97 റൺസിൽ നിൽകുമ്പോൾ സിക്സറടിച്ച് സെഞ്ച്വറി നേടാൻ തോന്നി. തീരുമാനം മാറ്റാനുള്ള കാരണം പറഞ്ഞ് സഞ്ജു.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര മലയാളി താരം സഞ്ജു സാംസന് തന്റെ കരിയറിൽ വലിയ മൈലേജാണ് നൽകിയിരിക്കുന്നത്. പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിലും ശ്രദ്ധ നേടാൻ സാധിക്കാതെ പോയ സഞ്ജു മൂന്നാം മത്സരത്തിൽ ഒരു തട്ടുപൊളിപ്പൻ ബാറ്റിംഗ് പ്രകടനമായിരുന്നു പുറത്തെടുത്തത്.

മത്സരത്തിൽ തന്റെ കന്നി സെഞ്ച്വറി സ്വന്തമാക്കാൻ സഞ്ജു സാംസന് സാധിച്ചു. വളരെ പക്വതയോടെ മത്സരത്തിൽ സഞ്ജു കളിക്കുകയും ഉണ്ടായി. 114 പന്തുകൾ നേരിട്ട സഞ്ജു മത്സരത്തിൽ 108 റൺസായിരുന്നു നേടിയത്. 6 ബൗണ്ടറികളും 3 സിക്സറുകളും സഞ്ജുവിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടു. ഈ സെഞ്ചുറിയെ പറ്റി സഞ്ജു ഒരു അഭിമുഖത്തിൽ സംസാരിക്കുകയുണ്ടായി.

തന്റെ കരിയറിൽ ഈ സെഞ്ച്വറി വലിയൊരു മാറ്റമാണ് വരുത്തിയത് എന്ന് സഞ്ജു കരുതുന്നു. മത്സരത്തിൽ തന്റെ വ്യക്തിഗത സ്കോർ 97 റൺസിൽ നിൽക്കുമ്പോൾ ഒരു സിക്സറടിച്ച് സെഞ്ച്വറി പൂർത്തിയാക്കുന്നതിനെ പറ്റി താൻ ആലോചിച്ചിരുന്നു എന്നാണ് സഞ്ജു സാംസൺ വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഈ ആലോചനയ്ക്ക് വലിയ ആയുസ്സ് ഉണ്ടായിരുന്നില്ല എന്നും സഞ്ജു വെളിപ്പെടുത്തി. മത്സരത്തിൽ 90 റൺസ് പിന്നിട്ടതിന് ശേഷം ഒരുപാട് പന്തുകളിൽ സഞ്ജുവിന് സ്ട്രൈക്ക് ലഭിച്ചിരുന്നില്ല. അതിന് ശേഷം ഇങ്ങനെ ചിന്തിച്ചിരുന്നുവെന്നും, പിന്നീട് തീരുമാനം മാറ്റുകയാണ് ഉണ്ടായതെന്നും സഞ്ജു സാംസൺ തന്നെ പറയുന്നു.

“ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ 97 റൺസിൽ എത്തിയതിന് ശേഷം എനിക്ക് അടുത്ത രണ്ട് ഓവറുകളിൽ സ്ട്രൈക്ക് ലഭിച്ചിരുന്നില്ല. നോൺ സ്ട്രൈക്കർ എൻഡിൽ നിൽക്കുന്ന സമയത്ത് ഞാൻ ഒരു സിക്സർ പറത്തി സെഞ്ച്വറി സ്വന്തമാക്കുന്നതിനെ പറ്റി ചിന്തിക്കുകയും ചെയ്തിരുന്നു. പക്ഷേ എന്റെ കുടുംബത്തിന്റെയും ഭാര്യയുടെയും പ്രാർത്ഥനകളൊക്കെയും എന്റെ മനസ്സിൽ ഉണ്ടായിരുന്നു. അവരുടെ പ്രാർത്ഥന എനിക്ക് കേൾക്കാൻ സാധിച്ചു.”

“ശേഷം അത്തരമൊരു തീരുമാനം ഞാൻ ഉപേക്ഷിക്കുകയായിരുന്നു. സെഞ്ച്വറി സ്വന്തമാക്കിയതിന് ശേഷം ഞാൻ നാട്ടിൽ തിരിച്ചെത്തിയപ്പോൾ എല്ലാവരും എനിക്കായി ഒരുപാട് പ്രാർത്ഥിച്ചിരുന്നു എന്ന് എനിക്ക് മനസ്സിലായി. പല ആളുകളും എന്നോട് ഇതേപ്പറ്റി പറഞ്ഞിരുന്നു.”- സഞ്ജു വെളിപ്പെടുത്തുന്നു.

ഇതുവരെ ഇന്ത്യക്കായി ഏകദിന ക്രിക്കറ്റിൽ തരക്കേടില്ലാത്ത പ്രകടനം തന്നെയായിരുന്നു സഞ്ജു കാഴ്ച വെച്ചിരുന്നത്. എന്നിരുന്നാലും എടുത്തു പറയാൻ പാകത്തിനുള്ള വലിയ ഇന്നിംഗ്സുകളൊന്നും സഞ്ജുവിൽ നിന്ന് ഉണ്ടായില്ല. പക്ഷേ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ഏകദിനത്തിൽ ഒരു ഹീറോയായി മാറാൻ സഞ്ജുവിന് സാധിച്ചു.

സഞ്ജുവിന്റെ സെഞ്ച്വറിയുടെ മികവിലായിരുന്നു ഇന്ത്യ മത്സരത്തിൽ 78 റൺസിന്റെ വിജയം സ്വന്തമാക്കിയത്. അതിനാൽ തന്നെ വരും മത്സരങ്ങളിലും ഇന്ത്യയ്ക്ക് സഞ്ജുവിനെ തങ്ങളുടെ ടീമിൽ നിന്ന് ഒഴിവാക്കാൻ സാധിക്കില്ല എന്നത് ഉറപ്പാണ്. അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയിലും സഞ്ജുവിനെ ഇന്ത്യ തങ്ങളുടെ ടീമിൽ ഉൾപ്പെടുത്തും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

Previous articleരാഹുലല്ല ഇന്ത്യയുടെ ടെസ്റ്റിലെ ആദ്യ ചോയ്സ് വിക്കറ്റ് കീപ്പർ. മറ്റൊരു യുവതാരത്തെ നിർദ്ദേശിച്ച് സഞ്ജയ്‌ മഞ്ജരേക്കർ.
Next articleകേരളം പൊരുതുന്നു. സഞ്ചു സാംസണ്‍ പുറത്തായി