ആദ്യമിറങ്ങി ബോളർമാരെ അടിച്ചൊതുക്കുമെന്നാണ് രോഹിത് പറഞ്ഞത്. രോഹിത്തിന്റെ ധൈര്യത്തെ പ്രശംസിച്ച് സേവാഗ്.

rohit century vs afghan scaled

അഫ്ഗാനിസ്ഥാനെതിരായ ഇന്ത്യയുടെ മത്സരത്തിൽ ഒരു വെടിക്കെട്ട് ബാറ്റിംഗ് തന്നെയായിരുന്നു ഇന്ത്യൻ നായകൻ രോഹിത് ശർമ കാഴ്ച വച്ചത്. മത്സരത്തിൽ അഫ്ഗാനിസ്ഥാന്റെ ബോളർമാരെ ആക്രമിച്ചു കൊണ്ടാണ് രോഹിത് ആരംഭിച്ചത്. രോഹിത്തിന്റെ ഈ ആക്രമണപരമായ സമീപനം തടുക്കാൻ അഫ്ഗാനിസ്ഥാൻ ബോളർമാർക്ക് സാധിച്ചില്ല. അതോടെ മത്സരത്തിൽ ഇന്ത്യ കുറ്റൻ വിജയം സ്വന്തമാക്കുകയുണ്ടായി.

ഇതിനുശേഷം രോഹിത് ശർമയുടെ ബാറ്റിംഗ് സമീപനത്തെ പ്രശംസിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ്. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലെ രോഹിത്തിന്റെ റെക്കോർഡ് സെഞ്ച്വറി, അയാളുടെ ക്ലാസ് കാണിച്ചുതരുന്നതാണ് എന്ന് സേവാഗ് പറയുന്നു.

“അദ്ദേഹത്തിന്റെ റെക്കോർഡുകളെ കുറിച്ച് ഒന്നും തന്നെ പറയാനില്ല. മത്സരത്തിൽ അണിനിരക്കുമ്പോഴൊക്കെയും രോഹിത് ശർമ റെക്കോർഡുകൾ തകർത്തു കൊണ്ടേയിരിക്കും. ഏകദിന ക്രിക്കറ്റിൽ 3 ഇരട്ട സെഞ്ചറികൾ നേടിയപ്പോഴും താൻ തന്റെ ബാറ്റിംഗ് അങ്ങേയറ്റം ആസ്വദിക്കുകയായിരുന്നു എന്നാണ് രോഹിത് ശർമ മുൻപ് പറഞ്ഞത്. ലോകകപ്പ് ക്രിക്കറ്റിൽ 7 സെഞ്ച്വറികൾ സ്വന്തമാക്കാൻ രോഹിത് ശർമ്മയ്ക്ക് ആവശ്യമായി വന്നത് കേവലം 19 ഇന്നിങ്സുകൾ മാത്രമാണ്. അത് കാണിക്കുന്നത് രോഹിത് ശർമയുടെ ക്ലാസ് തന്നെയാണ്.”- വീരേന്ദർ സേവാഗ് പറയുന്നു.

ടീമിനായി മുൻപിൽ നിന്ന് ആക്രമിച്ചു കളിക്കാൻ തന്നെയാണ് രോഹിത് ശർമ തയ്യാറാവുന്നത് എന്ന് സേവാഗ് പറയുകയുണ്ടായി. “താൻ ടീമിനായി മുൻപിൽ നിന്ന് നയിക്കുമെന്നും ആക്രമണോത്സുകമായി കളിക്കുമെന്നും രോഹിത് വളരെ വ്യക്തമായി പറയുന്നുണ്ട്. ബോളർമാരെ ആക്രമിക്കാനാണ് താൻ ശ്രമിക്കുന്നതെന്നും രോഹിത് വളരെ വ്യക്തമാക്കിയിരിക്കുന്നു.

See also  "ഐപിഎല്ലിൽ കളിച്ചിട്ട് മുസ്തഫിസൂറിന് ഒന്നും കിട്ടാനില്ല. അവനെ തിരിച്ചു വിളിക്കുന്നു"- തീരുമാനവുമായി ബിസിബി.

പരസ്യമായി ഇങ്ങനെയുള്ള കാര്യങ്ങൾ വ്യക്തമാക്കാൻ ഒരു ധൈര്യം വേണം. ഈ രീതിയിൽ കളിക്കാനും വലിയ ധൈര്യം ആവശ്യമാണ്. പ്രത്യേകിച്ച് നിങ്ങൾ നായകനായിരിക്കുന്ന സമയത്ത് ഇത്തരം കാര്യങ്ങളിൽ നിന്ന് പിന്നോട്ട് പോകാൻ സാധ്യതയുണ്ട്. എന്നാൽ രോഹിത്തിന് ഇതൊക്കെയും തുറന്നു പറയാനുള്ള ധൈര്യവും മൈതാനത്ത് ആക്രമണം അഴിച്ചുവിടാനുള്ള ധൈര്യവുമുണ്ട്.”- സേവാഗ് കൂട്ടിച്ചേർക്കുന്നു.

ലോകകപ്പിലെ ഓസ്ട്രേലിയക്കെതിരായ ആദ്യ മത്സരത്തിൽ പൂജ്യനായി രോഹിത് ശർമ പുറത്തായിരുന്നു. ശേഷം രോഹിത്തിനെതിരെ കുറച്ചു വിമർശനങ്ങളും ഉയർന്നിരുന്നു. അതിനുള്ള മറുപടിയാണ് അഫ്ഗാനിസ്ഥാനേതിരായ മത്സരത്തിലൂടെ രോഹിത് ശർമ നൽകിയത്. മറുവശത്ത് നായകൻ എന്ന നിലയിൽ ഇതുവരെ മികച്ച പ്രകടനമാണ് രോഹിത് കാഴ്ച വെച്ചിട്ടുള്ളത്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ഇന്ത്യയ്ക്ക് വിജയം നേടാൻ സാധിച്ചിരുന്നു. പാകിസ്ഥാനെതിരായ മൂന്നാം മത്സരത്തിലും ഈ ഫോം ആവർത്തിക്കാനാണ് ഇന്ത്യ ഇറങ്ങുന്നത്.

Scroll to Top