ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ പരാജയം ഇന്ത്യൻ ടീമിനെ വലിയ രീതിയിൽ പിന്നോട്ടടിച്ചിട്ടുണ്ട്. എന്നാൽ ചാംമ്പ്യൻസ് ട്രോഫിയ്ക്കുള്ള തയ്യാറെടുപ്പുകൾ ഇന്ത്യ ആരംഭിക്കുകയും ചെയ്തു കഴിഞ്ഞു. പ്രധാനമായും ഇന്ത്യൻ ടീമിൽ വലിയ ആശങ്കയായി നിൽക്കുന്നത് വിക്കറ്റ് കീപ്പർ തസ്തിക തന്നെയാണ്.
സഞ്ജു സാംസൺ, റിഷഭ് പന്ത്, കെഎൽ രാഹുൽ എന്നിവരാണ് ഇന്ത്യയുടെ ഏകദിനങ്ങളിലെ വിക്കറ്റ് കീപ്പർ തസ്തികയിലേക്ക് കണ്ണുനട്ട് നിൽക്കുന്നവർ. ഇവരിൽ ആരാണ് ഏറ്റവും മികച്ച താരമെന്നും, ആരെയാണ് ഇന്ത്യയ്ക്ക് ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിൽ ഉൾപ്പെടുത്താൻ സാധിക്കുക എന്നും പരിശോധിക്കണം. മൂവരുടേയും റെക്കോർഡുകളുടെ അടിസ്ഥാനത്തിലുള്ള കണക്കുകൾ ഇങ്ങനെയാണ്.
3 താരങ്ങളുടെയും കരിയറിലെ റെക്കോർഡുകൾ പരിശോധിക്കുമ്പോൾ സഞ്ജു സാംസണാണ് ഏറ്റവും മുൻപിൽ. ഇതുവരെ ഇന്ത്യക്കായി ഏകദിന മത്സരങ്ങളിൽ 14 ഇന്നിംഗ്സുകളാണ് സഞ്ജു സാംസൺ കളിച്ചിട്ടുള്ളത്. ഇതിൽ നിന്ന് 56.6 എന്ന ഉയർന്ന ശരാശരിയാണ് സഞ്ജു നേടിയിട്ടുള്ളത്. റിഷഭ് പന്ത് സഞ്ജുവിനെക്കാൾ 13 മത്സരങ്ങൾ കൂടുതൽ കളിച്ചിട്ടുണ്ടെങ്കിലും, 33.5 എന്ന കുറഞ്ഞ ശരാശരിയാണുള്ളത്. മറുവശത്ത് കെഎൽ രാഹുൽ 72 ഇന്നിംഗ്സുകൾ ഇതുവരെ ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. ഇതിൽ നിന്ന് 2851 റൺസ് താരം സ്വന്തമാക്കി. പക്ഷേ സഞ്ജുവിനെക്കാൾ കുറഞ്ഞ ശരാശരിയാണ് രാഹുലിനുള്ളത്. 49.15 ആണ് രാഹുലിന്റെ ശരാശരി. അതിനാൽ സഞ്ജുവാണ് കരിയർ നമ്പരുകൾ പരിശോധിക്കുമ്പോൾ ഇന്ത്യയ്ക്ക് ചാമ്പ്യൻസ് ട്രോഫിയിൽ ഉൾപ്പെടുത്താൻ സാധിക്കുന്ന താരം.
മധ്യ ഓവറുകളിലെ കണക്കുകൾ പരിശോധിക്കുമ്പോഴും സഞ്ജു സാംസൺ തന്നെയാണ് മികച്ച താരം. 13 ഇന്നിംഗ്സുകൾ മധ്യ ഓവറുകളിൽ കളിച്ചിട്ടുള്ള സഞ്ജുവിന്റെ ശരാശരി 75.6 റൺസാണ്. 20 ഇന്നിങ്സുകൾ ഇന്ത്യക്കായി മധ്യനിരയിൽ കളിച്ചിട്ടുള്ള പന്തിന്റെ ശരാശരി 40.1 മാത്രം. രാഹുൽ 57.1 എന്ന ശരാശരിയിലാണ് ഇന്ത്യക്കായി മധ്യ ഓവറുകളിൽ കളിച്ചിട്ടുള്ളത്. ഈ ലിസ്റ്റിലും സഞ്ജു സാംസൺ തന്നെ മികച്ചു നിൽക്കുന്നു. അതായത് ഇന്ത്യക്ക് മധ്യനിരയിൽ എന്തുകൊണ്ടും ഉപയോഗിക്കാൻ സാധിക്കുന്ന താരമാണ് സഞ്ജു സാംസൺ എന്ന് ഈ കണക്കുകളിൽ നിന്നും വ്യക്തമാണ്.
സ്പിന്നർമാർക്കെതിരെയുള്ള പ്രകടനത്തിന്റെ കണക്കെടുത്താലും സഞ്ജു തന്നെയാണ് മുൻപിലുള്ളത് എന്ന് വ്യക്തം. ഇതുവരെ 12 ഇന്നിംഗ്സുകളിൽ 243 റൺസാണ് സ്പിന്നർമാർക്കെതിരെ സഞ്ജു സാംസൺ നേടിയിരിക്കുന്നത്. സ്പിന്നർമാർക്കെതിരായ സഞ്ജുവിന്റെ ശരാശരി 121.5 റൺസാണ്. അതേസമയം 20 ഇന്നിങ്സുകൾ സ്പിന്നർമാർക്കെതിരെ കളിച്ച പന്തിന്റെ ശരാശരി കേവലം 36.8 മാത്രം. രാഹുലിന്റെ ശരാശരി 56.7 മാത്രം. ഇത് സൂചിപ്പിക്കുന്നത് മധ്യ ഓവറുകളിൽ സഞ്ജു സാംസൺ എത്ര മികച്ച രീതിയിലാണ് ഇന്ത്യയ്ക്കായി കളിച്ചിട്ടുള്ളത് എന്നാണ്. ഇത്തരത്തിൽ എല്ലാ കണക്കുകളും സഞ്ജു തന്നെയാണ് ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫിയിലെ വിക്കറ്റ് കീപ്പറാവാൻ ഏറ്റവും യോഗ്യതയുള്ള താരം.