ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിൽ പ്രതീക്ഷിച്ച തുടക്കമാണ് കെ .എൽ രാഹുൽ നയിക്കുന്ന പഞ്ചാബ് കിങ്‌സ് ടീമിന് ലഭിച്ചത് .സീസണിൽ 4 മത്സരങ്ങളിൽ തോറ്റ ടീം അവസാന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് 5 വിക്കറ്റ് തോൽവി വഴങ്ങി .ബാറ്റിംഗ് നിരയുടെ മോശം പ്രകടനമാണ് പഞ്ചാബ് ടീമിനെ അലട്ടുന്ന പ്രധാന പ്രശ്നം .മുൻനിര ബാറ്റിംഗ് വേഗം പുറത്താവുന്നതും മിക്ക കളിയിലും അവസാന ഓവറുകളിൽ സ്കോറിങ് ഉയർത്തുവാൻ കഴിയാത്തതും ടീമിന് തിരിച്ചടിയാണ് .
പഞ്ചാബ് ടീമിന്റെ ഈ ബാറ്റിംഗ് തകർച്ച പരിഹരിക്കുവാൻ ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണർ വിരേന്ദർ സെവാഗ് .
ബാറ്റിംഗ് നിരയിലെ പ്രമുഖ താരങ്ങൾ ഫോം കണ്ടെത്താതെ പഞ്ചാബ് ടീമിന് സീസണിൽ തുടർ വിജയങ്ങൾ നേടുവാൻ കഴിയില്ലയെന്നാണ് മുൻ പഞ്ചാബ് താരം കൂടിയായ വീരുവിന്റെ അഭിപ്രായം .
“പഞ്ചാബ് അവരുടെ ബാറ്റിംഗ് നിരയെ കൃത്യമായി ഉപയോഗിക്കണം . മിക്ക മത്സരങ്ങളിലും ടീം ആദ്യം ബാറ്റ് ചെയ്യുമ്പോഴാണ് ഇത് കൃത്യമായി ചെയ്യേണ്ടത്. അവര്‍ക്ക് ഇപ്പോഴുള്ള പ്രശ്‌നം ബാറ്റിംഗ് മാത്രമാണ് .എന്റെ അഭിപ്രായത്തിൽ അവരുടെ ബൗളർമാർ മികച്ച രീതിയിൽ പന്തെറിയുന്നുണ്ട് .
കൊല്‍ക്കത്തക്കെതിരെ അവര്‍ നന്നായി പന്തെറിഞ്ഞു .മുംബൈയെ ചെറിയ സ്‌കോറിൽ ഒതുക്കുവാനും അവരുടെ ബൗളിംഗിന് കഴിഞ്ഞു . ഒരുപാട് ബിഗ് ഹിറ്റര്‍മാര്‍ അവരുടെ ടീമിലുണ്ട്. എന്നിട്ടും ബാറ്റിംഗില്‍ വലിയ സ്‌കോര്‍ നേടാന്‍ പഞ്ചാബിന് സാധിക്കുന്നില്ല എന്നതാണ് പ്രധാന പ്രശ്നം .ക്രിസ് ഗെയ്ല്‍, നിക്കോളാസ് പൂരാന്‍, ഡേവിഡ് മലാൻ ഇവരെല്ലാം തകർത്ത് കളിച്ചാലേ പഞ്ചാബ് ജയിക്കൂ .വമ്പനടികള്‍ അവരില്‍ നിന്നുണ്ടായാല്‍ സ്ഥിരമായി ജയം നേടാന്‍ പഞ്ചാബിന് സാധിക്കും. അവര്‍ ഇനിയുള്ള എല്ലാ മത്സരത്തിലും നന്നായി സ്‌കോര്‍ ചെയ്യാന്‍ ശ്രമിക്കണം. അനായാസം എല്ലാ മത്സരങ്ങളിലും ടീം ടോട്ടൽ 200 കടത്തുവാൻ പഞ്ചാബിന് കഴിയും .അതിനുള്ള ബാറ്റിംഗ് പവർ അവർക്കുണ്ട് “സെവാഗ് തന്റെ അഭിപ്രായം വിശദമാക്കി .