ടീമിൽ ഇഷാനോ ശ്രേയസോ വേണ്ടത്? ബാറ്റിങ് ലൈനപ്പ് തിരഞ്ഞെടുത്ത് വിരേന്ദർ സേവാഗ്.

ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള അവസാനഘട്ട തയ്യാറെടുപ്പുകളിലാണ് ഇന്ത്യ. വലിയ പ്രതീക്ഷയോടെ തന്നെയാണ് ഇത്തവണ ഇന്ത്യ ലോകകപ്പ് നോക്കിക്കാണുന്നത്. ഇന്ത്യയിൽ നടക്കുന്ന ലോകകപ്പായതിനാൽ കിരീട സാധ്യത കൂടുതൽ ഇന്ത്യൻ ടീമിനാണ്. ആതിഥേയരെന്ന മുൻതൂക്കം പരമാവധി ഉപയോഗപ്പെടുത്തി കിരീടം സ്വന്തമാക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം.

മാത്രമല്ല സമീപകാലത്തെ ഇന്ത്യൻ ടീമിന്റെ പ്രകടനങ്ങളൊക്കെയും വലിയ പ്രതീക്ഷകൾ നൽകുന്നതാണ്. 2023 ഏഷ്യാകപ്പിലടക്കം വലിയ വിജയങ്ങൾ സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. എന്നാൽ പ്രതിഭകളുടെ ധാരാളിത്തമാണ് ഇന്ത്യ ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. മികച്ച താരങ്ങൾ സ്ക്വാഡിലുണ്ടെങ്കിലും, അതിൽ ആരെയൊക്കെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തണമെന്ന കാര്യത്തിൽ വലിയ ആശയക്കുഴപ്പം നിലനിൽക്കുന്നു.

ഇന്ത്യയുടെ മധ്യനിരയിൽ രാഹുലിന് സീറ്റ് ലഭിക്കുമെന്ന കാര്യം ഉറപ്പാണ്. എന്നാൽ ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ് എന്നിവരിൽ ആരെ ഇന്ത്യ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തുമെന്ന ചോദ്യം നിലനിൽക്കുന്നു. ഇക്കാര്യത്തിൽ അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ്.

ഇന്ത്യയുടെ ബാറ്റിംഗ് ഓർഡർ ഈ ലോകകപ്പിൽ ഏതുതരത്തിൽ ക്രമീകരിക്കണം എന്നാണ് സേവാഗ് പറയുന്നത്. “ഇന്ത്യക്കായി ആറാം നമ്പറിൽ രാഹുലും ഏഴാം നമ്പരിൽ ഹർദിക് പാണ്ട്യയുമാണ് ഇപ്പോൾ അവസരം അന്വേഷിക്കുന്നത്. ഈ സാഹചര്യത്തിൽ സൂര്യകുമാർ യാദവ് ഇന്ത്യയുടെ പ്ലെയിങ് ഇലവനിൽ ഉണ്ടാവാൻ സാധ്യതയില്ല. ഇന്ത്യയെ സംബന്ധിച്ച് രാഹുലിനെ അഞ്ചാം നമ്പറിലും ഹർദിക് പാണ്ട്യയെ ആറാം നമ്പറിലും കളിപ്പിക്കാൻ സാധിക്കും. പിന്നീട് ബോളർമാരാവും വരിക.”- സേവാഗ് പറയുന്നു.

“മുൻപ് ഓസ്ട്രേലിയക്കെതിരെ ശ്രേയസ് അയ്യർ സെഞ്ച്വറി നേടിയിരുന്നു. ഈ സെഞ്ച്വറിയോടെ ഇഷാനെ മറികടന്ന് പ്ലെയിങ് ഇലവനിലെത്താൻ ശ്രേയസ് അയ്യർക്ക് സാധിക്കുമോ എന്നത് ഒരു ചോദ്യമാണ്. അങ്ങനെ അയ്യർ പ്ലെയിങ് ഇലവനിൽ വന്നാൽ 4,5,6 ബാറ്റിംഗ് പൊസിഷനുകളിൽ അയ്യർ, രാഹുൽ, ഹർദിക് എന്നിവർ കളിക്കും. ഇതിനൊപ്പം പ്രധാനപ്പെട്ട മറ്റൊരു കാര്യം ഹർദിക് പാണ്ഡ്യയ്ക്ക് 10 ഓവറുകൾ പന്തെറിയാൻ സാധിക്കുമോ എന്നതാണ്. ഇങ്ങനെ 10 ഓവറുകൾ പാണ്ഡ്യയ്ക്ക് എറിയാൻ സാധിക്കില്ലെങ്കിൽ ഇന്ത്യ മറ്റൊരു ബോളറെ കൂടി പ്ലെയിങ് ഇലവനിലേക്ക് പരിഗണിക്കേണ്ടിവരും.”- സേവാഗ് കൂട്ടിച്ചേർത്തു.

“ഒരു പക്ഷേ സൂര്യകുമാറിനേക്കാൾ പ്ലേയിംഗ് ഇലവനിൽ പരിഗണിക്കപ്പെടാൻ സാധ്യത ഇഷാൻ കിഷനാണ് എന്ന് പറയേണ്ടിവരും. ഒരു ഇടംകയ്യൻ ബാറ്ററായതിനാൽ തന്നെ ഇന്ത്യ സൂര്യകുമാർ യാദവിനെക്കാൾ പ്രാധാന്യം ഇഷാൻ കിഷന് നൽകാനും സാധ്യതയുണ്ട്.”- സേവാഗ് പറഞ്ഞുവെക്കുന്നു. എന്തായാലും വലിയ ആശയക്കുഴപ്പം തന്നെയാണ് ഇന്ത്യൻ ടീമിൽ ഇപ്പോൾ നിലനിൽക്കുന്നത്. എന്നിരുന്നാലും മികച്ച ഒരു പ്ലെയിങ് ഇലവൻ കണ്ടെത്തി ഇന്ത്യ മത്സരങ്ങളിൽ വിജയം നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.