ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ട്വന്റി20 മത്സരത്തിലും തകർപ്പൻ സെഞ്ച്വറി നേടി മലയാളി താരം സഞ്ജു സാംസൺ. 47 പന്തുകളിലാണ് സഞ്ജു മത്സരത്തിൽ സെഞ്ച്വറി സ്വന്തമാക്കിയത്. ബംഗ്ലാദേശിനെതിരായ അവസാന ട്വന്റി20 മത്സരത്തിലും സഞ്ജു സെഞ്ച്വറി സ്വന്തമാക്കിയിരുന്നു. ഇതോടെ വലിയ ചരിത്രമാണ് സഞ്ജുവിന് സൃഷ്ടിക്കാൻ സാധിച്ചത്. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം തുടര്‍ച്ചയായി ടി20 സെഞ്ചുറി നേടുന്നത്.
7 ബൗണ്ടറികളും 10 സിക്സറുകളും അടങ്ങിയ കിടിലൻ ഇന്നിങ്സാണ് മത്സരത്തിൽ സഞ്ജു കളിച്ചത്. 50 പന്തില്‍ 107 റണ്‍സാണ് താരം നേടിയത്.ഓപ്പണിംഗിൽ തനിക്ക് ലഭിച്ച അവസരം അങ്ങേയറ്റം മികച്ച രീതിയിൽ ഉപയോഗിക്കാൻ മത്സരത്തിലും സഞ്ജുവിന് സാധിച്ചു.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്കായി ഓപ്പണറായാണ് സഞ്ജു സാംസൺ എത്തിയത്. തുടക്കത്തിൽ തന്നെ ആക്രമണ മനോഭാവം കാട്ടാനാണ് സഞ്ജു ശ്രമിച്ചത്. ഒരുവശത്ത് അഭിഷേക് ശർമ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയപ്പോൾ മറുവശത്ത് സഞ്ജു തന്റെ പൂർണ്ണമായ ഫ്ലോയിലേക്ക് ഉയരുകയായിരുന്നു. കൃത്യമായ ലൂസ് ബോളുകൾ കണ്ടെത്തി സിക്സർ പറത്താൻ പവർപ്ലേയിൽ തന്നെ സഞ്ജുവിന് സാധിച്ചു. 7 റൺസ് നേടിയ അഭിഷേക് ശർമ പുറത്തായിട്ടും നായകൻ സൂര്യകുമാറിനെ കൂട്ടുപിടിച്ച് പവർപ്ലെ ഓവറുകളിൽ സഞ്ജു വെടിക്കെട്ട് തീർക്കുകയായിരുന്നു.
മത്സരത്തിൽ 28 പന്തുകളിൽ നിന്നാണ് സഞ്ജു തന്റെ അർത്ഥസെഞ്ച്വറി പൂർത്തീകരിച്ചത്. രണ്ടാം വിക്കറ്റിൽ സൂര്യകുമാറുമൊപ്പം ചേർന്ന് 66 റൺസിന്റെ കൂട്ടുകെട്ടാണ് സഞ്ജു കെട്ടിപ്പടുത്തത്. അർധ സെഞ്ച്വറിയ്ക്ക് ശേഷവും ദക്ഷിണാഫ്രിക്കയുടെ ബോളർമാരെ പഞ്ഞിക്കിടാൻ സഞ്ജുവിന് സാധിച്ചു. ദക്ഷിണാഫ്രിക്കൻ സ്പിന്നർമാർക്കു മേൽ കൃത്യമായ ആധിപത്യം പുലർത്തിയാണ് സഞ്ജു ഇന്നിംഗ്സിലൂടനീളം മുൻപിലേക്ക് പോയത്. മറുവശത്ത് സൂര്യകുമാർ യാദവിനെ നഷ്ടപ്പെട്ടിട്ടും സഞ്ജു കുലുങ്ങിയില്ല. പതിനൊന്നാം ഓവറിൽ തന്നെ ഇന്ത്യയുടെ സ്കോർ 100 കടത്താനും സഞ്ജുവിന്റെ ഈ വെടിക്കെട്ട് ബാറ്റിംഗിന് സാധിച്ചു.
പിന്നീടും സഞ്ജുവിന്റെ പൂർണമായ ആക്രമണമാണ് മത്സരത്തിൽ കണ്ടത്. ഒരുവശത്ത് തിലക് വർമയെ കാഴ്ചക്കാരനാക്കി നിർത്തി സഞ്ജു കുതിക്കുകയായിരുന്നു. മത്സരത്തിൽ 47 പന്തുകളിലാണ് സഞ്ജു തന്റെ സെഞ്ച്വറി പൂർത്തീകരിച്ചത്. ഇന്നിംഗ്സിൽ 7 ബൗണ്ടരികളും 9 സിക്സറുകളും ഉൾപ്പെട്ടു. സഞ്ജുവിന്റെ ട്വന്റി20 കരിയറിലെ തുടർച്ചയായ രണ്ടാം സെഞ്ച്വറിയാണ് മത്സരത്തിൽ പിറന്നത്. മുൻനിരയിൽ സഞ്ജു എത്രമാത്രം മികച്ച താരമാണ് എന്ന് വിളിച്ചോതുന്ന സെഞ്ച്വറികളാണ് ഇരു മത്സരത്തിലും താരം നേടിയത്.