ഇത്തവണത്തെ ലോകകപ്പിൽ ഏറ്റവും മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത ടീമുകളിൽ ഒന്നു തന്നെയാണ് അഫ്ഗാനിസ്ഥാൻ. വലിയ പ്രതീക്ഷയില്ലാതെ ലോകകപ്പിലേക്ക് എത്തിയ അഫ്ഗാനിസ്ഥാന് മുൻനിരയിലുള്ള ടീമുകളെ വിറപ്പിക്കാൻ സാധിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ തങ്ങളുടെ അവസാന മത്സരം കഴിഞ്ഞ് വണ്ടി കയറുന്ന അഫ്ഗാനിസ്ഥാന് അഭിമാനിക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്. ഈ ലോകകപ്പിൽ പ്രധാനപ്പെട്ട 4 വിജയങ്ങളാണ് അഫ്ഗാനിസ്ഥാൻ സ്വന്തമാക്കിയിരിക്കുന്നത്. അതിനാൽ തന്നെ അഫ്ഗാനിസ്ഥാനെ പ്രശംസിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. ക്രിക്കറ്റിൽ ഇന്ത്യ കഴിഞ്ഞാൽ ഏറ്റവും മികച്ച ഏഷ്യൻ ടീം അഫ്ഗാനിസ്ഥാനാണ് എന്നാണ് ഇർഫാൻ പത്താൻ പറഞ്ഞത്.
ഹഷ്മത്തുള്ള ഷാഹിദി നയിച്ച അഫ്ഗാൻ ടീം ഈ ലോകകപ്പിൽ വമ്പന്മാരെയാണ് പരാജയപ്പെടുത്തിയിട്ടുള്ളത്. ശ്രീലങ്ക, പാക്കിസ്ഥാൻ, ഇംഗ്ലണ്ട് എന്നീ മുൻ ലോകകപ്പ് വിജയ ടീമുകളെ മുട്ടുകുത്തിക്കാൻ അഫ്ഗാനിസ്ഥാന്റെ പോരാട്ടവീര്യം നിറഞ്ഞ പടയ്ക്കു സാധിച്ചു. ഇതിന് മുൻപ് ലോകകപ്പുകളിൽ കേവലം 2 വിജയങ്ങൾ മാത്രമായിരുന്നു അഫ്ഗാനിസ്ഥാന് ഉണ്ടായിരുന്നത്. എന്നാൽ ഇത്തവണ ഇതെല്ലാം തിരുത്തിക്കുറിക്കുന്ന പ്രകടനമാണ് അഫ്ഗാനിസ്ഥാൻ കാഴ്ചവച്ചത്. പാക്കിസ്ഥാനെതിരായ മത്സരത്തിൽ അഫ്ഗാനിസ്ഥാൻ വിജയം നേടിയതിന് പിന്നാലെ ഇർഫാൻ പത്താൻ അഫ്ഗാൻ താരങ്ങളോടൊപ്പം ആഘോഷിക്കുകയുണ്ടായി. ശേഷം അഫ്ഗാനിസ്ഥാനെ പുകഴ്ത്തി സംസാരിക്കുകയാണ് ഇർഫാൻ ഇപ്പോൾ.
“ഈ ലോകകപ്പിൽ വലിയ നിലവാരമുള്ള ക്രിക്കറ്റ് തന്നെയാണ് അഫ്ഗാനിസ്ഥാൻ പുറത്തെടുത്തത്. ഏഷ്യയിലെ രണ്ടാമത്തെ ഏറ്റവും മികച്ച ടീമാണ് അഫ്ഗാനിസ്ഥാൻ എന്ന് നിസ്സംശയം പറയാൻ സാധിക്കും. മൈതാനത്ത് ഇനിയും അഫ്ഗാനിസ്ഥാന് ഇത്തരം മാജിക്കുകൾ ചെയ്യാൻ സാധിക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. മുൻപിലേക്ക് പോകുമ്പോൾ അഫ്ഗാനിസ്ഥാന് എല്ലാവിധ ആശംസകളും ഞാൻ നേരുകയാണ്.”- ഇർഫാൻ പത്താൻ തന്റെ ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു. ഇർഫാന്റെ ഈ വാക്കുകൾക്ക് വലിയ രീതിയിലുള്ള പ്രശംസയാണ് സോഷ്യൽ മീഡിയയിൽ അടക്കം ലഭിച്ചിട്ടുള്ളത്.
ഈ ലോകകപ്പിൽ 9 മത്സരങ്ങൾ കളിച്ച അഫ്ഗാനിസ്ഥാൻ 4 മത്സരങ്ങളിൽ വിജയം സ്വന്തമാക്കുകയും 5 മത്സരങ്ങളിൽ പരാജയമറിയുകയുമാണ് ചെയ്തത്. ലോകകപ്പിൽ ആറാം സ്ഥാനത്താണ് അഫ്ഗാനിസ്ഥാൻ ഫിനിഷ് ചെയ്തിട്ടുള്ളത്. ഇതോടെ 2025 ചാമ്പ്യൻസ് ട്രോഫിയിലേക്ക് യോഗ്യത നേടാനും അഫ്ഗാനിസ്ഥാന് സാധിച്ചു. ഇതാദ്യമായാണ് അഫ്ഗാനിസ്ഥാൻ ചാമ്പ്യൻസ് ട്രോഫിയിലേക്ക് യോഗ്യത നേടുന്നത്. മറുവശത്ത് ശ്രീലങ്ക അടക്കമുള്ള രാജ്യങ്ങൾ വളരെ മോശം പ്രകടനങ്ങളുമായി നിരാശപ്പെടുത്തിയപ്പോഴാണ് അഫ്ഗാനിസ്ഥാന്റെ ഈ വമ്പൻ കുതിപ്പ്.