അന്താരാഷ്ട്ര ക്രിക്കറ്റിലെ എൽ ക്ലാസിക്കോ ആണ് ഇന്ത്യ-പാകിസ്ഥാൻ പോരാട്ടങ്ങൾ. നിലവിൽ ഇന്ത്യയും പാക്കിസ്ഥാനും ദ്വിരാഷ്ട്ര പരമ്പരകളിൽ കളിക്കുന്നില്ലെങ്കിലും മുൻപ് അവ സജീവമായിരുന്നു. ഇത്തരത്തിൽ 1999ൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടന്ന ടെസ്റ്റ് മത്സരത്തിലെ ചില രസകരമായ സംഭവങ്ങൾ ഓർത്തെടുക്കുകയാണ് മുൻ പാക്കിസ്ഥാൻ ബോളർ സഖ്ലയൻ മുഷ്താഖ്. തന്റെ ബോളിംഗ് തന്ത്രങ്ങൾ മത്സരത്തിൽ സച്ചിൻ പഠിച്ചെടുത്തതിനെ പറ്റിയാണ് മുഷ്താഖ് സംസാരിക്കുന്നത്. സച്ചിൻ എന്ന മാസ്റ്റർ ബ്ലാസ്റ്ററുടെ നിരീക്ഷണ ബോധം തന്നെ വിസ്മയിപ്പിച്ചു എന്ന് മുസ്താഖ് പറയുന്നു.
“അന്ന് ചെന്നൈയിൽ നടന്ന മത്സരം ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ടെസ്റ്റ് മത്സരമായിരുന്നു. ആ മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ ടെണ്ടുൽക്കറെ ഒന്നാമത്തെയോ രണ്ടാമത്തെയോ പന്തിൽ പുറത്താക്കാൻ എനിക്ക് സാധിച്ചിരുന്നു. എന്നാൽ രണ്ടാം ഇന്നിങ്സിൽ സച്ചിൻ ക്രീസിലെത്തി. നേരിട്ട ആദ്യ പത്ത് ഓവറുകളിൽ സച്ചിൻ എനിക്കെതിരെ ഷോട്ടുകൾ കളിച്ചില്ല. എന്നാൽ അതിനുശേഷം സച്ചിൻ എനിക്കെതിരെ ആക്രമണം അഴിച്ചുവിടാൻ തുടങ്ങി.”- മുഷ്താഖ് പറയുന്നു.
“സച്ചിൻ ആദ്യ 10 ഓവറുകളിൽ എന്റെ ബോളിംഗ് തന്ത്രങ്ങൾ പഠിക്കുകയായിരുന്നു. എന്റെ ഓരോ വേരിയേഷനുകളും അദ്ദേഹം വളരെ സൂക്ഷ്മമായി നിരീക്ഷിച്ചു. ഞാൻ എനിക്ക് സാധിക്കുന്ന എല്ലാ പന്തുകളും സച്ചിനെതിരെ പ്രയോഗിച്ചു. എന്നാൽ ഇവയെല്ലാം സച്ചിൻ സൂക്ഷ്മമായി നിരീക്ഷിച്ചു. ഒരു നിമിഷം പോലും അദ്ദേഹം ഷോട്ടിന് മുതിർന്നില്ല. എന്നാൽ അതിനു ശേഷം എന്നെ പ്രഹരിക്കാൻ തുടങ്ങി.”- മുഷ്താഖ് കൂട്ടിച്ചേർക്കുന്നു.
“അങ്ങനെ സച്ചിന്റെ ആക്രമണം ഭയന്ന് ഞാൻ വസീം അക്രത്തെ സമീപിച്ചു. സച്ചിൻ എന്റെ തന്ത്രങ്ങൾ മനസ്സിലാക്കിയെന്നും അതിനാൽ എന്നെ ബോളിംഗ് ക്രീസിൽ നിന്ന് മാറ്റണമെന്നും ഞാൻ അദ്ദേഹത്തോട് പറഞ്ഞു. എന്നാൽ വസീം അക്രം എന്നെ പ്രചോദിപ്പിച്ചു.”- മുഷ്താഖ് പറഞ്ഞുവയ്ക്കുന്നു.