വലിയൊരു കാത്തിരിപ്പിന് ശേഷമാണ് മലയാളി താരം സഞ്ജു സാംസന് ഇന്ത്യൻ ടീമിലേക്ക് തിരികെ വിളി എത്തിയിരിക്കുന്നത്. ഏഷ്യാകപ്പ്, ഏഷ്യൻ ഗെയിംസ്, ഏകദിന ലോകകപ്പ് എന്നീ വലിയ ടൂർണമെന്റുകളിൽ നിന്ന് ഇന്ത്യ സഞ്ജു സാംസണെ ഒഴിവാക്കുകയുണ്ടായി. ശേഷം ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരക്കുള്ള ടീമിലേക്കാണ് ഇപ്പോൾ സഞ്ജു സാംസനെ ഉൾപ്പെടുത്തിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന പരമ്പരയിൽ സഞ്ജു സാംസൺ മികവ് പുലർത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഇപ്പോൾ സഞ്ജുവിന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്‌സ്. ദക്ഷിണാഫ്രിക്കെതിരെ നടക്കുന്ന ഏകദിന പരമ്പരയിൽ സഞ്ജു മികച്ച പ്രകടനം പുറത്തെടുക്കും എന്നാണ് എബി ഡിവില്ലിയേഴ്‌സ് പറയുന്നത്.
സഞ്ജുവിന്റെ ബാറ്റിംഗ് തന്ത്രങ്ങൾ ദക്ഷിണാഫ്രിക്കൻ സാഹചര്യങ്ങൾക്ക് വളരെ യോജിച്ചതാണ് എന്ന് ഡിവില്ലിയേഴ്‌സ് പറയുന്നു. മറ്റു പല ബാറ്റർമാരും ദക്ഷിണാഫ്രിക്കൻ സാഹചര്യത്തിൽ വളരെയധികം ബുദ്ധിമുട്ടുമെങ്കിലും സഞ്ജുവിന്റെ ബാറ്റിംഗ് ശൈലി അവന് ഗുണകരമായി മാറും എന്നാണ് ഡിവില്ലിയേഴ്‌സിന്റെ വിലയിരുത്തൽ. ഇതുവരെയുള്ള സഞ്ജു സാംസന്റെ ഇന്ത്യൻ ടീമിലെ പ്രകടനങ്ങൾ കൂടി വിലയിരുത്തിയ ശേഷമാണ് ഡിവില്ലിയേഴ്‌സ് തന്റെ അഭിപ്രായം അറിയിച്ചിരിക്കുന്നത്. “സഞ്ജു സാംസൺ ടീമിലേക്ക് തിരികെയെത്തിയത് വലിയ സന്തോഷം നൽകുന്നുണ്ട്. ദക്ഷിണാഫ്രിക്കയിലെ വിക്കറ്റുകൾ സഞ്ജു സാംസണ് ആസ്വദിക്കാൻ സാധിക്കുന്നതാണ് എന്ന് ഞാൻ കരുതുന്നു.”- ഡിവില്ലിയേഴ്‌സ് പറഞ്ഞു.
“ദക്ഷിണാഫ്രിക്കൻ പിച്ചുകളില്‍ മികച്ച രീതിയിൽ ബാറ്റ് ചെയ്യാൻ സഞ്ജു സാംസൺ സാധിക്കുമെന്നാണ് എന്റെ വിശ്വാസം. ഇവിടെ പന്തുകൾക്ക് കുറച്ചധികം ബൗൺസും ചലനങ്ങളും ലഭിക്കും. അതിനാൽ തന്നെ ഇന്ത്യയുടെ എല്ലാ ബാറ്റർമാരും വലിയ പരീക്ഷണങ്ങൾക്ക് വിധേയമാവുക തന്നെ ചെയ്യും. എന്നാൽ സഞ്ജുവിനെ പോലെയുള്ള ഒരു താരം ഇവിടെ മികച്ച പ്രകടനം പുറത്തെടുക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. മാത്രമല്ല സഞ്ജു കീപ്പിങ്ങിലും ഇന്ത്യയ്ക്ക് വലിയ ഒരു ഓപ്ഷൻ നൽകുന്നുണ്ട്.”- ഡിവില്ലിയേഴ്‌സ് തന്റെ യൂട്യൂബ് ചാനലിൽ പറയുകയുണ്ടായി.
2021ൽ ശ്രീലങ്കക്കെതിരെയായിരുന്നു സഞ്ജു സാംസൺ തന്റെ അന്താരാഷ്ട്ര ഏകദിന കരിയർ ആരംഭിച്ചത്. എന്നാൽ പലപ്പോഴും ടീമിന് പുറത്തിരിക്കാനാണ് സഞ്ജുവിന്റെ വിധി. ഇതുവരെ 13 ഏകദിന മത്സരങ്ങളാണ് സഞ്ജു ഇന്ത്യക്കായി കളിച്ചിട്ടുള്ളത്. ഇതിൽ നിന്ന് 55 റൺസ് ശരാശരിയിൽ 390 റൺസ് സ്വന്തമാക്കാൻ സഞ്ജുവിന് സാധിച്ചിട്ടുണ്ട്. മൂന്ന് അർത്ഥ സെഞ്ചുറികളാണ് സഞ്ജു ഇന്ത്യക്കായി ഏകദിനങ്ങളിൽ നേടിയിട്ടുള്ളത്. ഡിസംബർ 10നാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം ആരംഭിക്കുന്നത്. ഡിസംബർ 17നാണ് ഏകദിന പരമ്പരക്ക് തുടക്കം കുറിക്കുന്നത്.