ക്ക് ഇത്തരത്തിൽ ആദ്യ ഓവറുകളിൽ വിക്കറ്റ് ലഭിച്ചിരുന്നു. എന്തായാലും ഡികോക്ക് മടങ്ങിയത് ഇന്ത്യയ്ക്ക് മത്സരത്തിൽ വലിയ ആശ്വാസമാണ് നൽകിയിരിക്കുന്നത്.

മത്സരത്തിൽ 10 പന്തുകൾ നേരിട്ട ഡികോക്ക് 5 റൺസ് മാത്രമാണ് നേടിയത്. ഒരു ബൗണ്ടറിയാണ് ഡികോക്കിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടത്. എന്നിരുന്നാലും ശക്തമായ ഒരു ബാറ്റിംഗ് നിര ഇപ്പോഴും ദക്ഷിണാഫ്രിക്കയ്ക്കുണ്ട്. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയ്ക്ക് ഒരു വെടിക്കെട്ട് തുടക്കമാണ് നായകൻ രോഹിത് ശർമ നൽകിയത്. ശേഷം വിരാട് കോഹ്ലിയും ശ്രേയസ് അയ്യരും ക്രീസിലുറച്ചപ്പോൾ ഇന്ത്യ ശക്തമായ ഒരു സ്കോറിലേക്ക് നീങ്ങുകയായിരുന്നു. വിരാട് കോഹ്ലി തന്റെ ഏകദിന കരിയറിലെ 49 ആം സെഞ്ചുറി മത്സരത്തിൽ നേടുകയുണ്ടായി. 121 പന്തുകളിൽ 101 റൺസാണ് വിരാട് മത്സരത്തിൽ സ്വന്തമാക്കിയത്.

See also  "എവിടെയാണ് തോറ്റത്" പരാജയ കാരണം പറഞ്ഞ് സഞ്ജു സാംസൺ

അയ്യർ മത്സരത്തിൽ 87 റൺസ് നേടി. ഇരുവരുടെയും മികച്ച ബാറ്റിംഗിന്റെ ബലത്തിൽ ഇന്ത്യ 326 എന്ന സ്കോറിൽ എത്തുകയായിരുന്നു. ശേഷമാണ് സിറാജ് ഡികോക്കിനെ വീഴ്ത്തി ഇന്ത്യയ്ക്ക് ഒരു തകർപ്പൻ തുടക്കം നൽകിയത്. ഇന്ത്യയെ സംബന്ധിച്ച് മത്സരത്തിൽ വിജയം നേടി ഒന്നാം സ്ഥാനക്കാരായി സെമിഫൈനൽ എത്താനാണ് ശ്രമിക്കുന്നത്. മാത്രമല്ല ടൂർണമെന്റിൽ ഇന്ത്യയ്ക്ക് വെല്ലുവിളി ഉയർത്തുന്ന ഏക ടീമും ദക്ഷിണാഫ്രിക്ക തന്നെയാണ്. ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയാൽ ഇന്ത്യയ്ക്ക് ലോകകപ്പ് കിരീടം ഉയർത്താനുള്ള സാധ്യതകൾ വർദ്ധിക്കും.

Scroll to Top