ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യൻ ടീമിന് കടുത്ത നിരാശ പകരുന്ന വാർത്തയാണ് കഴിഞ്ഞദിവസം പുറത്തുവന്നത്. പരിക്കു മൂലം ഇന്ത്യൻ സൂപ്പർ താരം ജസ്പ്രീത് ബുംറ ലോകകപ്പ് ടീമിൽ നിന്നും പുറത്തായി എന്ന വാർത്തയായിരുന്നു പുറത്തുവന്നിരുന്നത്. ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകൾ എല്ലാം തകർത്തു കളയുന്ന വാർത്തയായിരുന്നു ഇത്.
ഇപ്പോഴിതാ നിരാശയിലിരിക്കുന്ന ഇന്ത്യൻ ആരാധകർക്ക് ആശ്വാസം പകരുന്ന വാർത്തയുമായി രംഗത്തെത്തിയിരിക്കുകയാണ് ബി.സി.സി.ഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി. ബുംറ പൂർണമായും ലോകകപ്പ് ടീമിൽ നിന്നും പുറത്തായിട്ടില്ലെന്നും ഇപ്പോഴും ഇന്ത്യൻ ടീമിന്റെ പദ്ധതികളുടെ ഭാഗമാണെന്നുമാണ് ബിസിസിഐ പ്രസിഡൻ്റ് പറഞ്ഞത്. ലോകകപ്പിന് കുറച്ചു സമയം ഇനിയും ബാക്കിയുണ്ടെന്നും,ആരും തോക്കിൽ കയറി വെടിവയ്ക്കരുത് എന്നും സൗരവ് ഗാംഗുലി പറഞ്ഞു.
“ജസ്പ്രീത് ബുംറ ടി20 ലോകകപ്പില്‍ നിന്ന് ഇതുവരെ പുറത്തായിട്ടില്ല. ലോകകപ്പിനായി ഇനിയും കുറച്ച് സമയം കൂടി മുന്നിലുണ്ട്. തോക്കില്‍ കയറി വെടിവെക്കരുത്.”- അദ്ധേഹം പറഞ്ഞു. ബംറ പരിക്കിന്റെ പിടിയിലാണെന്ന കാര്യം വസ്തുതയാണെങ്കിലും ഗാംഗുലിയുടെ ഈ വാക്കുകൾ ഇന്ത്യൻ ആരാധകർക്ക് പ്രതീക്ഷ പകരുന്നതാണ്.
അതേസമയം ബുംറയെ തിടുക്കം കാണിച്ച് ഓസ്ട്രേലിയക്കെതിരെ പരിക്കുവച്ച് കളിപ്പിച്ചതാണ് കൂടുതൽ കാര്യങ്ങൾ വഷളായതെന്ന് പറഞ്ഞുകൊണ്ട് വസീം ജാഫർ നേരത്തെ രംഗത്ത് എത്തിയിരുന്നു. ബുംറ പരിക്കേറ്റ് ടീമിൽ നിന്നും പുറത്തായി എന്ന വാർത്ത പുറത്തുവന്നതോടെ മുഹമ്മദ് സിറാജും ഉമ്രാൻ മാലിക്കും ലോകകപ്പ് ടീമിൽ സ്ഥാനം നേടിയേക്കും എന്ന തരത്തിലുള്ള വാർത്തയും പ്രചരിച്ചിരുന്നു. എന്തുതന്നെയായാലും പരിക്ക് ഭേദമായി ബുംറ ഇന്ത്യൻ ടീമിൽ തിരിച്ചെത്തണമെന്ന പ്രാർത്ഥനയിലാണ് ഇന്ത്യൻ ആരാധകർ.