2025 ഇന്ത്യൻ പ്രീമിയർ ലീഗ് മാറ്റങ്ങളുടെ ഒരു ടൂർണമെന്റ് ആയിരിക്കും എന്നത് ഉറപ്പാണ്. പല ടീമുകളും വലിയ രീതിയിലുള്ള ഡീലുകൾക്ക് ശ്രമിക്കുന്നതായി വാർത്തകൾ പുറത്തുവരുന്നുണ്ട്. പല വമ്പൻ താരങ്ങളെയും മറ്റു ടീമുകൾ സ്വന്തമാക്കാൻ ശ്രമിക്കുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇപ്പോൾ മലയാളി താരം സഞ്ജു സാംസനെ പറ്റി പുറത്തുവന്നിരിക്കുന്ന വിവരങ്ങളാണ് വലിയ രീതിയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. കഴിഞ്ഞ സീസണുകളിൽ രാജസ്ഥാൻ റോയൽസിന്റെ വിശ്വസ്തനായിരുന്ന നായകനാണ് സഞ്ജു സാംസൺ. എന്നാൽ അടുത്ത സീസണിലേക്ക് രാജസ്ഥാൻ സഞ്ജുവിനെ നിലനിർത്തില്ല എന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. മാത്രമല്ല അടുത്ത സീസണിൽ സഞ്ജു ചെന്നൈ സൂപ്പർ കിംഗ്സ് ടീമിനായി കളിക്കുമെന്ന റൂമറുകളും വലിയ ശക്തമാണ്.
എന്നാൽ ഇതിനെ വളരെ ഹാസ്യാത്മകമായാണ് സഞ്ജുവിന്റെ ആരാധകർ നോക്കി കാണുന്നത്. മഹേന്ദ്രസിംഗ് ധോണി ടീമിൽ നിന്നും മാറുന്ന സാഹചര്യത്തിൽ സഞ്ജുവിനെ വിക്കറ്റ് കീപ്പറായി കൊണ്ടുവരാനാണ് ചെന്നൈ സൂപ്പർ കിംഗ്സിന്റെ തീരുമാനം എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പക്ഷേ ഇതിന് സാധ്യതകൾ വളരെ വിരളമാണ് എന്ന് ആരാധകർ പറയുന്നു. വലിയ ട്രേഡിലൂടെ സഞ്ജുവിനെ തങ്ങളുടെ ടീമിലെത്തിക്കാനാണ് ചെന്നൈ ശ്രമിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സഞ്ജുവിനെ ചെന്നൈ ടീമിന് നൽകുകയാണെങ്കിൽ, ചെന്നൈയുടെ സൂപ്പർതാരമായ ശിവം ദുബയെ തങ്ങൾക്ക് നൽകണം എന്നതാണ് രാജസ്ഥാൻ റോയൽസിന്റെ വ്യവസ്ഥ എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
എന്നാൽ ഇക്കാര്യത്തെ സംബന്ധിച്ച് ഇനിയും വ്യക്തതകൾ പുറത്തുവന്നിട്ടില്ല. കഴിഞ്ഞ സമയങ്ങളിൽ രാജസ്ഥാൻ റോയൽസ് ടീമിനായി മികച്ച പ്രകടനം തന്നെയായിരുന്നു സഞ്ജു സാംസൺ കാഴ്ചവച്ചത്. ടീമിനെ കിരീടത്തിൽ എത്തിക്കാൻ സാധിച്ചില്ലെങ്കിലും കൃത്യമായ രീതിയിൽ മികവ് പുലർത്താൻ താരത്തിന് കഴിഞ്ഞിരുന്നു.
മാത്രമല്ല നിലവിൽ രാജസ്ഥാനുള്ള ദക്ഷിണേന്ത്യൻ ആരാധകരൊക്കെയും സഞ്ജുവിന്റെ കൂടി ആരാധകരാണ്. സഞ്ജു ടീം വിട്ടു പോവുകയാണെങ്കിൽ അത് രാജസ്ഥാന്റെ ബ്രാൻഡ് വാല്യുവിനെയും ബാധിക്കാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ രാജസ്ഥാൻ സഞ്ജുവിനെ വിട്ടുനൽകുമോ എന്നത് കണ്ടറിയേണ്ടതാണ്.
മറുവശത്ത് ചെന്നൈയെ സംബന്ധിച്ച് വളരെ അടിയന്തരമായ സാഹചര്യമാണുള്ളത്. ഐപിഎല്ലിന്റെ തുടക്കം മുതൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ കീപ്പറും നായകനുമായിരുന്നു മഹേന്ദ്ര സിംഗ് ധോണി. എന്നാൽ ധോണി പടിയിറങ്ങുമ്പോൾ പകരക്കാരനെ കണ്ടെത്തുക എന്നത് ചെന്നൈയ്ക്ക് വളരെ ശ്രമകരമായ ദൗത്യമാണ്.
ചെന്നൈയെ സംബന്ധിച്ച് ഏറ്റവും അനുയോജ്യമായ ഓപ്ഷൻ കൂടിയാണ് സഞ്ജു സാംസൺ. സാധാരണയായി യുവതാരങ്ങളെ തങ്ങളുടെ ടീമിലെത്തിച്ച് മികവ് പുലർത്താൻ പാകത്തിന് വളർത്തിയെടുക്കുക എന്നതാണ് ചെന്നൈ ടീമിന്റെ ശൈലി. ഇത്തവണയും ചെന്നൈ ആ തന്ത്രം തന്നെയാവും പ്രയോഗിക്കുക. എന്തായാലും ഈ റൂമറുകളെ സംബന്ധിച്ചുള്ള വ്യക്തതകൾ ഇപ്പോഴും പുറത്തുവന്നിട്ടില്ല.