ഇതിഹാസങ്ങളുടെ ഐപിഎൽ നടത്താൻ ബിസിസിഐ. സച്ചിനും സേവാഗും ഗെയ്ലും ഡിവില്ലിയേഴ്‌സും.

20 1445341487 sachin sehwag 600 jpg

ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി മാറ്റിമറിച്ച ടൂർണമെന്റ് ആയിരുന്നു ഇന്ത്യൻ പ്രീമിയർ ലീഗ്. ഇന്ത്യയിലുള്ള യുവതാരങ്ങളെ സംബന്ധിച്ച് വലിയൊരു അവസരമാണ് ഇന്ത്യൻ പ്രീമിയർ ലീഗിലൂടെ ലഭിച്ചത്. ഇതിന്റെ വമ്പൻ വിജയത്തിന് ശേഷമാണ് ഇന്ത്യ വനിതാ പ്രീമിയർ ലീഗ് ആരംഭിച്ചത്.

ഇതും മികച്ച രീതിയിൽ മുമ്പിലേക്ക് പോകുമ്പോൾ മറ്റൊരു ആശയവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിസിസിഐ. ക്രിക്കറ്റിൽ നിന്ന് തങ്ങളുടെ വിരമിക്കൽ പ്രഖ്യാപിച്ച താരങ്ങളെ ഉൾക്കൊള്ളിച്ച് ഇതിഹാസങ്ങളുടെ ഒരു ഐപിഎല്ലാണ് ഇനി വരാൻ പോകുന്നത്. ഇതിനായി മുൻ താരങ്ങളടക്കം ബിസിസിഐയുമായി ബന്ധപ്പെട്ടിട്ടുണ്ട് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഒരു പ്രമുഖ മാധ്യമത്തിന്റെ റിപ്പോർട്ട് പ്രകാരം ലോകത്താകമാനമുള്ള വിരമിച്ച താരങ്ങളെ ഉൾപ്പെടുത്തി ലജൻസ് പ്രീമിയർ ലീഗ് ആരംഭിക്കാനാണ് നിർദ്ദേശങ്ങൾ എത്തിയിരിക്കുന്നത്. മുൻ ഇന്ത്യൻ താരങ്ങൾ ഇതേ സംബന്ധിച്ചുള്ള വിവരങ്ങൾ ക്രിക്കറ്റ് ബോർഡ് സെക്രട്ടറി ജയ് ഷായ്ക്ക് കൈമാറിയിട്ടുണ്ട്.

ഇതേക്കുറിച്ചുള്ള ആലോചനകൾ ആരംഭിച്ചു കഴിഞ്ഞു. അടുത്ത വർഷം ആദ്യമായിരിക്കും ഇങ്ങനെയൊരു ടൂർണമെന്റ് എത്തുക. നിലവിൽ ഇതിഹാസ താരങ്ങൾക്ക് യാതൊരു കുറവും ലോക ക്രിക്കറ്റിൽ ഇല്ല. റോഡ് സേഫ്റ്റി വേൾഡ് സീരീസ്, ലെജൻഡ്സ് ലീഗ് ക്രിക്കറ്റ്, വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജന്റ്സ്, ഗ്ലോബൽ ലെജൻഡ്സ് ലീഗ് എന്നിങ്ങനെ ഒരുപാട് വ്യത്യസ്ത ലീഗുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കാറുണ്ട്.

എന്നാൽ ബിസിസിഐ ഇത്തരമൊരു ടൂർണമെന്റിന് നേതൃത്വം നൽകുകയാണെങ്കിൽ അത് വലിയൊരു ചരിത്രം തന്നെയായിരിക്കും. അങ്ങനെയെങ്കിൽ ഒരു ക്രിക്കറ്റ് ബോർഡ് ആദ്യമായി ആരംഭിക്കുന്ന ലജന്റ്സ് ടൂർണമെന്റായി ഇത് മാറും. മാത്രമല്ല ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളായ സച്ചിൻ ടെണ്ടുൽക്കർ, യുവരാജ് സിംഗ്, ഹർഭജൻ സിംഗ്, വീരേന്ദർ സേവാഗ് തുടങ്ങിയവർ ഈ ലീഗിൽ അണിനിരക്കും. ക്രിസ് ഗെയിൽ, എബി ഡിവില്ലിയേഴ്‌സ് എന്നിവരും മത്സര രംഗത്ത് എത്തിയേക്കും. അതിനാൽ തന്നെ വലിയ പ്രതീക്ഷയാണ് ആരാധകർ ഈ ലീഗിന് വെച്ചിട്ടുള്ളത്. മുൻപ് റോഡ് സേഫ്റ്റി വേൾഡ് സീരീസിൽ ഇന്ത്യൻ ലെജൻഡ്സിന്റെ നായകനായി സച്ചിൻ ടെണ്ടുൽക്കർ കളിച്ചിട്ടുണ്ട്.

Read Also -  കെസിഎൽ ത്രില്ലർ. അവസാന ബോളിൽ വിജയം നേടി കൊല്ലം. ഹീറോയായി ബോളർമാർ.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അതേ മാതൃകയിൽ തന്നെ ഇതിഹാസ ലീഗും നടത്താനാണ് തയ്യാറെടുപ്പ്. സിറ്റികൾ അനുസരിച്ച് ഫ്രാഞ്ചൈസികൾ ഉണ്ടാക്കാനാണ് മുൻ താരങ്ങൾ അഭിപ്രായപ്പെടുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിലെയും വനിതാ പ്രീമിയർ ലീഗിലെയും പോലെ ലേലത്തിന്റെ അടിസ്ഥാനത്തിൽ താരങ്ങളെ തിരഞ്ഞെടുത്ത് ടീമുകൾ കെട്ടിപ്പടുക്കണം. എന്നാൽ സച്ചിനെയും യുവരാജിനെയും പോലെയുള്ള വമ്പൻ താരങ്ങൾ ഓരോ ടീമിന്റെയും ഐക്കണുകളായി മാറും.

രോഹിത്, വിരാട് പോലെ ഇപ്പോൾ അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിക്കുന്ന താരങ്ങൾക്കൊന്നും തന്നെ ലീഗിൽ പങ്കെടുക്കാൻ സാധിക്കില്ല ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്ന് വിരമിച്ചവർക്ക് മാത്രമാവും ലീഗിൽ പങ്കെടുക്കാൻ യോഗ്യത. എന്തായാലും വരും വർഷങ്ങളിൽ ഇന്ത്യൻ ക്രിക്കറ്റിൽ ഉണ്ടാകുന്ന വലിയൊരു കുതിച്ചുചാട്ടമാവും ലെജന്റ്സ് പ്രീമിയർ ലീഗ്.

Scroll to Top