വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള മൂന്നാം ഏകദിനത്തിലും കൂറ്റന്‍ വിജയം നേടി ഇന്ത്യ. മഴ കാരണം 36 ഓവര്‍ ആക്കി ചുരുക്കിയ മത്സരത്തില്‍ ഇന്ത്യ 225 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിംഗില്‍ വിന്‍ഡീസ് 137 റണ്‍സിനു എല്ലാവരും പുറത്തായി. 119 റണ്‍സിന്‍റെ വിജയം നേടിയ ഇന്ത്യ ഏകദിന പരമ്പര തൂത്തു വാരി.
വിജയലക്ഷ്യവുമായി ഇറങ്ങിയ വിന്‍ഡീസിനു 9 ബോളിന്‍റെ ഇടവേളയില്‍ റണ്‍ ഒന്നും എടുക്കാതെ തന്നെ 2 വിക്കറ്റ് നഷ്ടമായി. ദീപക്ക് ഹൂഡ ആദ്യ ഓവര്‍ മെയ്ഡനാക്കിയപ്പോള്‍ രണ്ടാം ഓവറില്‍ ഇരട്ട വിക്കറ്റുമായി സിറാജ് ഇന്ത്യക്ക് മികച്ച തുടക്കം നല്‍കി. കെയ്ല്‍ മയേഴ്സ് (0) ബ്രൂക്ക്സ് (0) എന്നിവരാണ് സിറാജിന്‍റെ ആദ്യ 3 പന്തില്‍ പുറത്തായത്.
ഷായി ഹോപ്പിനൊപ്പമെത്തിയ ബ്രാണ്ടന്‍ കിംഗാണ് വിന്‍ഡീസിനെ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. ഇരുവരും ചേര്‍ന്ന് 47 റണ്‍സ് കൂട്ടുകെട്ട് സ്ഥാപിച്ചപ്പോള്‍ ഷായി ഹോപ്പിനെ മടക്കി ചഹലാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. പത്താം ഓവറില്‍ ചഹലിനെ ക്രീസില്‍ നിന്നും ചാടിയിറങ്ങി സിക്സ് അടിക്കാനുള്ള ശ്രമം പരാജയപ്പട്ടു. പന്ത് മിസ്സായപ്പോള്‍ സഞ്ചു സാംസണ്‍ മിന്നല്‍ വേഗത്തില്‍ സ്റ്റംപ് ചെയ്ത് പുറത്താക്കി. 33 പന്തില്‍ 22 റണ്‍സാണ് ഷായി ഹോപ്പ് നേടിയത്.
മൂന്നു മത്സരങ്ങളിലും ഇതോടെ കീപ്പിങ്ങില്‍ തിളങ്ങാന്‍ സഞ്ചുവിന് സാധിച്ചു. ആദ്യ മത്സരത്തില്‍ ഫുള്‍ ലെങ്ങ്ത് ഡൈവില്‍ ചാടി വൈഡ് രക്ഷപ്പെടുത്തിയത് ഏറെ നിര്‍ണായകമായിരുന്നു. രണ്ടാം മത്സരത്തില്‍ അതിന്‍റെ തനിയാവര്‍ത്തനം സംഭവിച്ചപ്പോള്‍ മൂന്നാം മത്സരത്തില്‍ തകര്‍പ്പന്‍ സ്റ്റംപിങ്ങോടെ മലയാളി താരം ശ്രദ്ധ നേടുകയാണ്.